തിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറി കേസിനെ ചൊല്ലി ചാനൽ ലോകത്ത് തമ്മിലടി മുറുകുകയാണ്. കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ചാനൽ ഒരു വശത്തും മറ്റു ചാനലുകൾ മറുവശത്തുമെന്ന വിധത്തിലാണ് ഇപ്പോൾ ചാനൽ യുദ്ധം. ചട്ടം ലംഘിച്ചുള്ള മരംമുറി കേസിൽ വ്യാജരേഖ ചമച്ചത് അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നതോടെ തുടക്കത്തിൽ പ്രതിരോധത്തിലായത് റിപ്പോർട്ടർ ചാനൽ തന്നെയായിരുന്നു. ഇതോടെ ഈ കേസിനെ കുറിച്ചുള്ള വിവരങ്ങൾ മറ്റു ചാനലുകൾ വാർത്തയാക്കി.

പ്രതിരോധത്തിലായ റിപ്പോർട്ടർ ഇന്ന് മുതലാളിമാരെ ന്യായീകരിക്കുന്ന വിധത്തിൽ വാർത്തകളുമായാണ് രംഗത്തുവന്നത്. വയനാട് മരംമുറിയിൽ നിർണായക കോടതി ഉത്തരവ് ഉണ്ടെന്ന് പറഞ്ഞു കൊണ്ട് കേസിലെ പ്രതികളെ ന്യായീകരിച്ചു കൊണ്ടുള്ള വാർത്ത റിപ്പോർട്ടർ പുറത്തുവിട്ടതോടെ സൈബറിടത്തിൽ പരിഹാസവും ട്രോളുകളുമായി. അരുൺകുമാർ മുമ്പ് 24 ന്യൂസ് ചാനലിൽ ആയ വേളയിൽ ചെയ്തിരുന്ന വാർത്തയുടെ വീഡിയോ അടക്കം പുറത്തുവിട്ടു കൊണ്ടാണ് പരിഹാസം.

വീരപ്പൻ ലോറിയിൽ എത്തി തട്ടിപ്പിനെ കുറിച്ചുള്ള 24 ൽ വാർത്ത ചെയ്ത അരുൺ തന്നെയാണ് റിപ്പോർട്ടറിൽ അവരെ ന്യായീകരിച്ചുള്ള വാർത്ത ചെയ്തത്. ഇതോടെ ഈക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ട് ബൽറാം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ചാനൽ മാറുന്നു, വേഷം മാറുന്നു, ന്യായം മാറുന്നു, വാദം മാറുന്നു.. വീരപ്പൻ മാറി സുന്ദർലാൽ ബഹുഗുണയാവുന്നു! എന്നാണ് ബൽറാമിന്റെ പരിഹാസ പോസ്റ്റ്, സമാനമായ വിധത്തിൽ നിരവധി പരിഹാസ പോസ്റ്റുകളും പുറത്തുവന്നിട്ടുണ്ട്.

റിപ്പോർട്ടർ ടിവി ഇന്ന് പുറത്തുവിട്ട വാർത്തയുടെ ഉള്ളടക്കം വനംകൊള്ളയെന്ന നിലപാട് വനംവകുപ്പ് മാറ്റിയെന്നും മുറിച്ചത് റവന്യൂ ഭൂമിയിലെ മരങ്ങളെന്നുമായിരുന്നു. റോജി അഗസ്റ്റിൻ ലൈസൻസുള്ള വ്യവസായിയെന്ന് കോടതി പറഞ്ഞ ഉത്തരവും ചൂണ്ടിക്കാട്ടിയാണ് ചാനൽ വാർത്ത. ഇത് സംബന്ധിച്ച റിപ്പോർട്ടർ വാർത്ത ഇങ്ങനെയാണ്:

