കോഴിക്കോട്: ലോകത്തിലെ ഏറ്റവും ലാഭമുള്ള ബിസിനസാണ് രാഷ്ട്രീയം എന്നാണ് പറയുക. രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനുശേഷം ആസ്തി കോടികളായി വര്‍ധിച്ച നേതാക്കളെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ നാല് പതിറ്റാണ്ടോളം രാഷ്ട്രീയത്തില്‍ നിറഞ്ഞ് നില്‍ക്കയും, രണ്ടുതവണ മന്ത്രിയാവുകയും ചെയ്ത ഒരു മനുഷ്യന്‍ സ്വന്തം വീടുപോലും വിറ്റുപോവുന്ന കടക്കെണിയില്‍ ആവുക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ഡോ എം കെ മുനീറിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്, അതാണ്.

നേരത്തെ പാലോളി മുഹമ്മദ് കുട്ടി, പി കെ ഗുരുദാസന്‍ തുടങ്ങിയ സിപിഎം നേതാക്കള്‍ക്കൊക്കെയാണ്, രാഷ്ട്രീയത്തിലിറങ്ങി ഒന്നും സമ്പാദിക്കാത്തവരായി നാം കണ്ടത്. എന്നാല്‍ മുസ്ലീം ലീഗ് രാഷ്ട്രീയത്തിലെ അത്യപൂര്‍വമായ ഒരു പാപ്പരാകലാണ് ഇവിടെ കണ്ടത്. മുനീറിന്റെ പിതാവ് സി എച്ച് മുഹമ്മദ്കോയ മുന്‍ ഉപമുഖ്യമന്ത്രിയും, കേരള രാഷ്ട്രീയത്തിലെ അതികായന്‍മാരില്‍ ഒരാളുമായിരുന്നു. അദ്ദേഹത്തിന്റെ വസതിയായ കോഴിക്കോട് കിഴക്കേ നടക്കാവിലെ ക്രെസന്റ് ഹൗസ് എന്ന വീടിനാണ് മുനീറിന് 58 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യതയുള്ളത്. ഇത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 48 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു. പക്ഷേ ഇതും അദ്ദേഹത്തിന് അടച്ചു തീര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഈ മാസം മാര്‍ച്ച് 31ന് മുമ്പ് ബാധ്യത തീര്‍ത്തില്ലെങ്കില്‍ ജപ്തി അടക്കമുള്ള നടപടിയിലേക്ക് പോവേണ്ടി വരുമെന്ന് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പക്ഷേ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുനീറിനെ കൈവിടില്ല. എന്ത് വിലകൊടുത്തും ഈ ബാധ്യത പരിഹരിക്കുമെന്നാണ് അവരുടെ തീരുമാനം. ഇത്തവണ എംഎല്‍എയാവാന്‍ സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും, മുനീറിന് രാജ്യസഭാ സീറ്റ് നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.

അത് സിഎച്ചിന്റെ വീട്

ലീഗ് പ്രവര്‍ത്തകരെ സംബന്ധിച്ച് വികാരഭരിതമായ ഒരു ഓര്‍മ്മയാണ്. സി എച്ച് മുഹമ്മദ് കോയ പണിത, കോഴിക്കോട് നടക്കാവിലെ ക്രെസന്റ് ഹൗസ് എന്ന വീട്. സി എച്ചിന്റെ ഖബറിടത്തോട് ചേര്‍ന്നുള്ള ക്രെസന്റ് ഹൗസ് ലീഗിന്റെ പല നിര്‍ണായക തീരുമാനങ്ങള്‍ക്കും വേദിയായ ഇടം കൂടിയാണ്. മുനീറിന്റെ പിതാവ് സി എച്ച് മരിക്കുമ്പോഴും കടബാധ്യതകള്‍ ഉണ്ടായിരുന്നു. അന്ന് പാര്‍ട്ടി ഇടപെട്ടാണ് കടങ്ങള്‍ തീര്‍ത്തത്. ഈ വീട് മുനീര്‍ പുതുക്കി പണിയുകയായിരുന്നു. അതിന് എടുത്ത വായ്പ്പയാണ് ബാധ്യതയായത്.

