കോതമംഗലം: നിയമം ലംഘിച്ച് കല്യാണയാത്ര കെസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. കെ എസ് ആർ ടി സി ബസിനെ 'താമരാക്ഷൻ പിള്ളക്കിയ ഡ്രൈവറുടെ ലൈസൻസ് റദ്ദു ചെയ്തു. മോട്ടോർ വാഹന വകുപ്പിന്റേതാണ് നടപടി. സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് അലങ്കരിച്ചതെന്ന് ഡ്രൈവർ വ്യക്തമാക്കി. അബദ്ധം സംഭവിച്ചതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും കെ എസ് ആർ ടി സി ഡ്രൈവർ റഷീദ് പറഞ്ഞു. ബസ് പരിശോധിച്ച ഉദ്യോഗസ്ഥർ ഡ്രൈവറോട് ഇന്ന് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു.

ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനിലാണ് നടപടി സ്വീകരിച്ചതെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു. ഇക്കാര്യത്തിൽ ഡ്രൈവർക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് ജോയിന്റെ ആർ ടി ഒ ഷോയി വർഗീസ് പറഞ്ഞു. അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെഎസ്ആർടിസി ബസാണ് മരച്ചില്ലകളും മറ്റും ചുറ്റുംവച്ചുകെട്ടി അപകടകരമാംവിധം അലങ്കരിച്ചത്. കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് ഇടുക്കി അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെ എസ് ആർ സി ബസിനെ സിനിമയിലേതുപോലെ അണിയിച്ചൊരുക്കിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.

ദിലീപിന്റെ സിനിമയായ പറക്കും തളികയിലെ 'താമരാക്ഷൻ പിള്ള' എന്ന കഥാപാത്രത്തിന്റെ ബസ്സിനെ അനുകരിച്ച് അതേ രീതിയിൽ ഇലകൊണ്ടും വലിയ മരക്കൊമ്പുകൾ കൊണ്ടും തെങ്ങിന്റെ ഓലകൊണ്ടുമെല്ലാം അലങ്കരിച്ച രീതിയിൽ ഒരു ബസിനാണ് പണികിട്ടിയത്. വിവാഹ ഓട്ടത്തിന് ശേഷം മടങ്ങി എത്തിയ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് പരിശോധന നടത്തി. വീണ്ടും സർവീസിന് അയക്കരുതെന്ന് കെഎസ്ആർടിസി കോതമംഗലം ഡിപ്പോ അധികൃതരോട് ആവശ്യപ്പെട്ടു.

വീഡിയോ കാണുമ്പോൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തുവെന്നാണ് പ്രാഥനിക വിലയിരുത്തലെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ മറുനാടനോട് വ്യക്തമാക്കിയിരുന്നു. ഇന്നലെ രാവിലെയാണ് കെഎസ്ആർടിസി ബസ് ദിലീപ് ചിത്രമായ 'പറക്കും തളിക'യിലെ 'താമരാക്ഷൻ പിള്ള' ബസിനെ അനുസ്മരിപ്പിക്കും വിധം 'അലങ്കരിച്ച്' ഓട്ടം നടത്തിയത്. മരച്ചില്ലകളെല്ലാം കെട്ടിവച്ചായിരുന്നു ബസ് 'അലങ്കരിച്ചിരുന്നത്'. മരച്ചില്ലകൾ പുറത്തേക്ക് തള്ളി നൽക്കും വിധം ബസിൽ കെട്ടിവച്ചിരുന്നു. ബസിന് മുന്നിൽ സിനിമയിലേതിന് സമാനമായി 'താമരാക്ഷൻ പിള്ള' എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. കെഎസ്ആർടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് 'താമരാക്ഷൻ പിള്ള' എന്ന് എഴുതിയത്.

കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് ബസ് ബുക്ക് ചെയ്തത്. കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്. 10,000 രൂപയാണ് ഫീസ് ഈടാക്കിയത്. രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. സിനിമയിലേതിന് സമാനമായി ബസിന് ചുറ്റും മരച്ചില്ലകൾ വച്ചുകെട്ടുകയായിരുന്നു. ബ്രസീൽ, അർജന്റീന പതാകകളും ബസിന് മുന്നിൽ കെട്ടി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചില പൊതുപ്രവർത്തകരാണ് കോതമംഗലം പൊലീസിനെ വിവരം അറിയിച്ചത്. മോട്ടോർ വാഹന വകുപ്പിനും ദൃശ്യങ്ങൾ കൈമാറിയിരുന്നു.

തുടർന്ന് ട്രിപ്പിനിടെ തന്നെ ഡ്രൈവറെ വിളിച്ചു. ഊന്നുകൽ ഭാഗത്ത് വച്ച് ബസ് പിടിച്ചെടുത്ത് അലങ്കാരങ്ങൾ അഴിച്ചുമാറ്റിയ ശേഷമാണ് ബസ് വിട്ടത്. തിരിച്ച് ആലുവയ്ക്കുള്ള സർവീസ് നടത്തുന്നതിടെ, ഉച്ചയ്ക്ക് രണ്ടുമണിയോടെ, കോതമംഗലം താലൂക്ക് ആശുപത്രിക്ക് അടുത്ത് വച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം തടഞ്ഞു. തുടർന്ന് പരിശോധനയ്ക്ക് ശേഷം സർവീസ് തുടർന്നാൽ മതിയെന്ന് നിർദ്ദേശിക്കുകയായിരുന്നു. ബസ് ഇപ്പോൾ കോതമംഗലം ഡിപ്പോയിൽ പിടിച്ചിട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ, കെ എസ് ആർ ടിസിക്ക് എതിരെ വൻവിമർശനമാണ് ഉയർന്നത്. സ്വകാര്യ ടൂറിസ്റ്റ് വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമ്പോൾ, കോർപറേഷൻ വാഹനത്തിന് എങ്ങനെ നിയമലംഘനം നടത്താനാകുമെന്ന ചോദ്യമാണ് ഉയരുന്നത്.