- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൗതുകം ലേശം കൂടുതല! തന്റെ പ്രീതി അറിയാൻ വോട്ടിനിട്ട് വെട്ടിലായി മസ്‌ക് ; ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയണമെന്ന് സർവേ ഫലം; മസ്കിനെതിരെ വോട്ട് ചെയ്തത് 57 ശതമാനം പേർ; ഈ വോട്ടെടുപ്പിന്റെ ഫലം ഞാൻ പാലിക്കുമെന്ന് വാക്ക് മസ്‌ക് നിറവേറ്റുമോയെന്ന ആകാംഷയിൽ നെറ്റിസൺസും
വാഷിങ്ടൻ: ട്വിറ്റർ മേധാവി സ്ഥാനത്ത് നിന്ന് ഒഴിയണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നടത്തിയ വോട്ടെടുപ്പിനെ തുടർന്ന് വെട്ടിലായി ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക്.ടെസ്ല, സ്‌പേസ് എക്‌സ് കമ്പനികളുടെ സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയണമെന്ന് ട്വിറ്റർ സർവേ ഫലം.ട്വിറ്റർ വരിക്കാർക്കിടയിലെ സർവേയ്ക്ക് മസ്‌ക് തന്നെയാണു മുൻകൈയെടുത്തത്. ഫലം എന്തായാലും അതിനൊപ്പം നിൽക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
മസ്‌ക് ഒഴിയണമെന്ന് 57.5% പേർ വോട്ട് ചെയ്തപ്പോൾ 42.5% പേർ വേണ്ടെന്ന് വോട്ട് ചെയ്തു.ഇതോടെ മസ്‌ക് വാക്കുപാലിക്കമോ എന്ന് ആകാംഷയിലാണ് നെറ്റിസൺസ്.'ഞാൻ ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ?. ഈ വോട്ടെടുപ്പിന്റെ ഫലം ഞാൻ പാലിക്കും' എന്ന് തിങ്കളാഴ്ച പുലർച്ചെയാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. വോട്ടെടുപ്പ് വൈകിട്ടോടെ അവസാനിച്ചു. 17 ദശലക്ഷത്തിലധികം പേരാണ് വോട്ട് ചെയ്തത്.
Should I step down as head of Twitter? I will abide by the results of this poll.
- Elon Musk (@elonmusk) December 18, 2022
അഭിപ്രായ വോട്ടെടുപ്പ് ഫലം എന്തായാലും താൻ അംഗീകരിക്കുമെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. തീരുമാനങ്ങളെടുക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ട്വിറ്റർ ഉപയോക്താക്കളോട് നിർദേശിച്ചിരുന്നു. സർവേ ഫലം വന്നതോടെ മസ്‌കിന്റെ തുടർ നടപടി എന്താകുമെന്ന ആകാംക്ഷയിലാണ് ട്വിറ്റർ ലോകം.
തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് അഭിപ്രായ വോട്ടെടുപ്പ് സംബന്ധിച്ച് മസ്‌ക് ട്വീറ്റ് ചെയ്തത്. ഇന്ത്യൻ സമയം വൈകിട്ട് 4.30 വരെയായിരുന്നു വോട്ടെടുപ്പ് സമയം. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ പ്രമോട്ട് ചെയ്യുന്നതിനായി മാത്രം ഉപയോഗിക്കുന്ന ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നമെന്ന വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഫേസ്‌ബുക് , ഇൻസ്റ്റാഗ്രാം തുടങ്ങിയ സൈറ്റുകളിലേക്ക് നയിക്കുന്ന ലിങ്കുകൾ അടങ്ങുന്ന അക്കൗണ്ടുകളും നീക്കം ചെയ്യുമെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. പ്രധാന നയമാറ്റങ്ങൾ വരുമ്പോൾ വോട്ടെടുപ്പ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു..
ഒക്ടോബറിലാണ് ട്വിറ്ററിന്റെ തലവനായി മസ്‌ക് ചുമതലയേറ്റത്.സിഇഒ ആയി മസ്‌ക് ചുമതലയേറ്റത് മുതൽ വിവാദങ്ങളും പിന്തുടരുകയാണ്. വൻതോതിൽ പിരിച്ചുവിടലുകൾ ഉൾപ്പടെയുള്ള ട്വിറ്ററിന്റെ സമീപകാല നയമാറ്റങ്ങൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഏറ്റവും ഒടുവിലായി സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രമുഖ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചിരുന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയതോടെ അക്കൗണ്ടുകൾ തിരിച്ചെടുക്കുകയായിരുന്നു.
സർവേ ഫലം തിരിച്ചടിയായെങ്കിലും മസ്‌ക് ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുമോയെന്നതിൽ വ്യക്തതയില്ല. ട്വിറ്ററിന്റെ സിഇഒ ആയി അധികകാലം തുടരാൻ തനിക്ക് താത്പര്യമില്ലെന്ന് മസ്‌ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു . പകരം മറ്റൊരാളെ കണ്ടെത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ അടുത്ത തലവനെ കണ്ടെത്തിയിട്ടുണ്ടാകാമെന്ന ഒരു ഉപയോക്താവിന്റെ ട്വീറ്റിന് മറുപടിയായി, തനിക്ക് പിൻഗാമി ഉണ്ടാകില്ലെന്നും മസ്‌ക് കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