- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഋതുമതിയായ മുസ്‌ലിം പെൺകുട്ടിക്ക് വിവാഹിതയാവാം; ഡൽഹി ഹൈക്കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് മുസ്‌ലിം സംഘടനകൾ; വിവാഹപ്രായം കുറയ്ക്കാൻ ആവുമോയെന്നും ആലോചനകൾ; വിധി അനുചിതമെന്നും സമുദായ പുരോഗതിക്കു വിലങ്ങുതടിയാവുമെന്നും പുരോഗമനവാദികളും
കോഴിക്കോട്: ഋതുമതിയായാൽ പ്രായം പ്രശ്നമല്ല, വിവാഹിതയാവാം എന്നതാണ് മുസ് ലിം ശറഅ് (ഇസ് ലാം മതത്തിലെ വിധിവിലക്കുകൾ) അനുശാസിക്കുന്നത്. അതിനോട് ഏറെക്കുറെ അടുത്തു നിൽക്കുന്ന ഒരു വിധിയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇന്നലെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ആ വിധി പ്രസ്താവിക്കാനുള്ള കാര്യകാരണങ്ങൾ അക്കമിട്ട് വിധി പറഞ്ഞ ന്യായാധിപൻ നിരത്തിയിരുന്നു.
ഇപ്പോൾ കോടതിയും നമ്മൾ പറഞ്ഞ വഴിയിലേക്കു എത്തുകയാണെന്നാണ് മുസ്‌ലിം സംഘടനാ നേതൃത്വങ്ങളിൽ നിന്ന് വളരെ സ്വകാര്യമെന്നോണം എത്തുന്ന സംസാരം. ശറഅ് അനുശാസിക്കുന്ന വിധി വിലക്കുകൾ അനുസരിച്ച് വിശ്വാസികൾ ജീവിക്കണമെന്നതാണ് ഇസ് ലാം മതത്തിന്റെ കാഴ്ചപ്പാട്. ഹറാമും ഹലാലും (അനുവദനീയമായതും വിലക്കപ്പെട്ടതും) എല്ലാം ഇതിന്റെ അടിസ്ഥാനത്തിലാണ് നിർണയിച്ചിരിക്കുന്നത്.
പതിനൊന്നു വയസായാലും പന്ത്രണ്ട് വയസായാലും ഒരു പെൺകുട്ടി എപ്പോഴാണ് ഋതുമതിയാവുന്നത് അതിന് ശേഷം ആർക്കും ആ പെൺകുട്ടിയെ വിവാഹം കഴിച്ചുകൊടുക്കാമെന്നാണ് ശറഅ് നിയമം അനുശാസിക്കുന്നത്. എന്നാൽ വിധി വന്നതോടെ വിവാഹ പ്രായം ഇതിന്റെ ബലത്തിൽ എങ്ങനെ കുറയ്ക്കാൻ സാധിക്കുമെന്നാണ് സമസ്തയുടെ നേതൃത്വം ഉൾപ്പെടെയുള്ളവർ ഇപ്പോൾ ആരായുന്നത്. മതസംഘടനകളുമായി ബന്ധപ്പെട്ട ചിലർ തങ്ങൾക്ക് നിയമ സഹായം നൽകുന്ന അഭിഭാഷകരോട് വിധിയുടെ പകർപ്പ് ലഭ്യമായാൽ അത് ഇഴകീറി പരിശോധിച്ച് നാട്ടിൽ നടക്കുന്ന വിവാഹങ്ങളിലും പതിനെട്ട് വയസെന്നത് കുറഞ്ഞുകിട്ടാൻ വല്ല പഴുതും വിധിയിൽനിന്നു കണ്ടെത്താനാവുമോയെന്നു വിശദമായി പരിശോധിക്കാനും നിർദ്ദേശം നൽകിയിരിക്കയാണ്.
രാജ്യത്ത് ശൈശവ വിവാഹം വർധിക്കുകയും ബാല വിധവകളുടെ ദുരിതം പറഞ്ഞറിയിക്കാനാവാത്തതാവുകയും പെൺകുട്ടികളുടെ വിദ്യാഭ്യാസവും സ്വന്തം കാലിൽ ഉയരുകയെന്നത് സാധ്യമാക്കാനുമായിരുന്നു വിവാഹ പ്രായം ഉയർത്തിക്കൊണ്ട് നിയമ നിർമ്മാണം നടത്തിയത്. ഏതൊരു സമൂഹത്തിലെയും വികസിതമായ വ്യവസ്ഥയിലെ സ്വപ്നങ്ങളെല്ലാം എത്തിപ്പിടിക്കുന്നതിന് ഇത്തരം ബാല വിവാഹങ്ങൾ വിലങ്ങുതടിയാവുന്നത് മുന്നിൽ കണ്ടായിരുന്നു രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളായ ഉൽപതിഷ്ണുക്കളും ദീർഘവീക്ഷണമുള്ളവരുമായ മുൻതലമുറ വിവാഹ പ്രായം പെൺകുട്ടികൾക്ക് ചുരുങ്ങിയത് പതിനെട്ടായി നിശ്ചയിച്ചത്. എന്നിട്ടും കേരളം ഉൾപ്പെടെയുള്ള പുരോഗമനം നിറഞ്ഞ സംസ്ഥാനങ്ങളിൽപോലും പതിനാറിലും പതിനേഴിലുമെല്ലാം വിവാഹം ഉറപ്പിച്ച് പതിനെട്ട് തികയുന്ന അതേ ആഴ്ചതന്നെ കല്ല്യാണം നടത്തുന്ന എത്രയോ കേസുകൾ പ്രത്യേകിച്ചും മലബാർ മേഖലയിൽനിന്നു ഉണ്ടാവുന്നുണ്ട്.
