- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി വീപ്പയിലാക്കിയ കേസ്; സൗരഭ് രജ്പുതിന്റെ ഭാര്യ ജയിലില്‍ പ്രസവിച്ചു; കുഞ്ഞിന്റെ പിതൃത്വം ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന വേണമെന്ന ആവശ്യവുമായി ഭര്‍തൃ വീട്ടുകാര്‍; സൗരഭിന്റെ മക്കളാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞാല്‍ മാത്രമേ കുഞ്ഞുങ്ങളെ ഏറ്റെടുക്കൂവെന്ന് കുടുംബം
സൗരഭ് രജ്പുതിന്റെ ഭാര്യ ജയിലില്‍ പ്രസവിച്ചു
മീററ്റ്: ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം നീല ഡ്രമ്മില്‍ ഒളിപ്പിച്ച കേസ് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. ഈകേസിലെ പ്രതിയായ മുസ്‌കാന്‍ ജയിലില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സൗരഭ് രജ്പുതിനെയാണ് ഭാര്യയായ മുസ്‌കാനും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. നവംബര്‍ 24-നായിരുന്നു കുഞ്ഞിന്റെ ജനനം.
കൊല്ലപ്പെട്ട സൗരഭിന്റെ ജന്മദിനം കൂടിയാണ് നവംബര്‍ 24 എന്നത് ശ്രദ്ധേയമാണ്. കുഞ്ഞിന് 'രാധ' എന്നാണ് മുസ്‌കാന്‍ പേരിട്ടിരിക്കുന്നത്. അതിനിടെ, കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന വേണമെന്ന ആവശ്യവുമായി സൗരഭിന്റെ കുടുംബം രംഗത്തെത്തി. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മുസ്‌കാനെ തിരികെ ജില്ലാ ജയിലിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
ആറു വയസ്സുവരെ കുട്ടിക്ക് അമ്മയോടൊപ്പം വനിതാ ബാരക്കില്‍ കഴിയാമെന്നും, കുഞ്ഞിനാവശ്യമായ വസ്ത്രം, പോഷകാഹാരം, ചികിത്സ എന്നിവ ജയില്‍ അധികൃതര്‍ നല്‍കുമെന്നും ജയില്‍ സൂപ്രണ്ട് വിരേഷ് രാജ് ശര്‍മ്മ വ്യക്തമാക്കി. ആണ്‍കുട്ടിയായിരുന്നെങ്കില്‍ 'കൃഷ്ണ' എന്ന് പേരിടാനായിരുന്നു മുസ്‌കാന്‍ തീരുമാനിച്ചിരുന്നതെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സൗരഭിന്റെ സഹോദരന്‍ രാഹുലാണ് ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കാമുകന്‍ സാഹില്‍ ശുക്ലയുമായി ചേര്‍ന്ന് മുസ്‌കാന്‍ സൗരഭിനെ കൊലപ്പെടുത്തി സിമന്റ് നിറച്ച ഡ്രമ്മില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. മുസ്‌കാന്റെ മൂത്ത മകളുടെയും ഇപ്പോള്‍ ജനിച്ച കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധിക്കണമെന്നും, സൗരഭിന്റെ മക്കളാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞാല്‍ മാത്രമേ ഇവരെ ഏറ്റെടുക്കൂ എന്നും രാഹുല്‍ പറഞ്ഞു.
അല്ലെങ്കില്‍ ഇവരുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും സൗരഭിന്റെ അമ്മ രേണു രജ്പുതും വ്യക്തമാക്കി. മുസ്‌കാന്‍ അതിബുദ്ധിമതിയാണെന്നും കുട്ടികള്‍ക്ക് ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്നും രാഹുല്‍ ആരോപിച്ചു. സൗരഭിന്റെ ജന്മദിനത്തില്‍ തന്നെ കുഞ്ഞ് ജനിച്ചത് ആസൂത്രിതമാണെന്ന ആരോപണം ഡോക്ടര്‍മാര്‍ തള്ളി. പ്രസവം സ്വാഭാവികമായിരുന്നുവെന്നും തീയതി മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയില്ലെന്നും ലാലാ ലജ്പത് റായ് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് 4-നായിരുന്നു കേസിനാസ്പദമായ സംഭവം. സൗരഭിനെ മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയും, മൃതദേഹം വെട്ടിനുറുക്കി സിമന്റ് നിറച്ച ഡ്രമ്മിലാക്കുകയുമായിരുന്നു. കാമുകനുമായുള്ള ബന്ധത്തിന് തടസ്സമായതിനാലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.




