തിരുവനന്തപുരം: ഇന്ധന സെസ് കുറച്ചേ മതിയാകൂവെന്ന നിലപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അല്ലെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടക്കം തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ സർക്കാരിന്റെ ധനസ്ഥിതിയിൽ ഇത് അനിവാര്യതയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും പറയുന്നു. വെള്ളക്കരവും വൈദ്യുതി നിരക്കും പെട്രോൾ സെസുമെല്ലാം ഇടതു സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന് സിപിഎം നേതാക്കളും തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ചില ന്യായീകരണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. കൂടിയ വെള്ളക്കര ബില്ലും വൈദ്യുതി ബില്ലും എത്തുമ്പോൾ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തും. ഇതിനൊപ്പം ഏപ്രിലിൽ ഇന്ധന സെസ് കൂടുമ്പോൾ അതും പ്രതിഷേധാഗ്നിയാകും. അതുകൊണ്ട് ഇന്ധന സെസ് എങ്കിലും കുറച്ചേ മതിയാകൂവെന്നാണ് സിപിഎം നിലപാട്.

ഇന്ധന സെസ് കുറയ്ക്കുമെന്നാണ് പുറത്തു വരുന്ന സൂചനകളും. രണ്ട് രൂപയിൽ നിന്നും ഒരു രൂപയായെങ്കിലും കുറയ്ക്കും. അത് എൽഡിഎഫിന്റെയും സർക്കാരിന്റെയും തീരുമാനമായി പിന്നീടു പ്രഖ്യാപിച്ചാൽ മതിയെന്ന ധാരണ സിപിഎമ്മിൽ ഉണ്ടായി എന്നും സൂചനയുണ്ട്. പ്രതിപക്ഷ സമ്മർദത്തെത്തുടർന്ന് ബജറ്റ് തീരുമാനം തിരുത്തിയെന്നു വരുത്തേണ്ടെന്നാണ് സിപിഎം നേതൃത്വം നിശ്ചയിച്ചത്. സെസിൽ മാറ്റം വരുത്താൻ നിർബന്ധിതമാകുമെന്ന പ്രതീക്ഷയിൽ സമരവുമായി നീങ്ങാനാണു പ്രതിപക്ഷ തീരുമാനം. 13,14 തീയതികളിൽ യുഡിഎഫിന്റെ രാപകൽ സമരം നടക്കും. അടുത്ത ഇടതു മുന്നണി യോഗം സെസിൽ ചർച്ച നടത്തും. അതിന് ശേഷം തീരുമാനം ഉണ്ടാകും.

കേന്ദ്ര ഉത്തരവിന്റെ ഫലമായി 2700 കോടി രൂപ കൂടി ബജറ്റിനു തൊട്ടുമുൻപ് സംസ്ഥാനത്തിനു നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇന്ധന സെസിലേക്ക് കടക്കേണ്ടിവന്നതെന്നാണു പാർട്ടി നേതൃത്വത്തെ മന്ത്രി കെ.എൻ.ബാലഗോപാൽ ധരിപ്പിച്ചത്. ഇന്ധന വിലവർധനയുടെ പേരിൽ കേന്ദ്രത്തിനെതിരെ നിരന്തര സമരം നടത്തുന്ന പാർട്ടിയും മുന്നണിയും എന്നതുകൊണ്ടുതന്നെ ഒരു പുനരാലോചന വേണ്ടേയെന്ന ചർച്ച ബജറ്റ് ദിനത്തിലും പിറ്റേന്നും എൽഡിഎഫിൽ നടന്നിരുന്നു. എന്നാൽ സംസ്ഥാനമാകെ പ്രതിപക്ഷം സമരം ആരംഭിക്കുകയും നാല് എംഎൽഎമാർ സത്യഗ്രഹം തുടങ്ങുകയും ചെയ്തതോടെ ഭരണനേതൃത്വത്തിന്റെ മനോഭാവം മാറി.

സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥ ഈ മാസം 20ന് കാസർകോട് ആരംഭിക്കുന്നതും കണക്കിലെടുക്കേണ്ടി വരും. കേന്ദ്രത്തിനെതിരെ തിരിയുമ്പോൾതന്നെ സംസ്ഥാന നികുതിവർധനയെ ന്യായീകരിക്കേണ്ട ബാധ്യതയും ജാഥാംഗങ്ങൾക്കു വരുന്നു. ഇതെല്ലാം മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. തൽക്കാലം സെസിനെ ന്യായീകരിക്കുന്ന നിലപാട് എടുക്കാനും പിന്നീട് ഒരു ഘട്ടത്തിൽ പിൻവലിക്കുകയോ കുറയ്ക്കുകയോ ചെയ്യാനുമാണ് നീക്കം.

ഫെബ്രുവരി 27 മുതൽ മാർച്ച് 30 വരെ നീളുന്ന സഭാസമ്മേളനത്തിൽ ബജറ്റ് പൂർണമായും പാസാക്കിയ ശേഷം ഏപ്രിൽ മുതലേ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരൂ. അതുകൊണ്ടുതന്നെ ഇന്ധന സെസ് ഈടാക്കിത്തുടങ്ങുന്നതിനു മുൻപ് വേണ്ടെന്നു വയ്ക്കാം. എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്നതും വിലക്കയറ്റത്തിനു വഴിവയ്ക്കുന്നതുമായ ഇന്ധന വിലവർധന സാധ്യമെങ്കിൽ ഒഴിവാക്കണമെന്ന അഭിപ്രായം സിപിഐയ്ക്കുമുണ്ട്. ഇടത് യോഗത്തിൽ ഇത് സിപിഐ ഉന്നയിക്കും. ഇതെല്ലാം ചർച്ചയാക്കി ഇളവോ പിൻവലിക്കലോ ഉണ്ടാകും.

ബജറ്റിനും ബുധനാഴ്ചത്തെ മന്ത്രിയുടെ മറുപടിപ്രസംഗത്തിനും ഇടയിൽ സിപിഎമ്മിൽ ചർച്ചകൾ നടന്നിരുന്നു. പ്രതിപക്ഷ വിജയമായി സെസ് പിൻവലിക്കൽ വരാതിരിക്കാനാണ് മറുപടി പ്രസംഗത്തിൽ മാറ്റങ്ങൾ കൊണ്ടു വരാത്തത്. അതിനിടെ ഈ മാസം ഇന്ധന വില കേന്ദ്ര സർക്കാർ ഇടപെട്ട് കുറപ്പിക്കുമെന്ന വിലയിരുത്തലും സംസ്ഥാന സർക്കാരിനുണ്ട്. ഇതെല്ലാം നിരീക്ഷിച്ച ശേഷമാകും അന്തിമ തീരുമാനം എടുക്കുക.