തിരുവനന്തപുരം: മുതലപ്പൊഴിയിൽ മീൻപിടിത്ത വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണിനെയാണ് കാണാതായത്. പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. തിരച്ചിൽ തുടരുന്നു. മത്സ്യബന്ധനത്തിന് പോകുന്നതിനിടെ അഴിമുഖത്തുണ്ടായ തിരയിൽപെട്ട് ശക്തമായ പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേർ നീന്തി രക്ഷപ്പെട്ടു. കള്ളക്കടൽ പ്രതിഭാസമാണ് ദുരന്തമുണ്ടാക്കിയതെന്നാണ് വിലയിരുത്തൽ.

നേരത്തെ മഴക്കാലം അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളിൽ സുരക്ഷാ മുൻകരുതലെന്നനിലയിൽ മുതലപ്പൊഴി അഴിമുഖം അടച്ചിടണമെന്ന് ഫിഷറീസ് വകുപ്പും മുന്നറിയിപ്പ് നൽകിയിരുന്നു. മുതലപ്പൊഴി അഴിമുഖത്തെ കടൽവഴി മീൻപിടിത്തത്തിനു പോകുന്നതും തിരികെവരുന്നതും തടയാനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നാണ് അധികൃതർ നിർദ്ദേശിച്ചിട്ടുള്ളത്. കനത്ത കടലേറ്റമുള്ളപ്പോൾ വള്ളങ്ങൾ കടലിലേക്കു കടക്കുന്നത് തടയുന്നതിനായി അഴിമുഖത്തിന്റെ ഇരുവശങ്ങളിലുമായി ഇരുമ്പ് ചങ്ങലയിട്ട് അടയ്ക്കണം എന്നായിരുന്നു ആവശ്യം.

ഇതിലൂടെ പ്രതികൂല കാലാവസ്ഥയിലെ അപകടങ്ങൾ ഒഴിവാക്കാനാകുമെന്നായിരുന്നു വിലയിരുത്തൽ. ശക്തമായ കടലേറ്റമുണ്ടാകുമ്പോൾ മത്സ്യത്തൊഴിലാളികൾ മുതലപ്പൊഴിയിലെ അഴിമുഖം വഴി കടലിലൂടെ പോകുന്നതും വരുന്നതും പൂർണമായും ഒഴിവാക്കണം. പകരം വിഴിഞ്ഞം അടക്കമുള്ള ലാൻഡിങ് സെന്ററുകൾ ഉപയോഗിക്കണമെന്നും നിർദ്ദേശിക്കുന്നു. വലിയ യാനങ്ങൾ കൊല്ലം ഹാർബർ വഴിയാവണമെന്നുള്ള നിർദ്ദേശവും അധികൃതർ മുന്നോട്ടുവച്ചിട്ടുണ്ട്. ഈ നിർദ്ദേശം ചർച്ചയാകുന്നതിനിടെയാണ് പുതിയ അപകടം.

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. പൊതുജനങ്ങൾ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിരുന്നു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. അതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും പുലർച്ചെ 02.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെയും വടക്കൻ തമിഴ്‌നാട് തീരത്ത്രാ രാവിലെ 05.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിരുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും അറിയിച്ചിരുന്നു. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.-ഇതെല്ലാമായിരുന്നു മുന്നറിയിപ്പ്.