കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ ഭൂവുടമകളുടെ പേരിൽ നൽകിയ ഏഴ് അപേക്ഷകളും വ്യാജമെന്ന് തെളിയുമ്പോൾ പുതിയ ക്രിമിനൽ കേസിനും സാധ്യത. മരം മുറിക്കാൻ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകളാണ് വ്യാജമെന്ന് ഫോറൻസിക് റിപ്പോർട്ടിൽ കണ്ടെത്തിയത്. ചെറുകിട കർഷകരുടെ പേരിൽ അപേക്ഷ തയ്യാറാക്കി ഒപ്പിട്ടത് പ്രതികളിലൊരാളായ റോജി അഗസ്റ്റിനാണെന്ന് കൈയക്ഷര പരിശോധനയിൽ വ്യക്തമായി. മരമുറിക്കൊപ്പം വ്യാജ രേഖാ നിർമ്മാണത്തിനും പൊലീസിന് കേസെടുക്കാം.

അതിനിടെ മുട്ടിൽ മരം മുറിക്കേസിൽ റവന്യൂവകുപ്പ് നടപടികൾ വൈകിക്കുന്നത് പ്രതികളെ സഹായിക്കാനെന്ന് ആരോപണം ശക്തമാണ്. കേരള ലാൻഡ് കൺസെർവൻസി ആക്ട് പ്രകാരം പിഴയിടാക്കാനുള്ള നടപടികളാണ് രണ്ട് വർഷം കഴിയുമ്പോഴും റവന്യൂ വകുപ്പ് പൂർത്തിയാക്കാത്തത്. സർക്കാർ ഭൂമിയിലെ മരംമുറിച്ചാൽ, കേരള ലാൻസ് കൺസെർവൻസി ആക്ട് പ്രകാരം റവന്യൂവകുപ്പ് നടപടി സ്വീകരിക്കണം എന്നാണ് നിയമം. മരത്തിന്റെ ഗുണം, ആയുസ് എന്നിവയെല്ലാം കണക്കാക്കി മൂല്യം നിശ്ചയിക്കണം. ശേഷം മൂന്നിരട്ടിവരെ പിഴ ചുമത്താം. എന്നാൽ മുട്ടിൽ മരംമുറിക്കേസിൽ റവന്യൂവകുപ്പ് ഒരു നടപടിയും തുടങ്ങിയിട്ടില്ല. ഇതിനൊപ്പമാണ് വ്യാജരേഖയിലെ കണ്ടെത്തലും. എല്ലാം അട്ടിമറിയുടെ സൂചനകളാണ്.

ആദിവാസികളുടെയും ചെറുകിട കർഷകരുടെയും പേരിലാണ് വ്യാജ അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്. കർഷകർ സ്വമേധയാ മരം മുറിക്കാൻ അപേക്ഷ സമർപ്പിച്ചു എന്ന പ്രചാരണമായിരുന്നു പ്രതികൾ നടത്തിയത്. പ്രതികളുടേത് ഉൾപ്പെട്ട 65 ഉടമകളുടെ ഭൂമിയിൽ നിന്ന് 104 മരങ്ങളാണ് മുറിച്ച് കടത്തിയത്. 300 വർഷത്തിൽ കൂടുതൽ പഴക്കമുള്ള രാജകീയ വൃക്ഷങ്ങൾ അടക്കമാണ് മുറിച്ചതെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. പട്ടയ ഭൂമിയിൽ നട്ടുവളർത്തിയതും വളർന്നുവന്നതുമായ മരങ്ങൾ ഭൂവുടമകൾക്ക് മുറിച്ച് മാറ്റാൻ സർക്കാർ ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു വൻ മരംകൊള്ള അരങ്ങേറിയത്. ഇതിന് വേണ്ടി വ്യാജ രേഖയുണ്ടാക്കിയെന്നാണ് കണ്ടെത്തൽ.

കേസിൽ പ്രതികളായ കർഷകരും ആദിവാസികളും ഉൾപ്പെടെ 28 പേരെ കേസിൽ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. 68 പ്രതികളുള്ള കേസിലെ 20 ആദിവാസികളെയും എട്ട് കർഷകരെയുമാണ് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയത്. ആദിവാസികളെയും കർഷകരെയും കബളിപ്പിച്ചാണ് പ്രതികൾ അവരുടെ ഭൂമിയിൽ നിന്നും ഈട്ടി മരം മുറിച്ചതെന്ന് പരിശോധനയിൽ വ്യക്തമായതിനെ തുടർന്നായിരുന്നു ഈ നടപടി. ഇതിനെ സാധുകരിക്കുന്നതാണ് പുതിയ ഫോറൻസിക് പരിശോധന ഫലം. മുട്ടിൽ മരംമുറി കേസിൽ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു വനം വകുപ്പ് അന്വേഷണം നടത്തിയത്. വനംവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് 2021ൽ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

2021 ജൂണിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റവന്യൂ വകുപ്പ് നടപടികളിലെ ഇഴയൽ. മുൻ പപ്ലിക് പ്രോസിക്യൂട്ടർ മുട്ടിൽ മരംമുറിക്കേസിൽ എട്ട് കോടിയുടെ മരമാണ് ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ ചേർന്ന് മുറിച്ചു കടത്തിയത്. 500 വർഷം വരെ പഴക്കമുള്ള മരങ്ങൾ മുറിച്ചവയിൽ ഉണ്ടെന്നാണ് ഡിഎൻഎ പരിശോധനാ ഫലം. 24 കോടി രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ് പ്രതികൾ ചെയ്തത്. എന്നിട്ടും റവന്യൂ വകുപ്പിന് അനക്കമില്ല. പൊലീസിന്റെ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നുണ്ട് എന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. സർക്കാറിലേക്ക് നിക്ഷിപ്തമായ മരത്തിന്റെ ഉടമസ്ഥർ റവന്യൂ വകുപ്പാണ്. റവന്യൂ വകുപ്പ് കെഎൽസി നിയമപ്രകാരം നടപടി സ്വീകരിച്ചാൽ മരം മുറിക്കേസ് പ്രതികൾ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്നതാണ് വസ്തുത.

