കൊച്ചി: എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന നിലയിൽ പി.വി.ശ്രീനിജിന്റെ പ്രവർത്തനം സർക്കാരിനും പാർട്ടിക്കും നാണക്കേടെന്ന് സിപിഎം വിലയിരുത്തൽ ഉണ്ടായെന്ന് മനോരമ വാർത്ത. എംഎൽഎയ്ക്കു ജനപ്രതിനിധി എന്ന നിലയിൽ തിരക്കുള്ളതിനാൽ സ്പോർട്സ് കൗൺസിൽ ചുമതല തടസമാകുമെന്നും അഭിപ്രായം. ജില്ലാ സെക്രട്ടറി സി.എൻ.മോഹനന്റെ പ്രവർത്തികളിലും പാർട്ടി നേതൃത്വത്തിനു നീരസമുണ്ട്. തെറ്റു തിരുത്തലിന്റെ ഭാഗമായാണ് ഈ തീരുമാനം എല്ലാം.

എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിനിർത്താൻ പാർട്ടി തീരുമാനിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് പി.വി.ശീനിജിൻ എംഎ‍ൽഎ രംഗത്തു വന്നു. അധിക ചുമതല ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് പാർട്ടിക്ക് കത്തെഴുതിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ജില്ലാകമ്മറ്റി തീരുമാനമെന്നും ശ്രീനിജിൻ പറഞ്ഞു. ഔദ്യേഗികമായ അറിയിപ്പ് ലഭിച്ചാലുടൻ രാജി സമർപ്പിക്കുമെന്നും ശ്രീനിജിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞ ശ്രീനിജിന്റെ നടപടി വലിയ വിവാദമായിരുന്നു. 

സി.എൻ.മോഹനനും പി.വി.ശ്രീനിജിനും കൂപ്പർ വിവാദ നായകൻ പി.കെ.അനിൽ കുമാറിനും നേരെയുള്ള അതൃപ്തി പൂർണാർഥത്തിൽ പ്രകടമാക്കി എറണാകുളം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ നിലപാട് എടുത്തുവെന്നാണ് മനോരമ വാർത്ത. പെട്രോളിയം ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്നു സി.എൻ.മോഹനനെ നീക്കിയ നേതൃത്വം രൂക്ഷ വിമർശനവും നടത്തി. പെട്രോളിയം ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു പി.കെ.അനിൽ കുമാറിനെ നീക്കിയതും സി.എൻ.മോഹനന് തിരിച്ചടിയായി.

അനിൽ കുമാറിന്റെ ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിൽ സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്നിട്ടും സി.എൻ.മോഹനന് വീഴ്ച പറ്റിയതായി ആരോപണമുയർന്നു. പാർട്ടി ജില്ലാ സെക്രടറിയ്‌ക്കെന്തിനാ സംസ്ഥാന യൂണിയന്റെ ഭാരവാഹിത്വം എന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ചോദിച്ചു. ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ സിഐടിയുവിൽ പ്രവർത്തിക്കുന്ന മുഴുസമയ പ്രവർത്തകനു ചുമതല നൽകാനാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പരാജയം സംബന്ധിച്ച റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ഒടുവിലാണ് പെട്രോളിയം ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ വിവാദവും ജില്ലാ സ്‌പോട്‌സ് കൗൺസിൽ പ്രശ്‌നവും ചർച്ച ചെയ്തത്. സി.എൻ.മോഹനന്റെ എകപക്ഷീയമായ നിലപാടിനും വ്യക്തി താൽപര്യങ്ങൾക്കും, നിസഹകരണത്തിനും എതിരെയും കമ്മറ്റിയിൽ വിമർശനമുയർന്നു. ജില്ലാ നേതൃത്വം കൂട്ടായ്മയോടെ പ്രവർത്തിക്കണം എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ഉപദേശം.

എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്തുനിന്ന് കുന്നത്തുനാട് എംഎ‍ൽഎ. പി.വി. ശ്രീനിജനെ നീക്കുമെന്ന് മാതൃഭൂമിയും പറയുന്നു. എംഎ‍ൽഎ. സ്ഥാനവും സ്പോർട്സ് കൗൺസിൽ അധ്യക്ഷസ്ഥാനവും ഒരുമിച്ച് വഹിക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. ഇതോടെ സ്പോർട്സ് കൗൺസിൽ അധ്യക്ഷസ്ഥാനം ശ്രീനിജന് രാജിവെക്കേണ്ടിവരും.

കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽസ് പി.വി. ശ്രീനിജൻ തടഞ്ഞത് വലിയ വിവാദമായിരുന്നു. ട്രയൽസ് നടക്കാനിരുന്ന പനമ്പള്ളി നഗറിലെ ഗ്രൗണ്ടിന്റെ ഗേറ്റ് എംഎ‍ൽഎ. പൂട്ടിയിടുകയായിരുന്നു. എട്ടുമാസത്തോളമുള്ള വാടകകുടിശ്ശിക നൽകിയില്ലെന്ന് ആരോപിച്ച് ട്രയൽസ് തടസ്സപ്പെടുത്തിയതിനെത്തുടർന്ന്, ട്രയൽസിനെത്തിയ കുട്ടികൾ പെരുവഴിയിലായിരുന്നു. എന്നാൽ, വാടക കൃത്യമായി തന്നിട്ടുണ്ടെന്ന് വ്യക്തമാക്കി സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ യു. ഷറഫലി രംഗത്തെത്തിയിരുന്നു.

സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു വ്യാഴാഴ്ച ജില്ല സെക്രട്ടേറിയറ്റ് യോഗം ചേർന്നത്. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച എ.കെ. ബാലൻ- ടി.പി. രാമകൃഷ്ണൻ കമ്മിഷന്റെ റിപ്പോർട്ട് യോഗത്തിൽ ചർച്ചചെയ്തിരുന്നു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ചില ദുഷ്പ്രവണതകൾ ഉണ്ടായെന്നായിരുന്നു വിലയിരുത്തൽ. കമ്മിഷൻ റിപ്പോർട്ട് അംഗീകരിച്ചെങ്കിലും ആർക്കെതിരേയും നടപടി എടുത്തിരുന്നില്ല. മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ അന്വേഷണ കമ്മിഷനുമായി സഹകരിച്ചില്ലെന്ന് വിമർശനമുയർന്നു.

മിനി കൂപ്പർ കാർ വാങ്ങിയതിനെത്തുടർന്ന് വിവാദത്തിൽപ്പെട്ട സിഐ.ടി.യു. നേതാവ് പി.കെ. അനിൽകുമാറിനെ പാർട്ടി അംഗത്വത്തിൽനിന്ന് നീക്കാനും തീരുമാനമായിട്ടുണ്ട്. അനിൽകുമാർ 50 ലക്ഷത്തോളം രൂപ വിലവരുന്ന മിനി കൂപ്പർ കാർ വാങ്ങിയത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ സിഐ.ടി.യു.വിന്റെ ഭാരവാഹിയായിരുന്നു അനിൽകുമാർ.