വിവാദമായ വയനാട് മരംമുറി കേസിൽ മരം മുറിച്ചത് കാട്ടിൽ നിന്നല്ലെന്ന് വ്യക്തമാക്കി വനംവകുപ്പ്. റവന്യൂ ഭൂമിയിൽ നിന്നാണ് മരംമുറിച്ചതെന്നാണ് വനംവകുപ്പ് കോടതിയെ അറിയിച്ചത്. കാട്ടിൽ നിന്ന് മരംമുറിച്ചെന്നാരോപിച്ചാണ് റോജി അഗസ്റ്റിനെ ജയിലിൽ അടച്ചത്. മരംമുറിച്ചത് വനത്തിൽ നിന്നല്ലെന്ന നിലപാട് വനംവകുപ്പ് വയനാട് അഡി. ജില്ലാ കോടതിയിലാണ് അറിയിച്ചത്. നിലപാടിലെ മാറ്റം കോടതി ഉത്തരവിൽ എടുത്ത് പറയുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ജനുവരി ആറിലെ ഉത്തരവിലാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. കാട്ടിൽ നിന്ന് മരംമുറിച്ചെന്ന് പറഞ്ഞ് കേസെടുത്ത വനംവകുപ്പിന്റെ വാദമാണ് പുതിയ നിലപാടോടെ പൊളിഞ്ഞത്. വനംകൊള്ളയാണെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട റോജി അഗസ്റ്റിൻ 101 ദിവസമാണ് ജയിലിൽ കിടന്നത്.

കേസിൽ കസ്റ്റഡിയിലെടുത്ത മരങ്ങൾ സംരക്ഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. വയനാട് അഡി. ജില്ലാ കോടതിയാണ് വനംവകുപ്പിനോട് മരങ്ങൾ സംരക്ഷിക്കാനാവശ്യപ്പെട്ടത്. റോജി അഗസ്റ്റിന്റെ അപേക്ഷയിലായിരുന്നു ഈ ഉത്തരവ്. ജനുവരി ആറിന് തന്നെയായിരുന്നു ഈ ഉത്തരവും ഉണ്ടായത്.

പിടിച്ചെടുത്ത മരങ്ങൾ കേട് കൂടാതെ സൂക്ഷിക്കണം. മരങ്ങൾ മേൽക്കൂരയുള്ള ഷെഡിൽ സൂക്ഷിക്കണം. മഴയും വെയിലും ഈർപ്പവും ഏൽക്കാതെ മരം പൊതിഞ്ഞ് വെയ്ക്കണം. മരം മുറി കേസ് തീർപ്പാകുന്നത് വരെ സംരക്ഷണം ഒരുക്കണം എന്നായിരുന്നു വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. ഒരു മാസത്തിനകം ഈ ഉത്തരവ് നടപ്പിലാക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് അവഗണിക്കുകയായിരുന്നു വനംവകുപ്പ്. കോടതി ഉത്തരവ് വന്ന് ആറ് മാസം കഴിഞ്ഞിട്ടും വനം വകുപ്പ് മരങ്ങൾക്ക് സംരക്ഷണം നൽകുന്നില്ല.

കേസിലെ പ്രതിയായ റോജി അഗസ്റ്റിന് മരം വാങ്ങാനും വിൽക്കാനും ലൈസൻസ് ഉണ്ടെന്ന് കോടതി പറഞ്ഞിരുന്നു. മരം വ്യവസായത്തിന് വനം വകുപ്പിന്റെ രജിസ്‌ട്രേഷന് മാർക്കുണ്ടെന്നും കോടതി വിശദീകരിച്ചിരുന്നു. നിലവിൽ കേസിലെ തർക്കം മരം സർക്കാരിന്റേതാണോ റോജി അഗസ്റ്റിന്റേതാണോ എന്നത് മാത്രമാണെന്നും കോടതി വ്യക്തമാക്കുന്നു.

മരം മുറി കേസിൽ മരം കണ്ടുകെട്ടിയ നടപടികൾ കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. വയനാട് അഡി. ജില്ലാ കോടതിയാണ് അപ്പീൽ തീർപ്പാകുന്നത് വരെ മരം കണ്ടുകെട്ടിയ നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. തുടർനടപടികളൊന്നും പാടില്ലെന്നാണ് ജനുവരി 12ലെ ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നത്.

