- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ! മൂന്നരപ്പതിറ്റാണ്ടിന് ശേഷം ഇഷ്ട ടീം ലോകകിരീടം നേടിയപ്പോൾ ഇഷ്ടദൈവത്തെ മറന്നില്ല; ലോകകപ്പിൽ മെസി മുത്തമിട്ടപ്പോൾ കുഞ്ഞിമംഗലത്ത് കുതിരിമ്മൽ അർജന്റീന ഫാൻസ് വക മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും
പയ്യന്നൂർ: പറയുന്നത് സാക്ഷാൽ മുത്തപ്പൻ. മനസും നിറച്ച് കണ്ണും നനച്ച് കയ്യും കൂപ്പി കേട്ടു നിൽക്കുകയാണ് ഭക്തർ. ഈ ഭക്തജനക്കൂട്ടം മറ്റാരുമല്ല, അർജന്റീനയുടെയും മെസ്സിയുടെയും ആരാധകരാണ്. മൂന്നരപ്പതിറ്റാണ്ടിന് ശേഷം ഇഷ്ട ടീം ലോകകിരീടം നേടിയിരിക്കുന്നു. അതുവരെ മനസിന്റെ മുന്തണ്ട് പിടിച്ച് ബലം പകർന്ന് കടവിലടുപ്പിച്ച ഇഷ്ടദൈവത്തെ അപ്പോൾ അവരെങ്ങനെ ഓർക്കാതിരിക്കും?
ആ ദൈവത്തെ കെട്ടിയാടിച്ചതിനൊപ്പം ആയിരങ്ങൾക്ക് ഭക്ഷണം വിളമ്പി നൽകി വേറിട്ടൊരു കൂട്ടമായി മാറി ഈ ആരാധകർ. പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലത്താണ് മൂന്നരപ്പതിറ്റാണ്ടുകൾക്ക് ശേഷമുള്ള അർജ്ജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷിക്കാൻ ആരാധകർ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിക്കുകയും ആയിരങ്ങൾക്ക് അന്നദാനം നടത്തുകയും ചെയ്ത് വേറിട്ട കാഴ്ചയായി മാറിയത്.
കുഞ്ഞിമംഗലം കുതിരുമ്മലിലെ അർജന്റീന ഫാൻസാണ് മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും നടത്തിയത്. അർജന്റീന ലോകകപ്പ് നേടിയാൽ മുത്തപ്പൻ വെള്ളാട്ടം നടത്താമെന്നും ഒപ്പം രണ്ടായിരം പേർക്ക് അന്നദാനം വിളമ്പി നൽകാമെന്നുമുള്ള നേർച്ചയുടെ ഭാഗമായിട്ടാണ് കുതിരുമ്മൽ ഫാൻസ് ഇന്ന് വെള്ളാട്ടവും അന്നദാനവും നടത്തിയത്.കുതിരുമ്മലിലെ പി വി ഷിബുവും സുഹൃത്തുക്കളുമാണ് ഈ വേറിട്ട വിജയാഘോഷത്തിന് പിന്നിൽ.
ഈ ആഘോഷത്തെക്കുറിച്ച് ഷിബു പറയുന്നത് ഇങ്ങനെ. കുട്ടിക്കാലം മുതൽ അർജന്റീനയുടെ കടുത്ത ആരാധകരായിരുന്നു ഷിബുവും കൂട്ടുകാരും.കുഞ്ഞിമഗംലം ഉൾപ്പെടെയുള്ള ഈ പ്രദേശവും അർജന്റീന ആരാധകരുടെ ശക്തികേന്ദ്രങ്ങളാണ്. പയ്യന്നൂർ ഭാഗത്തെ മെസ്സിയുടെ ഏറ്റവും വലിയ കട്ടൗട്ട് കുതിരുമ്മലിൽ ആയിരുന്നു സ്ഥാപിച്ചതെന്നും ഷിബു പറയുന്നു.
ഏകദേശം 55 അടിയോളം ഉയരമുള്ള കട്ടൗട്ടായിരുന്നു അത്. വയലിൽ ആയിരുന്നു അത് ഉയർത്തിയത്. കട്ടൗട്ട് ഉയർത്താൻ ഏറെ പ്രയാസപ്പെട്ടിരുന്നു. അപ്പോഴാണ് ഞാൻ മുത്തപ്പനെ വിളിക്കുന്നത്..' കടുത്ത മുത്തപ്പൻ വിശ്വാസിയായ ഷിബു പറയുന്നു. എന്ത് പ്രയാസം നേരിട്ടാലും ആദ്യം വിളിക്കുന്നത് മുത്തപ്പനെയാണെന്ന് ഷിബു പറയും.
അങ്ങനെ കട്ടൗട്ട് ഉയർത്തുമ്പോഴും പ്രാർത്ഥിച്ചിരുന്നു. മെസി കപ്പടിച്ചാൽ ഇവിടെ വച്ച് വെള്ളാട്ടം കെട്ടിയാടിക്കാമെന്നും ചുരുങ്ങിയത് 2000 പേർക്കെങ്കിലും ഭക്ഷണം നൽകാമെന്നുമായിരുന്നു നേർച്ച. സുഹൃത്തുക്കളോടും ഷിബു ഇക്കാര്യം പറഞ്ഞിരുന്നു. അവരും സമ്മതിച്ചു.
നെഞ്ചുരുകി വിളിച്ച ആ വിളി മുത്തപ്പൻ കേട്ടെന്നും ഷിബുവും കൂട്ടുകാരും പറയുന്നു. അങ്ങനെയാണ് ഇന്ന് കുതിരുമ്മൽ തെരുവിലെ റേഷൻ കടയ്ക്ക് സമീപം മുത്തപ്പൻ വെള്ളാട്ടത്തെ കെട്ടിയാടിച്ചത്. കുഞ്ഞിമഗംലത്തെ സജീവൻ പെരുവണ്ണാനായിരുന്നു കോലധാരി.
അർജന്റീനയുടെ ആരാധകർക്ക് പുറമെ നിരവധി ഭക്തരാണ് മുത്തപ്പനെ തൊഴാനും അനുഗ്രഹം നേടാനും എത്തിയത്. അർജ്ജന്റീനയുടെ ആരാധകരുടെ ആഗ്രഹം പോലെ സ്‌കൂൾ കുട്ടികളും വയോധികരുമൊക്കെ ഉൾപ്പെടെയുള്ള ആയിരങ്ങൾ അന്നദാനത്തിലും ഭാഗമായി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്