ന്യൂഡല്‍ഹി: ഡൊണാള്‍ട് ട്രംപിന്റെ ഭരണകൂടത്തില്‍ നിര്‍ണായക റോളുള്ള ഇലോണ്‍ മസ്‌ക്കിന്റെ കമ്പനിയുമായി നിര്‍ണായക കരാറില്‍ ഏര്‍പ്പെട്ട് എയര്‍ടെല്‍. സ്‌പേസ് എക്‌സുമായി കരാര്‍ ഒപ്പിട്ട് എയര്‍ടെല്‍ ഇന്ത്യയില്‍ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനത്തിന് വഴിയൊരുക്കുകയാണ്. സ്‌പേസ് എക്‌സുമായി ഇന്ത്യയില്‍ ഒപ്പുവയ്ക്കുന്ന ആദ്യ കരാറാണിത്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് സ്റ്റാര്‍ലിങ്കിന്റെ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്തിക്കുന്നതിനായാണ് കരാര്‍. ലോകോത്തര നിലവാരമുള്ള ഹൈ സ്പീഡ് ബ്രോഡ്ബാന്‍ഡ് എല്ലായിടത്തും എത്തിക്കാനാണ് ശ്രമം എന്ന് എയര്‍ടെലിന്റെ മാനേജിങ് ഡയറക്ടറും വൈസ് ചെയര്‍മാനുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു.

ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിനു വഴിയൊരുക്കുന്ന നിര്‍ണായക ചുടവുവയ്പ്പ് എന്നാണ് എയര്‍ടെല്‍ അവകാശപ്പെടുന്നത്. നിയമപരമായ അനുമതി ലഭിച്ച ശേഷമാകും സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനം ആരംഭിക്കുക. നരേന്ദ്ര മോദിയും ഇലോണ്‍ മസ്‌കും കൂടിക്കാഴ്ച നടത്തി ആഴ്ചകള്‍ക്കുള്ളിലാണ് നിര്‍ണായക ചുവടുവയ്പ്പ്.

കഴിഞ്ഞ വര്‍ഷം സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിടുന്നതായി സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി യുഎസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്‌ക് കൂടിക്കാഴ്ചയും നടത്തി. സ്റ്റാര്‍ലിങ്ക് ഇതിനകം 56ലധികം രാജ്യങ്ങളിലേക്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ആക്സസ് കവറേജ് നല്‍കുന്നുണ്ട്.

സ്ട്രീമിങ്, ഓണ്‍ലൈന്‍ ഗെയിമിങ്, വിഡിയോ കോളുകള്‍ എന്നിവയും മറ്റും പിന്തുണയ്ക്കാന്‍ കഴിവുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കുന്നതിനു ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഉപഗ്രഹസമൂഹമാണ് സ്റ്റാര്‍ലിങ്ക്.

ഇന്റര്‍നെറ്റ് സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്റ്റാര്‍ലിങ്കിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്പേസ് എക്സ്. ബിസിനസുകള്‍ക്ക് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് പുറമെ, ഗ്രാമീണമേഖലകളിലെ സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ഉള്‍പ്രപ്രദേശങ്ങളിലേക്ക് ഉള്‍പ്പടെ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് സ്റ്റാര്‍ലിങ്ക് ഉപയോഗിക്കാനും എയര്‍ടെല്‍ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. ഇരു കമ്പനികളും തമ്മിലുള്ള സഹകരണം സംബന്ധിച്ചും തീരുമാനമാകേണ്ടതുണ്ട്.

സാറ്റലൈറ്റ് ഇന്റര്‍നെറ്റിനായി എയര്‍ടെല്‍ നിലവില്‍ യൂട്ടെല്‍സാറ്റ് വണ്‍വെബുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാര്‍ലിങ്കുമായുള്ള പങ്കാളിത്തം ഇന്റര്‍നെറ്റ് എത്തിയിട്ടില്ലാത്ത ഉള്‍പ്രദേശങ്ങളിലേക്കുള്‍പ്പടെ പ്രവര്‍ത്തനം വികസിപ്പിക്കാന്‍ എയര്‍ടെല്ലിനെ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം മുകേഷ് അംബാനിയുടെ ഏറ്റവും വലിയ ബിസിനസുകളിലൊന്നായ ഡിജിറ്റല്‍ സര്‍വീസിലാണ് ട്രംപിന്റെ വിശ്വസ്തനായ മസ്‌ക് എത്തുന്നത്. അംബാനിയുടെ ജിയോ പ്ലാറ്റ്‌ഫോംസിന് 500 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് കുറഞ്ഞ നിരക്കില്‍ എത്തിയാല്‍ ജിയോക്ക് അത് ഉയര്‍ത്തുന്ന ഭീഷണിയും വലുതായിരിക്കും. സ്റ്റാര്‍ലിങ്കിന്റെ കടന്നുവരവ് ടെലിക്കോം രംഗത്ത് പുതിയ മത്സരത്തിന് വഴിയൊരുക്കുമെന്നാണ് കണക്കുകൂട്ടല്‍.