അതേസമയം മറ്റു ചാനലുകൾ മരംമുറിയ കേസിൽ ഭൂവുടമകളുടെ വെളിപ്പെടുത്തലുകൾ അടക്കമായിരുന്നു വാർത്ത ചെയ്തത്. മുട്ടിൽ മരംമുറിക്കേസിലെ പ്രതികളുടെ തട്ടിപ്പ് കഥകൾ ശരിയെന്നാണ് ഭൂവുടമകളുടെ വെളിപ്പെടുത്തൽ. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിക്കാൻ സമീപിച്ചത്. എന്നാൽ, മരംമുറിക്കാനായി ഒരിടത്തും അപേക്ഷ നൽകിയിരുന്നില്ലെന്നും ആദിവാസികളായ ഭൂവുടമകൾ വ്യക്തമാക്കി.

'മരംമുറിക്കാൻ സ്വമേധയാ അപേക്ഷ നൽകിയിരുന്നില്ല. പേപ്പറുകൾ എല്ലാം ശരിയാക്കാമെന്ന് റോജി പറഞ്ഞു. അപേക്ഷയിൽ കാണിച്ച ഒപ്പുകൾ ഞങ്ങളുടേത് അല്ല. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിച്ചത്. പേപ്പറുകൾ ശരിയാക്കാൻ കൂടുതൽ പണം വേണം. അതിനാൽ കുറഞ്ഞ വിലയെ നൽകാനാകൂ എന്നും പറഞ്ഞു.' ഭൂവുടമകൾ വ്യക്തമാക്കി.

മരംമുറിക്കാൻ അനുമതി കിട്ടിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് റോജിയും കൂട്ടാളികളും സമീപിച്ചത്. ആദ്യം എത്തിയത് ഇടനിലക്കാരാണ്. പാതിസമ്മതം ഉറപ്പായശേഷം റോജി നേരിട്ടെത്തി ഇടപാട് ഉറപ്പിച്ചു. ലക്ഷങ്ങൾ വിലമതിക്കുന്ന മരത്തിന് ഭൂവുടമകൾക്ക് നൽകിയത് തുച്ഛമായ വിലയാണ്. മരംമുറിയുമായി ബന്ധപ്പെട്ട രേഖകൾ റോജി ശരിയാക്കും. അതിനാലാണ് തുക കുറച്ചു നൽകുന്നതെന്നും ഭൂവുടമകളെ പറഞ്ഞു പറ്റിച്ചു. ഒരു അപേക്ഷയിലും ഒപ്പിട്ടിരുന്നില്ല എന്നും ഭൂവുടമകൾ പറഞ്ഞു.

മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യു പട്ടയ ഭൂമികളിൽ നിന്നാണ് റോജി അഗസ്റ്റിനും സംഘവും കോടികളുടെ ഈട്ടിത്തടി മുറിച്ചു കടത്തിയത്. മരംമുറിക്കാനായി റോജി അഗസ്റ്റിൻ ഏഴു കർഷകരുടെ സമ്മതപത്രമാണ് വില്ലേജ് ഓഫീസിൽ സമർപ്പിച്ചത്. എല്ലാം റോജി സ്വന്തം എഴുതി ഒപ്പിട്ടവ എന്നാണ് ഫൊറൻസിക് പരിശോധനയിലെ കണ്ടെത്തൽ.

മുട്ടിൽ സൗത്ത് വില്ലേജിൽ നിന്നും ഈ വ്യാജ അപേക്ഷകൾ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾക്ക് എതിരായ കൂടുതൽ കണ്ടെത്തലുകൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇനി, പൊലീസിന്റെയും വനംവകുപ്പിന്റെയും കുറ്റപത്രമാണ് അടുത്ത ഘട്ടം. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമുള്ള നടപടി റവന്യുവകുപ്പും സ്വീകരിച്ചാൽ മുട്ടിൽ മരംമുറിയിലെ പ്രതികൾ കനത്ത നിയമനടപടി നേരിടേണ്ടിവരും.