നേരത്തെ കോഴിക്കോട് ജാഫര്‍ ഖാന്‍ കോളനിയിലെ മുനീറിന്റെ മറ്റൊരു വീടും ജപ്തി ഭീഷണി നേരിട്ടിരുന്നു. തുടര്‍ന്ന് വില്‍പന നടത്തിയാണ് ഇതിന്റെ ബാധ്യത തീര്‍ത്തത്. വര്‍ഷങ്ങള്‍ക്കുശേഷം മുനീറിന്റെ മറ്റൊരു വീടും സമാനാവസ്ഥയില്‍ ആയിരിക്കുകയാണ്. 2021-ലെ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന്റെ ഭാഗമായി നല്‍കിയ സ്വത്തുവിവരങ്ങളുടെ അടിസ്ഥാനത്തില്‍ 4,34,25,895 രൂപയുടെ ആസ്തിയാണ് എം കെ മുനീറിനുള്ളത്. 11 കേസുകളാണ് നേരിടുന്നതെന്നും എം കെ മുനീര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 92,00,000 രൂപയുടെ ബാധ്യതകളുമുണ്ടെന്ന് എംകെ മുനീര്‍ 2021-ല്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യാവിഷനിലൂടെ കോടികള്‍

രാഷ്ട്രീയത്തിന് പുറമെ ഡോക്ടര്‍, എഴുത്തുകാരന്‍, ഗായകന്‍, കാര്‍ട്ടൂണിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വാര്‍ത്താ ചാനല്‍ എന്ന സ്വപ്നത്തിന് പിറകെ പോയതിന്റെ പേരില്‍ മുനീറിന് വന്‍ ബാധ്യതയാണ് ഉണ്ടായത്. ഇന്ത്യാവിഷന്‍ എന്ന ടെലിവിഷന്‍ ചാനല്‍ കേരള മാധ്യമ രംഗത്ത് വിപ്ലവം തീര്‍ത്തുവെങ്കിലും അത് സാമ്പത്തികമായി വിജയിച്ചില്ല. ചാനലുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധികളും അദ്ദേഹത്തെ ബാധിച്ചിരുന്നു. ഇന്ത്യാവിഷന്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ഒരു ചെക്ക് കേസില്‍ 2.6 കോടി രൂപ പിഴയായി നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

ചാനല്‍ അടച്ചുപൂട്ടിയതിനുശേഷം അദ്ദേഹത്തിന്റെ പേരില്‍ ചെക്ക് കേസുകള്‍ വന്നുകൊണ്ടിരുന്നു. തനിക്ക് ഒരു പബ്ലിഷിംഗ് ഹൗസും വളാഞ്ചേരിയില്‍ ഒരു ആശുപത്രിയും ഉണ്ടെങ്കിലും അവയില്‍ നിന്ന് നിലവില്‍ വരുമാനമൊന്നുമില്ലെന്ന് മുനീര്‍ വ്യക്തമാക്കിയിട്ടുണ്ട്. എം.എല്‍.എ ശമ്പളം കൊണ്ട് മാത്രം ജീവിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു മോശം ബിനിസുകാരനാണ് മുനീര്‍ എന്നാണ് അദ്ദേഹത്തെ അറിയുന്നവര്‍ പറയുന്നത്. പലരും അദ്ദേഹത്തെ പറ്റിച്ചുവെന്നും കേള്‍ക്കുന്നുണ്ട്.

1991-ലാണ് മുനീര്‍ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെത്. നിലവില്‍ കൊടുവള്ളി മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. മുന്‍പ് മലപ്പുറം, കോഴിക്കോട് സൗത്ത് എന്നീ മണ്ഡലങ്ങളില്‍ നിന്നുംതിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2001-2006 കാലഘട്ടത്തില്‍ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു മുനീര്‍. അക്കാലത്ത് അദ്ദേഹം നിര്‍ദേശിച്ച എക്സ്പ്രസ് വേ നടപ്പായിരുന്നെങ്കില്‍ അത് കേരളത്തിന്റെ മുഖഛായ മാറ്റുമായിരുന്നു. 2011-2016 കാലഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ സാമൂഹ്യക്ഷേമ, പഞ്ചായത്ത് വകുപ്പ് മന്ത്രിയായി. കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പിലാക്കുന്നതില്‍ മുനീര്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായി (2017-2021) അദ്ദേഹം സേവനമനുഷ്ഠിച്ചു. മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.

