തിരുവനന്തപുരം: വേദിയിലും സദസിലും ആളുകുറഞ്ഞാല്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ ചൂടാകും. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ മന്ത്രി വരുന്നുണ്ടെന്ന് അറിഞ്ഞാലേ പേടിയാണ്. സംഘാടനത്തില്‍ വീഴ്ച ആരോപിച്ച് സ്വന്തം വകുപ്പിന് കീഴിലെ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് മന്ത്രി ബഹിഷ്‌കരിച്ചത് കഴിഞ്ഞ മാസാവസാനമാണ്. മോട്ടോര്‍ വാഹനവകുപ്പ് പുതുതായി നിരത്തിലിറക്കുന്ന 52 വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് നിശ്ചയിച്ചിരുന്ന കനകക്കുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വേദിയിലും സദസിലും ആളുകുറഞ്ഞതിലും വാഹനങ്ങള്‍ താന്‍ പറഞ്ഞതിന് വിരുദ്ധമായി കനകക്കുന്നില്‍ ക്രമീകരിച്ചതിലും അതൃപ്തി രേഖപ്പെടുത്തിയാണ് ചടങ്ങ് തന്നെ റദ്ദാക്കിയത്. ഈ പശ്ചാത്തലത്തില്‍, വിഷന്‍ 2031 പരിപാടിയുടെ ഭാഗമായി തിരുവല്ലയില്‍ നടക്കുന്ന മോട്ടോര്‍ വാഹനവകുപ്പ് സെമിനാറില്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരെയും പങ്കെടുപ്പിക്കാന്‍ ദക്ഷിണമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിറക്കി. ഈ മാസം 15-ന് നടക്കുന്ന സെമിനാറിലേക്ക് പരമാവധി പേരെ എത്തിക്കാനാണ് നിര്‍ദ്ദേശം.

ഉത്തരവ് പ്രകാരം, സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ (SRTO) നിന്ന് ഒരു പിആര്‍ഒയും ഒരു ക്ലര്‍ക്കും ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണം. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ (RTO) ആകട്ടെ, ഒരു പിആര്‍ഒയും രണ്ട് ക്ലര്‍ക്കും ഒഴികെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കെടുക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഇത്രയധികം ഉദ്യോഗസ്ഥര്‍ ഒരേ സമയം സെമിനാറില്‍ പങ്കെടുക്കുന്നതോടെ വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിക്കാനുള്ള സാധ്യതയുണ്ട്.

മന്ത്രിയെ പ്രീതിപ്പെടുത്താനാണ് ഈ നടപടിയെന്നും, പങ്കാളിത്തം കുറഞ്ഞതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി അടുത്തിടെ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് ചടങ്ങ് റദ്ദാക്കിയതിന് പിന്നാലെയാണ് ഈ ഉത്തരവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. വിഷന്‍ 2031 പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഒക്ടോബര്‍ മാസത്തില്‍ 33 സെമിനാറുകളാണ് സംഘടിപ്പിക്കുന്നത്. ഇതില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ സെമിനാറാണ് തിരുവല്ലയില്‍ നടക്കുന്നത്.

കനകക്കുന്നില്‍ സംഭവിച്ചത്...

സംഘാടനം മോശമെന്നാരോപിച്ചാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിപാടിയില്‍ നിന്ന് മന്ത്രി ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയത്. 52 വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കാതെയാണ് മന്ത്രി ചടങ്ങ് റദ്ദാക്കി ഇറങ്ങിപ്പോയത്. കനകക്കുന്നിലെ പരിപാടിയില്‍ പങ്കെടുത്തത് തന്റെ പാര്‍ട്ടിക്കാരും കുറച്ച് ഉദ്യോഗസ്ഥരും മാത്രമെന്നു പറഞ്ഞ മന്ത്രി സംഘാടകനായ എംവിഡി ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും പറഞ്ഞിരുന്നു.

കേരള സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് 52 വാഹനങ്ങള്‍ വാങ്ങുകയും അത് കനകക്കുന്ന് കൊട്ടാരത്തിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട് മനോഹരമായി ഈ പരിപാടി നടത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ യാതൊരു ഉത്തരവാദിത്തവും കാണിച്ചില്ല. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കും.

കനകക്കുന്നിലെ വേദിക്ക് അരികിലേക്ക് വണ്ടി കയറ്റിയാല്‍ ടൈല്‍ പൊട്ടുമെന്ന് ഏതോ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അറിഞ്ഞു. കാറ് കയറ്റിയാല്‍ ടൈല്‍ പൊട്ടുമെങ്കില്‍ അതറിയാന്‍ ബന്ധപ്പെട്ട മന്ത്രിക്ക് കത്ത് കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ക്ഷമചോദിച്ച മന്ത്രി പരിപാടി മറ്റൊരു ദിവസം നടക്കുമെന്ന് അറിയിച്ച് വേദി വിടുകയായിരുന്നു. മറ്റൊരു ദിവസം പരിപാടി നടക്കും എന്നും മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.