- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തപ്പൻ ഉറഞ്ഞാടുമ്പോൾ ക്ഷേത്ര മുറ്റത്തേക്ക് കൈലി മുണ്ടും ബനിയും അരപ്പട്ടയും ധരിച്ച ഗുരിക്കളെത്തി; തിറയ്ക്കും വെള്ളാട്ടിനുമിടെ ക്ഷേത്രമുറ്റത്ത് നിസ്ക്കരിക്കുന്ന ഗുരിക്കൾ; വുളുവെടുക്കാൻ കിണ്ടിയിൽ വെള്ളവും നിസ്ക്കരിക്കാൻ പായയും നൽകി മുത്തപ്പൻ; മതസാഹോദര്യത്തിന്റെ പ്രതീകമായി മാവൂർ കിടാപ്പിൽ ക്ഷേത്രത്തിലെ മുത്തപ്പൻ ഗുരിക്കൾ തിറ
കോഴിക്കോട്: തലപ്പാവും തുണികൊണ്ടുള്ള അരയടയും അണിഞ്ഞ് മുത്തപ്പൻ ഉറഞ്ഞാടുമ്പോൾ ക്ഷേത്ര മുറ്റത്തേക്ക് കൈലി മുണ്ടും ബനിയനും അരയിൽ അരപ്പട്ടയും ധരിച്ച് ഗുരിക്കളെത്തുന്നു. താടിയും നെറ്റിയിൽ നിസ്ക്കാരത്തഴമ്പും തലയിൽ തൊപ്പിയുമായി ക്ഷേത്രമുറ്റത്തേക്ക് എത്തിയ ഗുരിക്കൾ മുത്തപ്പനുമായി പരിചയപ്പെടുകയും സൗഹൃദത്തിലാവുകയും ചെയ്യുന്നു. തിറയ്ക്കും വെള്ളാട്ടിനുമിടെ ക്ഷേത്രമുറ്റത്ത് ബാങ്കു വിളിക്കുന്ന ഗുരിക്കൾ നമസ്ക്കാരവും നടത്തുന്നു.
ഗുരുക്കൾക്ക് വുളുവെടുക്കാൻ കിണ്ടിയിൽ വെള്ളവും നിസ്ക്കരിക്കാൻ പായയും നൽകിയതാവട്ടെ മുത്തപ്പനും. ഈ കാഴ്ചകൾ കണ്ട് ഭക്തരെല്ലാം കൈകൂപ്പി നിൽക്കുന്നു. ജാതിയുടെയും മതത്തിന്റെയും ദൈവങ്ങളുടെയും പേരിൽ മനുഷ്യൻ പരസ്പരം പോരടിക്കുന്ന കാലത്താണ് ക്ഷേത്ര മുറ്റത്ത് ഇങ്ങനെയൊരു കാഴ്ച. ഇതാണ് മുത്തപ്പൻ ഗുരിക്കൾ തിറ. മാവൂർ കിടാപ്പിൽ മുത്തപ്പൻ കുരിക്കൾ ക്ഷേത്രത്തിലാണ് മതസാഹോദര്യത്തിന്റെ കാഴ്ചയായി തിറ അരങ്ങേറിയത്.
വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്തെ നാട്ടുപ്രമാണിയായ മുത്തപ്പനും ഗുരുക്കളും തമ്മിലുള്ള ആത്മബന്ധമാണ് വർഷങ്ങളായി തുടരുന്ന തിറയുടെ പിന്നിലെ ഐതിഹ്യം. ഈ പ്രദേശത്തേക്ക് എവിടെ നിന്നോ വന്നെത്തിയ ഗുരിക്കളുടെ കഴിവിൽ അദ്ഭുതപ്പെടുന്ന മുത്തപ്പൻ ഗുരുക്കളെ തനിക്കൊപ്പം നിർത്തുകയായിരുന്നു. പിന്നീട് ഗുരിക്കളും മുത്തപ്പനും ഒന്നുചേർന്ന് അക്രമകാരികളെയെല്ലാം ചെറുത്ത് തോൽപ്പിച്ച് പ്രദേശത്ത് ശാന്തിയും സമാധാനവും പകർന്നുവെന്നാണ് ഐതിഹ്യം. ഇരുവരുടെയും കാലശേഷം മുത്തപ്പനും ഗുരുക്കൾക്കും ദൈവിക പരിവേഷം നൽകി ഒരേ കോവിലിൽ ഒരുമിച്ച് കുടിയിരുത്തി ആരാധിക്കാൻ ആരംഭിച്ചു. ഇരുവരുടെയും ഓർമ്മയിലാണ് ഓരോ വർഷവും മുത്തപ്പൻ ഗുരിക്കൾ തിറയും അരങ്ങേറുന്നത്.
ക്ഷേത്രത്തിലെ ഒരേ ശ്രീകോവിലിൽ തന്നെയാണ് ഇരു പ്രതിഷ്ഠകളും നടത്തിയത്. ഭഗവതിക്കും സുബ്രഹ്മണ്യനുമെല്ലാമൊപ്പം ഹിന്ദുവായ മുത്തപ്പനും മുസ്ലീമായ ഗുരിക്കളും തോളോട് തോൾ ചേർന്ന് നിൽക്കുന്ന കാഴ്ചയാണ് ഇവിടെ. വെള്ളാട്ടും തിറയുമാണ് പ്രധാന ഉത്സവം. തിറയാട്ടത്തിന് എല്ലാ സഹായവുമായി ഇതര മതസ്ഥരും ഇവിടെ ഉത്സവത്തിന് എത്താറുണ്ട്. മുത്തപ്പൻ ഗുരിക്കൾ വെള്ളാട്ടാണ് ആദ്യം ക്ഷേത്ര മുറ്റത്തെത്തുക.
മുത്തപ്പന്റെ സന്നിധിയിലേക്കെത്തുന്ന ഗുരിക്കൾ തന്റെ കഴിവുകൾ മുത്തപ്പന് മുന്നിൽ പ്രദർശിപ്പിക്കും. അതിനിടയിൽ ബാങ്ക് വിളി കേൾക്കുമ്പോൾ ക്ഷേത്രമുറ്റത്ത് ഗുരിക്കൾ നിസ്ക്കരിക്കും. തുല്യ ശക്തരാണെന്ന് കണ്ട് ഇരുവരും സൗഹൃദത്തിലാവുന്നതാണഅ വെള്ളാട്ടിൽ അവതരിപ്പിക്കുന്നത്. തുടർന്ന് തിറയാട്ടം നടക്കും. ജനങ്ങളെ അക്രമിക്കാനെത്തുന്നവരെ കീഴ്പ്പെടുത്തി മുത്തപ്പനും ഗുരിക്കളും ചേർന്ന് നാട്ടിൽ സമാധാനം സ്ഥാപിക്കുന്നതാണ് തിറയാട്ടത്തിന്റെ പ്രമേയം.
ദൈവങ്ങളെല്ലാം ഒന്നാണെന്ന സത്യം വിളിച്ചുപറഞ്ഞാണ് തിറ പൂർത്തിയാകുന്നത്. നിരവധി പേരാണ് കഴിഞ്ഞ ദിവസം നടന്ന മുത്തപ്പൻ ഗുരിക്കൾ തിറ കാണാൻ ക്ഷേത്രത്തിലേക്ക് എത്തിയത്. പൂർവ്വികർ കാത്തുവെച്ച പരസ്പര സ്നേഹവും സൗഹാർദ്ദവും തുടരുമെന്ന പ്രതീക്ഷയോടെയാണ് എല്ലാവരും ക്ഷേത്രോത്സവം കണ്ട് മടങ്ങിയത്. ചാത്തമംഗലം തിറയാട്ട കലാസമിതിയാണ് ഇത്തവണ തിറയാട്ടം അവതരിപ്പിച്ചത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.