കടം വീട്ടാനായി പ്രവര്‍ത്തകര്‍ രംഗത്ത്

അതിനിടെ കഴിഞ്ഞ വര്‍ഷം മുനീര്‍ അസുഖബാധിതനായി. 2025 സെപ്റ്റംബറില്‍ രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമായ വിധം താഴ്ന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് സുഖം പ്രാപിക്കുകയും ഒക്ടോബറോടെ ആശുപത്രി വിടുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും അദ്ദേഹത്തിന്റെ ശരീരം അവശ നിലയിലേക്ക് മാറിയിരുന്നു. പഴയ ഫോട്ടോയിലെ ഊര്‍ജസ്വലനായ ആ രൂപമല്ല ഇപ്പോഴുള്ളത്.

മുസ്ലീം ലീഗില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ കടുത്ത എതിരാളിയായിട്ടാണ് എം കെ മുനീര്‍ അറിയപ്പെട്ടിരുന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഐസ്‌ക്രീം പാര്‍ലര്‍ കേസ് മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ കുത്തിപ്പൊക്കിയതും വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ തമ്മില്‍ പഴയ പ്രശ്നമില്ല. പക്ഷേ രോഗം മുതലെടുത്ത് മുനീറിന് ഇത്തവണ സീറ്റ് നിഷേധിച്ചതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടി വിഭാഗമാണെന്ന് ആരോപണമുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ, മുനീറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ള മുനീറിന് ഇത്തവണ സീറ്റ് നല്‍കരുതെന്നും, മുനീര്‍ ഇത്തവണ മത്സര രംഗത്തുനിന്ന് മാറിനില്‍ക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രചാരണം.

63കാരനായ മുനീറാവട്ടെ സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തനാണെങ്കിലും പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞില്ല. അതിനിടെയാണ് വീട് ജപ്തിചെയ്യുന്ന വിവരം വാര്‍ത്തയാവുന്നത്. ആരെയും ദ്രോഹിച്ചിട്ടില്ലെന്നും, ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിന് പാര്‍ട്ടി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന വാദം ശരിയല്ലെന്നുമാണ് അപ്പോഴും മുനീര്‍ വ്യക്തമാക്കിയത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ സ്വന്തം ആരോഗ്യം ശ്രദ്ധിച്ചിരുന്നില്ലെന്നും, കടം വീട്ടാന്‍ പാര്‍ട്ടി ഇടപെടണമെന്ന വാദത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറയുന്നത്.

എന്നാല്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കടം വീട്ടാനായി രംഗത്തെത്തിയിട്ടുണ്ട്. എംകെ മുനീറിന്റെ വീട് നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹത്തെയും കുടുംബത്തെയും അവസാന ശ്വാസം വരെ അന്തസ്സോടെ സംരക്ഷിക്കുമെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും കോഴിക്കോട് സൗത്ത് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ അഡ്വ. ഫൈസല്‍ ബാബു പ്രതികരിച്ചു. -'മുനീര്‍ സാഹിബിന്റെ സങ്കടം നമ്മളുടേത് കൂടെയാണ്,ആ സങ്കടം അവശേഷിക്കാന്‍ നമ്മള്‍ അനുവദിക്കില്ല. ക്രസന്‍ന്റ് ഹൗസ് എന്നത് ഡോ എംകെ മുനീര്‍ സാഹിബിന്റെ മാത്രം വീടല്ല, അത് നമ്മള്‍ ഒരോരുത്തരുടെയും വീടാണ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലികുട്ടി സാഹിബും ലക്ഷോഭ ലക്ഷം അണികളും നേതൃത്വം നല്‍കുന്ന ഈ പാര്‍ട്ടി മുനീര്‍ സാഹിബിനെയും കുടുംബത്തെയും അവസാന ശ്വാസം വരെ അന്തസ്സോടെ സംരക്ഷിക്കും. വീട് നഷ്ടപ്പെടുക എന്നല്ല 'വീട് നഷ്ടപ്പെടും' എന്ന ചര്‍ച്ചക്ക് പോലും ഇനി പ്രസക്തിയില്ല. പിതാവിന്റെ പാതയില്‍ കറകളഞ്ഞ പൊതു പ്രവര്‍ത്തകാനാണ് പ്രിയപ്പെട്ട മുനീര്‍ക്ക'. - അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഇതോടെ നിരവധി പ്രവര്‍ത്തകരും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തുടങ്ങി. പാര്‍ട്ടി നേതൃത്വവും മുനീറിനെ ബന്ധപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ അദ്ദേഹത്തെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.