ഇന്ന് കേരളത്തിൽ വിദ്യാഭ്യാസപരമായ ഏറെ ഉന്നതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ജില്ലകളിൽ ഒന്നാണ് മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുള്ള മലപ്പുറം. മലബാറിൽ ഇന്നു പൊതുവിൽ കാണുന്ന അവസ്ഥ പെൺകുട്ടികൾ ഉയർന്ന വിദ്യാഭ്യാസം നേടുന്നതാണ്. ഇത് സാധ്യമാക്കിയത് ഇവിടുത്തെ മുസ് ലിം സംഘടനകളും അവർക്കായി ശബ്ദിക്കുന്നവരെന്നു അവകാശപ്പെടുന്ന മുസ് ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ആയിരുന്നില്ല.
കേന്ദ്ര സർക്കാർ തലത്തിൽ പതിറ്റാണ്ടുകൾക്ക് മുൻപ് സ്വീകരിച്ച നട്ടെല്ലുള്ള നടപടിയുടെ ഗുണഫലമായിരുന്നു. ഇന്ന് പെൺകുട്ടികൾക്ക് അവർ ആരായിത്തീരണമെന്ന ബോധ്യമുണ്ട്. വിവാഹം എപ്പോഴാണ് വേണ്ടതെന്നും വേണ്ടാത്തതെന്നും പറയാനുള്ള ചങ്കുറപ്പുണ്ട്. ഇതൊന്നും പൗരോഹിത്യത്തിന് പഥ്യമുള്ള കാര്യമല്ല. എന്നിട്ടും ഇവർ ഉന്നത വിദ്യാഭ്യാസം നേടുക മാത്രമല്ല, അതിൽ മികച്ച രീതിയിൽ വിജയം കരസ്ഥമാക്കുകകൂടി ചെയ്തിരിക്കുന്ന കാലത്താണ് ഇപ്പോൾ ഋതുമതിയായ മുസ് ലിം പെണ്ണിന് ആരുടെയും അനുവാദമില്ലാതെ ആരെ വേണമെങ്കിലും വിവാഹം കഴിക്കാമെന്ന കോടതി വിധിയുണ്ടായിരിക്കുന്നത്. വിധി ഏതു സാഹചര്യത്തിലായാലും രാജ്യത്തെ മുസ് ലിം സമുദായത്തിനിടയിൽ പുരോഗതിക്കു വിലങ്ങുതടിയാവുന്ന രീതിയിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ഈ വിധിയെ അനുചിതമെന്ന് വിലയിരുത്തുന്നവർ പറയുന്നത്.
ഡൽഹി കോടതിയിലെ ന്യായാധിപൻ വിധിപറഞ്ഞിരിക്കുന്നത്. ബിഹാറിൽനിന്നുള്ള ദമ്പതികളുടെ കേസ് തന്റെ മുന്നിൽ എത്തിയ സാഹചര്യത്തിലാണ്. പെൺകുട്ടിയുടെ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു 15 വയസുള്ള പെൺകുട്ടിയെ കാമുകനായ യുവാവ് വിവാഹം കഴിച്ചത്. താമസിയാതെ ഗർഭിണിയുമായി. എന്നാൽ യുവാവിനെതിരേ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ കേസിലാണ് വിവാഹിതയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അതിനെതിരേ പോക്‌സോ കേസ് നിലനിൽക്കില്ലെന്ന് വിധിയുണ്ടായിരിക്കുന്നത്.
പെൺകുട്ടിക്ക് തന്റെ ഭാർത്താവിനൊപ്പം കഴിയാമെന്നും കോടതി വിധിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ ഉപരി പഠനം പൂർത്തീകരിക്കാൻ വിവാഹ പ്രായം രാജ്യത്ത് 18ൽ നിന്ന് 21 ആക്കി ഉയർത്താൻ ചർച്ച നടക്കുന്ന കാലത്താണ് ഇത്തരത്തിൽ ഒരു വിധിയുണ്ടായിരിക്കുന്നത്. നിയമം മൂലം ഇന്ത്യയിൽ പെൺകുട്ടിയുടെ വിവാഹ പ്രായം 18 ആണെങ്കിലും നടക്കുന്ന വിവാഹങ്ങളിൽ നാലിലൊന്ന് ഇന്നും 18 വയസിന് മുൻപാണെന്നാണ് ദേശീയ കുടുംബാരോഗ്യ സർവേയിൽ വ്യക്തമായിരിക്കുന്നത്. കേരളത്തിലും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ വിവാഹങ്ങൾ നിയമം ശക്തമായിരിക്കേ തന്നെ നടന്നുവരുന്നുണ്ട്. മിക്കപ്പോഴും പരാതിക്കാരില്ലാത്തതിനാലാണ് പുറത്തറിയാത്തത്. ചില സംഭവങ്ങളിൽ പൊലിസ് കേസെടുത്തതായും വാർത്തകൾ വന്നിട്ടുണ്ട്.