കൊല്ലം: പണം ചെലവാക്കി പാര്‍ട്ടി പിടിച്ചാല്‍, ആ പാര്‍ട്ടിക്കാരെ ലഹരിമരുന്നു കടത്തിന് ഉപയോഗിക്കാവുന്ന പാര്‍ട്ടി സംവിധാനമാക്കി മാറ്റിയതും ലോക്കല്‍ കമ്മിറ്റി ഓഫിസ് ലഹരിമരുന്നു കച്ചവടം നടത്തുന്ന കേന്ദ്രമാക്കിയതുമായ അനുഭവം സിപിഎമ്മിലുണ്ടായിട്ടുണ്ടെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴായിരുന്നു ഗോവിന്ദന്റെ പരാമര്‍ശം. ആലപ്പുഴയിലെ സിപിഎമ്മിലെ വിഭാഗീയതയിലും ലഹരിക്കടത്ത് വിവാദങ്ങളിലും പാര്‍ട്ടി എടുത്ത നടപടികള്‍ ഏറെ ചര്‍ച്ചയായിരുന്നു. അന്ന് മൂന്ന് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു. ആലപ്പുഴ നോര്‍ത്ത്, ആലപ്പുഴ സൗത്ത് ഹരിപ്പാട് കമ്മിറ്റികളാണ് പിരിച്ചു വിട്ടത്. പകരം അഡ്‌ഹോക്ക് കമ്മിറ്റികള്‍ കൊണ്ട് വന്നു. ഗോവിന്ദന്റെ ഇടപെടലായിരുന്നു നടപടികള്‍ക്ക് കാരണമായത്. ഈ സംഭവാണ് കൊല്ലത്ത് ഗോവിന്ദന്‍ സ്ഥിരീകരിക്കുന്നത്.

'ഇതു കേരളത്തില്‍ തന്നെയുള്ള അനുഭവമായിരുന്നു. അത്തരം ഭീകരവാഴ്ചയ്‌ക്കെതിരെ ഗൗരവപൂര്‍ണമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് അവിടെ പോയി യോഗം ചേര്‍ന്നെങ്കിലും ഭൂരിപക്ഷ അഭിപ്രായം സ്വീകരിച്ചു മടങ്ങിപ്പോകേണ്ടിവന്ന അനുഭവമുണ്ട്. നടപടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ പാര്‍ട്ടി ഘടകത്തെ പിരിച്ചുവിടേണ്ടി വരുമെന്നു സംസ്ഥാന സെക്രട്ടറി ഉറപ്പിച്ചു പറഞ്ഞതോടെയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി നേരിട്ടെത്തി കമ്മിറ്റി വിളിച്ചു നടപടിക്കു വിധേയമാക്കിയത്. നോക്കിയപ്പോഴാണ് മനസ്സിലാകുന്നത്, ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ പോലും ലഹരിമരുന്ന് കച്ചവടം നടത്തുന്ന കേന്ദ്രമായിരുന്നുവെന്ന്. ഒരു പണക്കാരന്‍ ഏരിയ കമ്മിറ്റിയിലെ വിഭാഗീയത വ്യക്തിപരമായി മുതലാക്കാമെന്നു കണ്ടു പണം ചെലവാക്കി പാര്‍ട്ടിയെ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ഉണ്ടായ പ്രശ്‌നമാണ്. ഈ കേരളത്തില്‍ ഉണ്ടായതാണ്. ഞങ്ങള്‍ പരിശോധിച്ചതാണ്. ആ കമ്മിറ്റിയെ പിന്നീടു മാറ്റി. ആ പ്രവണതകളെല്ലാം മാറ്റി. ഇപ്രാവശ്യം യാതൊരു പ്രശ്‌നവുമില്ലാതെ അവിടെ സമ്മേളനം നടന്നു' ഗോവിന്ദന്‍ പറഞ്ഞു.

