പമ്പ: തക്ക സമയത്ത് ഉണർന്നു പ്രവർത്തിച്ച രണ്ടു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് ശബരിമല ദർശനത്തിന് വരും വഴി ബസിനുള്ളിൽ ഒറ്റപ്പെട്ടു പോയ ഒമ്പതു വയസുകാരിയെ കണ്ടെത്തി പൊലീസിന് കൈമാറി. പിതാവിനും മുത്തശിക്കുമൊപ്പം ദർശനത്തിന് വന്ന നാലാം ക്ലാസുകാരി ഇവർ സഞ്ചരിച്ചിരുന്ന ബസിൽ കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നു. കുട്ടി കിടന്ന് ഉറങ്ങുന്ന കാര്യം മറന്ന് പിതാവും മുത്തശിയും പമ്പയിൽ ചെന്നിറങ്ങി. ഇവർ കയറിയ ബസ് തിരികെ നിലയ്ക്കലിലേക്ക് പാർക്കിങിന് പോയിക്കഴിയുമ്പോഴാണ് കുട്ടി ഇറങ്ങിയില്ലെന്ന് ഇവർ മനസിലാക്കുന്നത്. വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് കൺട്രോൾ റൂമിൽ നിന്നുള്ള വയർലസ് സന്ദേശം പിന്തുടർന്നാണ് മോട്ടോർ വാഹന വകുപ്പിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ആർ. രാജേഷും ജി. അനിൽകുമാറും കുട്ടിയെ കണ്ടെത്തിയത്.

തമിഴ്‌നാട്ടിൽ നിന്ന് ദർശനത്തിന് വന്നതാണ് നാലാം ക്ലാസിൽ പഠിക്കുന്ന ഭവ്യയും പിതാവും മുത്തശിയും. ആന്ധ്രാപ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ ചൊവ്വാഴ്ച രാവിലെയാണ് ഇവർ പമ്പയിൽ എത്തിയത്. ബസ് നിർത്തിയപ്പോൾ പിതാവും മുത്തശിയും ഇറങ്ങി. കുട്ടിയും ഒപ്പം ഇറങ്ങിയെന്നാണ് ഇവർ കരുതിയത്. കൂടെ വന്നവർക്കൊപ്പം കുട്ടിയെ തെരഞ്ഞെങ്കിലും കണ്ടില്ല. പരിഭ്രാന്തരായ ഇവർ പമ്പ പൊലീസ് കൺട്രോൾ റൂമിലെത്തി പരാതി അറിയിച്ചു. ഇവിടെ നിന്ന് ഉടൻ തന്നെ വയർലസ് സന്ദേശം നാനാവഴിക്കും പാഞ്ഞു.

പമ്പ-നിലയ്ക്കൽ റൂട്ടിൽ പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന രാജേഷും അനിൽകുമാറും ഈ സന്ദേശം കേട്ടു. എ.പി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിന്റെ നമ്പരും വയർലസിലൂടെ ഇവർ മനസിലാക്കി. ഇവർ വരുന്ന വഴി ഇതേ നമ്പരിലുള്ള ബസ് കണ്ടു. കൈ കാണിച്ച് ബസ് നിർത്തി ഡ്രൈവറോടും കണ്ടക്ടറോടും ചോദിച്ചപ്പോൾ ബസിൽ ആരുമില്ലെന്നും എല്ലാവരും പമ്പയിൽ ഇറങ്ങിയെന്നുമായിരുന്നു മറുപടി. ബസ് കണ്ടെത്തിയ സ്ഥിതിക്ക് തങ്ങൾക്ക് പരിശോധിക്കണം എന്നാവശ്യപ്പെട്ട ഉദ്യോഗസ്ഥർ അകത്തു കയറി പരിശോധിച്ചു.

ബസിന്റെ ഏറ്റവും പിന്നിലായുള്ള മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിൽ കുട്ടി ചുരുണ്ടുകൂടി കിടന്ന് ഉറങ്ങുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ രാജേഷ് എടുത്തു കൊണ്ട് വാഹനത്തിന് പുറത്തു വന്നു. വിവരം പൊലീസിനെ അറിയിക്കാൻ നോക്കിയെങ്കിലും വയർലസിന് റേഞ്ച് ഉണ്ടായിരുന്നില്ല. ഈ സമയം പൊലീസിന്റെ പട്രോളിങ് വാഹനവും അവിടേക്ക് വന്നു. അവരോട് കുട്ടിയെ കിട്ടിയ വിവരം പറഞ്ഞതിന് ശേഷം തങ്ങളുടെ വാഹനത്തിൽ തന്നെ രാജേഷും അനിലും ചേർന്ന് കുട്ടിയെ പമ്പ പൊലീസ് കൺട്രോൾ റൂമിൽ എത്തിക്കുകയായിരുന്നു. ആറ്റിങ്ങൽ എ.എം വിഐയാണ് ആർ. രാജേഷ്. കുന്നത്തൂർ എ.എം വിഐയാണ് ജി. അനിൽകുമാർ.