- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാജ്യത്ത് ഉന്നത വിദ്യാഭ്യാസത്തിൽ മുസ്ലിംങ്ങൾ പിന്നോട്ട്; പട്ടികജാതി, പട്ടികവർഗങ്ങളും പിന്നാക്ക വിഭാഗങ്ങളും നേട്ടമുണ്ടാക്കിയപ്പോഴും മുസ്ലിംങ്ങൾ പിറകിൽ; ഏറ്റവും പിന്നോക്കം പോയത് യു.പിയിൽ; ആകെ മുന്നേറ്റം കേരളത്തിൽ മാത്രം; കേരളത്തിൽ 43 ശതമാനം മുസ്ലിം വിദ്യാർത്ഥികളും ഉന്നതവിദ്യാഭ്യാസം നേടുന്നു; സർവേ റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ മുസ്ലിംകൾ വളരെ പിന്നാക്കം പോയതായി സർവേ റിപ്പോർട്ട്്. ഉന്നതവിദ്യാഭ്യാസം നേടുന്ന മുസ്ലിം വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവും വരുന്ന എന്നതാണ് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്. എട്ട് ശതമാനത്തോളമാണ് ഇടിവുണ്ടായത്. പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളെല്ലാം മുന്നേറ്റമുണ്ടാക്കിയപ്പോഴാണ് മുസ്ലിംകൾ പിന്നോട്ടുപോയത്.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ആൾ ഇന്ത്യ സർവേ ഓൺ ഹയർ എജുക്കേഷൻ (AISHE) പുറത്തുവിട്ട 2020-21 വർഷത്തെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികൾ പോലും ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ മുന്നിലെത്തിയപ്പോഴാണ് മുസ്ലിം സമുദായം പിന്നോക്കം പോയിരിക്കുന്നത്. അവിടെയും കേരളം മാത്രമാണ് മികവു പുലർത്തിയിരിക്കുന്നത്.
2020-21 വർഷത്തിൽ ഉന്നതവിദ്യാഭ്യാസം നേടിയ എസ്.സി വിഭാഗം വിദ്യാർത്ഥികളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 4.2 ശതമാനം വർധനവുണ്ടായി. എസ്.ടി വിഭാഗത്തിൽ 11.9 ശതമാനവും ഒ.ബി.സിയിൽ നാല് ശതമാനവുമാണ് വർധനവുണ്ടായത്. എന്നാൽ, ഇതേ കാലയളവിലാണ് മുസ്ലിം വിദ്യാർത്ഥികളുടെ എണ്ണത്തിൽ എട്ട് ശതമാനത്തിന്റെ കുറവുണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതം മുസ്ലിം വിഭാഗത്തെ എത്രത്തോളം സാമ്പത്തികമായി ബാധിച്ചെന്നതിന്റെ കൂടി പ്രതിഫലനമാണിതെന്നാണ് വിലയിരുത്തൽ. വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരാതെ തൊഴിൽ മേഖലകളിലേക്ക് പ്രവേശിക്കാൻ നിർബന്ധിതരായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടപ്പെടുന്നു.
രാജ്യത്ത് ആകെ ജനസംഖ്യയുടെ 14.2 ശതമാനമാണ് മുസ്ലിംകൾ. എന്നാൽ, ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്ന വിദ്യാർത്ഥികളിൽ 4.6 ശതമാനം മാത്രമാണ് മുസ്ലിം വിദ്യാർത്ഥികൾ. യു.പിയിലാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്ന മുസ്ലിം വിദ്യാർത്ഥികളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് വൻ കുറവുണ്ടായത് - 36 ശതമാനം. ജമ്മു കശ്മീർ (26%), മഹാരാഷ്ട്ര (8.5%), തമിഴ്‌നാട് (8.1%) എന്നിങ്ങനെയാണ് കൂടുതൽ കുറവുണ്ടായ സംസ്ഥാനങ്ങൾ. യു.പിയിൽ ജനസംഖ്യയുടെ 20 ശതമാനമാണ് മുസ്ലിംകൾ. എന്നാൽ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ ചേർന്ന ആകെ വിദ്യാർത്ഥികളുടെ 4.5 ശതമാനം മാത്രമാണ് മുസ്ലിംകൾ. കേരളം മാത്രമാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ മുസ്ലിംകൾ മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനം. കേരളത്തിൽ 43 ശതമാനം മുസ്ലിം വിദ്യാർത്ഥികളും ഉന്നതവിദ്യാഭ്യാസം നേടുന്നുണ്ട്.
ഒ.ബി.സി, എസ്.സി വിഭാഗങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നേട്ടമുണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. 2020-21 വർഷം ഉന്നതവിദ്യാഭ്യാസത്തിന് ചേർന്ന ആകെ വിദ്യാർത്ഥികളിൽ 36 ശതമാനം ഒ.ബി.സി വിഭാഗക്കാരും, 14 ശതമാനം എസ്.സി വിഭാഗക്കാരുമാണ്.
മുസ്ലിം വിദ്യാർത്ഥികളുടേതിന് സമാനമായി മുസ്ലിം അദ്ധ്യാപകരുടെ എണ്ണവും കുറവാണ്. ദേശീയതലത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആകെ അദ്ധ്യാപകരുടെ 56 ശതമാനവും ജനറൽ വിഭാഗക്കാരാണ്. ഒ.ബി.സി 32 ശതമാനവും, എസ്.സി ഒമ്പത് ശതമാനവും, എസ്.ടി 2.5 ശതമാനവുമാണ്. മുസ്ലിം അദ്ധ്യാപകരാകട്ടെ 5.6 ശതമാനം മാത്രമാണ്. ന്യൂനപക്ഷങ്ങൾക്കുള്ള മൗലാന ആസാദ് ഫെലോഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് മുസ്ലിംകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ വ്യക്തമാക്കി സർവേ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.