ആലപ്പുഴയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തിയവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി. പി. ചിത്തരഞ്ജന്‍ എംഎല്‍എയെ തരംതാഴ്ത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സത്യപാലനെയും തരംതാഴ്ത്തി. ലഹരി കടത്ത് വിഷയത്തില്‍ ആരോപണ വിധേയനായ എ ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഷാനവാസിനെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് പണം ചെലവാക്കി പാര്‍ട്ടി പിടിച്ചാല്‍, ആ പാര്‍ട്ടിക്കാരെ ലഹരിമരുന്നു കടത്തിന് ഉപയോഗിക്കാവുന്ന പാര്‍ട്ടി സംവിധാനമാക്കി മാറ്റിയതെന്ന ഗോവിന്ദന്‍ പരാമര്‍ശം ചര്‍ച്ചയാകുന്നത്. ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ ലോറികളില്‍ കേരളത്തിലേക്ക് കടത്തിയ കേസില്‍ ലോറി ഉടമയായ സിപിഎം നേതാവാണ് ഷാനവാസ്.

പുകയില ഉത്പന്നങ്ങള്‍ കടത്തിയ ലോറികളിലൊന്നിന്റെ ഉടമയാണ് ആലപ്പുഴ നഗരസഭ സ്ഥിരം സമിതി ചെയര്‍മാനും സിപിഎം ഏരിയാ കമ്മിറ്റിയംഗവുമായ എ. ഷാനവാസ്. ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതിനു പിന്നാലെ കരുനാഗപ്പള്ളി സ്റ്റേഷനില്‍ എത്താന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഷാനവാസ് തയ്യാറായില്ല. മറ്റൊരു ലോറിയുടെ ഉടമ എ. അന്‍സാറും സമാന നിലപാടാണ് സ്വീകരിച്ചത്. ഷാനവാസിന്റെ ബിസിനസ് പങ്കാളി കൂടിയാണ് അന്‍സാര്‍. ഇതോടെ കരുനാഗപ്പള്ളി പോലീസ് ആലപ്പുഴയില്‍ എത്തി ഷാനവാസിന്റെയും അന്‍സാറിന്റെയും മൊഴി രേഖപ്പെടുത്തി. വാഹനം ഇടുക്കി കട്ടപ്പന സ്വദേശി ജയനു വാടകയ്ക്കു നല്കിയെന്നായിരുന്നു ഇരുവരുടെയും വാദം. പിന്നീട് ഈ വിവാദം ആളിക്കത്തി. കര്‍ണാടകയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കൊണ്ടുവന്നതെന്നായിരുന്നു പ്രതികളുടെ മൊഴി.

ആലപ്പുഴ നഗരസഭയിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റിയംഗവുമായിരുന്നു എ.ഷാനവാസ്. ആലപ്പുഴയിലെ ജന്മദിനാഘോഷത്തില്‍ ലഹരിക്കടത്ത് പ്രതി ഇജാസിനൊപ്പം നില്‍ക്കുന്ന ഷാനവാസിന്റെ പടം പുറത്തായത് ഏറെ വിവാദമായി. ലഹരികടത്ത് കേസിലെ പ്രതികളെ അറിയില്ലെന്ന ഷാനവാസിന്റെ വാദം ഇതോടെ പൊളിയുകയായിരുന്നു. ലഹരിക്കടത്തിന് പിടിയിലാകുന്നതിന് നാലുദിവസം മുന്‍പായിരുന്നു ആഘോഷം. 1,27,410 പാക്കറ്റ് ലഹരിവസ്തുക്കളാണ് കണ്ടെടുത്തത്. ലോറികളില്‍ സവാള ചാക്കുകള്‍ക്കിടയില്‍ വിവിധ പെട്ടികളിലും ചാക്കുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു. ഈ കേസില്‍ ഷാനവാസിനെതിരെ പോലീസിന് തെളിവൊന്നും കിട്ടിയില്ലെന്നതാണ് വസ്തുത. അപ്പോഴും പാര്‍ട്ടി നടപടികളിലേക്ക് കടന്നുവെന്നതാണ് വിചിത്രം.