പട്ടയ ഭൂമിയുടെ ഉടമകൾ മരം മുറിക്കാൻ നൽകിയ അനുമതിപ്പത്രം വില്ലേജ് ഓഫീസിൽ സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിക്കപ്പെട്ട ഏഴ് അപേക്ഷകളാണ് വ്യാജമെന്ന് കണ്ടെത്തിയത്. കൂടാതെ പ്രായനിർണയം, ഡി.എൻ.എ. തുടങ്ങിയ ശാസ്ത്രീയ പരിശോധനകളും നടത്തി. ഭൂപരിഷ്‌കരണ നിയമത്തിന്റെ ഭാഗമായി നൽകിയ അനുമതിയുടെ പശ്ചാതലത്തിലാണ് മരം മുറിച്ചതെന്നായിരുന്നു പ്രതികളുടെ വിശദീകരണം. ഭൂപരിഷ്‌കരണ നിയമം വന്നതിനുശേഷം പട്ടയം നൽകിയ ഭൂമികളിൽ കിളിർത്തതോ വെച്ചുപിടിപ്പിച്ചതോ ആയ മരങ്ങൾ മാത്രമാണ് ഈ നിയമപ്രകാരം മുറിക്കാൻ അനുമതിയുള്ളത്. ചന്ദനം ഒഴികെയുള്ള മരങ്ങൾ കർഷകന് മുറിക്കാമെന്നതായിരുന്നു ഉത്തരവ്. എന്നാൽ അതിനും വർഷങ്ങൾക്ക് മുൻപുള്ള മരങ്ങളാണ് ഇവർ മുറിച്ചുമാറ്റിയതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ അന്വേഷണ സംഘത്തിന് മനസ്സിലായി. 500 വർഷത്തിലപ്പുറം പഴക്കമുള്ള മരങ്ങളാണ് മുറിച്ചുകടത്തിയത്.

മരത്തിന്റെ അവശേഷിച്ച കുറ്റിയും മുറിച്ചുകടത്തിയ മരത്തടിയും ചേർത്തുള്ള ഡി.എൻ.എ. പരിശോധനാ ഫലവും പ്രതികൾക്ക് എതിരാണ്. ഡി.എൻ.എ. പരിശോധനയിൽ കുറ്റിയും മുറിച്ചുമാറ്റിയ തടിയും ഒന്നാണെന്ന് കണ്ടെത്തി. ഇതും പ്രതികൾക്ക് തിരിച്ചടിയാവും. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇനി കുറ്റപത്രം തയ്യാറാക്കുക. അടുത്ത മാസത്തിനുള്ളിൽത്തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നാണെന്ന് പൊലീസ് അറിയിക്കുന്നത്. പെരുമ്പാവൂരിലെ ഫോറസ്റ്റ് ഡിപ്പോയിൽനിന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഈ മരങ്ങൾ പിടികൂടിയത്. 104 മരങ്ങളാണ് മുട്ടിൽനിന്ന് മുറിച്ചുമാറ്റിയിരുന്നത്. 574 വർഷം പഴക്കമുള്ള മരം വരെ മുറിച്ചുകടത്തിയവയിലുണ്ടെന്നാണ് വയസ്സുനിർണയ പരിശോധനയിൽ കണ്ടെത്തിയത്. 500 വർഷം പഴക്കമുള്ള മൂന്ന് മരങ്ങളുണ്ട്. കടത്തിയ എല്ലാ മരങ്ങളും മുന്നൂറ് വർഷത്തിലധികം പഴക്കമുള്ളതാണ്. പീച്ചിയിലെ വനം ഗവേഷണ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് വയസ്സുനിർണയം നടത്തിയത്.

മരംമുറിയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന 19 കേസുകളിൽ ഏഴ് കേസുകളുടെ കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞു. കേസുകളിൽ ഏറ്റവും പ്രധാനപ്പെട്ട മുട്ടിൽ മരംമുറിക്കേസിലാണ് ഇനി കുറ്റപത്രം സമർപ്പിക്കാനുള്ളത്. താനൂർ ഡിവൈ.എസ്‌പി. വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. സുപ്രധാനമായ പല തെളിവുകളും ശേഖരിച്ചുകഴിഞ്ഞു. ശാസ്ത്രീയ പരിശോധനാ ഫലമടക്കമുള്ള തെളിവുകൾ പരിശോധിച്ചുകഴിഞ്ഞതിനാൽ ഇനി കുറ്റപത്രം തയ്യാറാക്കുന്ന നടപടികളിലേക്കാണ് പൊലീസ് നീങ്ങുന്നത്.