പത്തനംതിട്ട: അഞ്ചു വർഷം മുൻപ് തീർപ്പാക്കിയ വാഹന വായ്പാ കേസിന്റെ പേരിൽ പേരിൽ വ്യാപാരിയെ കടയിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ഇടപാടുകാരെ പുറത്താക്കി കൊടുംകുറ്റവാളിയെപ്പോലെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചപ്പോൾ അറിയുന്നത് അറസ്റ്റ് മുൻപ് തീർപ്പാക്കിയ കേസിന്റെ പേരിലാണെന്ന്. കൈപ്പട്ടൂരിലെ വ്യവസായി കൊച്ചുതെക്കേതിൽ സിജു കെ. ജോണിനാണ് നാട്ടുകാർക്ക് മുന്നിൽ മാനം പോയത്.

2009 ൽ മുത്തൂറ്റ് വെഹിക്കിൾ ആൻഡ് അസറ്റ് ഫിനാൻസിൽ നിന്നെടുത്ത വാഹന വായ്പയുടെ പേരിലായിരുന്നു അറസ്റ്റ്. ഈ കേസ് കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുകയും ഈ വിവരം കമ്പനിയുടെ നിയമവിഭാഗം കോടതിയെ അറിയിക്കാതിരിക്കുകയും ചെയ്തു. കോടതിയിലുള്ള കേസ് വാറണ്ട് ആവുകയായിരുന്നു. ഇതിന്റെ പേരിലാണ് പൊലീസ് ആഘോഷമായി എത്തി അറസ്റ്റ്് ചെയ്തത്. ഇതിനെതിരേ സിജു കമ്പനിക്ക് വക്കീൽ നോട്ടീസ് അയച്ചു.

2009 ൽ മുത്തൂറ്റ് വെഹിക്കിൾ ആൻഡ് അസറ്റ് ഫിനാൻസിൽ നിന്ന് മാരുതി 800 കാറിന് വായ്പ എടുത്തിരുന്നു. രണ്ടു ഗഡു അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയപ്പോൾ കമ്പനി മാനേജരുടെ ആവശ്യപ്രകാരം വാഹനം തിരിച്ചു കൊടുക്കുകയും കൊടുക്കാനുള്ള പണം അടച്ചു തീർത്ത് തീർപ്പാക്കുകയും ചെയ്തുവെന്ന് സിജു അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു. എന്നാൽ, ഇതിനോടകം കൂടുതൽ പണം ആവശ്യപ്പെട്ട് കമ്പനി പത്തനംതിട്ട സിജെഎം കോടതിയിൽ നിയമ നടപടികൾ തുടങ്ങിയിരുന്നു.

ഈ വിവരം വൈകി അറിഞ്ഞ സിജു 2017 ജനുവരി 13 ന് കമ്പനി ആവശ്യപ്പെട്ട പണം കൊടുത്തു തീർത്തു. അനാവശ്യ വ്യവഹാരത്തിന് പോയി സമയം കളയാൻ ഇല്ലാത്തതിനാലാണ് പണം തിരികെ നൽകിയത് എന്നും അല്ലാതെ തന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച കൊണ്ടല്ലെന്നും സിജു പറയുന്നു. ഇതോടെ എല്ലാം അവസാനിച്ചുവെന്നാണ് സിജു കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ മാസം 18 ന് രാവിലെ എട്ടു മണിയോടെ പൊലീസ് ജീപ്പ് പാഞ്ഞു വന്ന് തന്റെ സ്ഥാപനത്തിന് മുന്നിൽ ബ്രേക്കിട്ടു. ഇടപാടുകാരെ ഇറക്കി വിട്ട് തന്നെ കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് പഴയ വാഹന ഫിനാൻസ് കേസ് ആണെന്ന് അറിയുന്നത്.

കോടതിയിൽ തന്റെ നിരപരാധിത്തം മനസിലാക്കിയെന്ന് സിജു പറയുന്നു. താൻ പണം അടച്ച് കമ്പനിയുമായുള്ള വ്യവഹാരങ്ങൾ തീർപ്പാക്കിയെങ്കിലും കോടതിയിലുള്ള കേസ് അവർ പിൻവലിച്ചിരുന്നില്ല. ഇത് അവരുടെ വീഴ്ചയാണ്. ഇതു കാരണം തനിക്ക് മാനനഷ്ടമുണ്ടായെന്ന് കാട്ടിയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പത്രങ്ങളിൽ ഖേദം പ്രകടിപ്പിച്ച് പരസ്യം നൽകണമെന്നുമാണ് സിജുവിന്റെ ആവശ്യം.