തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു.

ഫ്രാൻസിസ്, സുരേഷ് യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള 'ചിന്തധിര ' എന്ന വള്ളമാണ് അപകടത്തിൽ പെട്ടത്. അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാർഡുകളും,കോസ്റ്റൽ പൊലീസും നടത്തിയ തെരച്ചിലാണ് വിക്ടറിനെ കണ്ടെത്തിയത്. മുതലപ്പൊഴിയിൽ നേരത്തെയും വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളികൾ മരിച്ചിരുന്നു.

മുതലപ്പൊഴിയിൽ അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണം മൂലം നിരവധി അപകട മരണങ്ങൾ നടന്നിട്ടും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷന്റെ (കെഎൽസിഎ) നേതൃത്വത്തിൽ ഇന്ന് നിയമസഭാ മാർച്ച് നടക്കുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും ദുരന്തം. കഴിഞ്ഞ ജൂലൈ 30ന് ഗവൺമെന്റ് പ്രഖ്യാപിച്ച ഏഴു ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന പരാതി ശക്തമാണ്. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്നുള്ള കെഎൽസിഎ നേതാക്കൾ നിയമസഭ മാർച്ചിൽ പങ്കെടുക്കും. അവരോടൊപ്പം തിരുവനന്തപുരം അതിരൂപതയിൽ നിന്നുള്ള പ്രവർത്തകരും അണിനിരക്കും. വിക്ടറിന്റെ മരണത്തോടെ പ്രതിഷേധം കൂടതൽ ശക്തമാക്കാനാണ് തീരുമാനം.

അശാസ്ത്രീയമായ നിർമ്മാണത്തെതുടർന്ന് മുതലപ്പൊഴിയിലെ അപകട പരമ്പര തീരത്ത് ദുരിതം വിതച്ചുകൊണ്ടേയിരിക്കുന്നു. 2006 ൽ പുലിമുട്ട് നിർമ്മാണം പൂർത്തിയായ ശേഷം ഇതുവരെ 126 അപകടങ്ങളിലായി 74 മത്സ്യത്തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്. പരിക്കേറ്റവർ എഴുന്നൂറിലേറെ. കൂടാതെ വള്ളവും വലയമുൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്കുണ്ടായത്.

അപകടമൊഴിവാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് കഴിഞ്ഞ ജൂലൈയിൽ ഫിഷറീസ് മന്ത്രിയുടെ നേത്യത്വത്തിൽ പ്രഖ്യാപിച്ചത്. പ്രമുഖ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുടെയും സമുദായ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. മുതലപ്പൊഴി അഴിമുഖ ചാലിൽ അടിഞ്ഞുകൂടിയ പാറയും മണലും അത്യാധുനിക ലോങ്ങ് ബും ക്രെയിനിന്റെയും എക്സ്സ്‌കവേറ്ററുകളുടെയും സഹായത്തോടെ നീക്കം ചെയ്യുമെന്നതായിരുന്നു അതിലെ പ്രധാന വാഗ്ദാനം.

മേഖലയിലെ രക്ഷാ പ്രവർത്തനത്തിന് മൂന്നു സ്പീഡ് ബോട്ടുകളും ആംബുലൻസും സർവീസ് നടത്തും. അപകടത്തിൽപെട്ട ആളുകളുടെ അടുത്തേക്ക് മനുഷ്യസഹയമില്ലാതെതന്നെ വേഗത്തിലെത്തി രക്ഷാപ്രവർത്തനം നടത്താൻ റിമോട്ട് കൺട്രോളിലൂടെ പ്രവർത്തത്തിക്കുന്ന 'ഇറിമോട്ട് ലൈഫ് ബോയ്' കൾ, മൂന്ന് ഷിഫ്റ്റ്കളിലായി 24 മണിക്കൂറും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള 22 മുങ്ങൽ വിദഗ്ദ്ധരെ നിയമിക്കുമെന്നെല്ലാമായിരുന്നു പ്രഖ്യാപനം.

സാൻഡ് ബൈപ്പാസിങ്ങ് പ്രവൃത്തികൾക്കായി ആദ്യഘട്ടം ഒരുകോടി അനുവദിക്കുമെന്നും പറഞ്ഞിരുന്നു. ലോറിയിൽ മണൽ കൊണ്ടുപോകാനായിരുന്നു ആദ്യതീരുമാനം, പിന്നീട് സാൻഡ് ബൈപ്പാസിങ് ശാശ്വതമായി നടപ്പാക്കാനായി 11 കോടിയുടെ പദ്ധതിയും മുന്നോട്ട് വച്ചിരുന്നു. എല്ലാം വെറുംവാക്കുകളായി മാറി. ഇതാണ് വീണ്ടും ദുരന്തമുണ്ടാകാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു.