പത്തനംതിട്ട: നാട്ടുകാർക്കും യാത്രക്കാർക്കും മുന്നിൽ തങ്ങളെ വെല്ലുവിളിക്കുകയും നാണം കെടുത്തുകയും ചെയ്ത റോബിൻ മോട്ടോഴ്സ് ഉടമ ഗിരീഷിനിട്ട് പണിയാൻ കെഎസ്ആർടിസിയെ രംഗത്തിറക്കി ഗതാഗത വകുപ്പ്. റോബിൻ ബസ് പുലർച്ചെ സർവീസ് നടത്തുന്ന പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ നാളെ (ഞായർ) പുലർച്ചെ മുതൽ കെഎസ്ആർടിസി ലക്ഷ്വറി വോൾവോ ബസ് സർവീസ് തുടങ്ങും. റോബിൻ അഞ്ചരയ്ക്കാണ് പുറപ്പെടുന്നതെങ്കിൽ ലക്ഷ്വറി വോൾവോ പുലർച്ചെ നാലരയ്ക്ക്, ഒരു മണിക്കൂർ മുമ്പേ പുറപ്പെടും.

പത്തനംതിട്ടയിൽ നിന്നും പുലർച്ചെ 4. 30ന് ആരംഭിക്കുന്ന സർവീസ് തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 4 .30 ന് പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ്.

കോടതി പറയുന്നതു വരെ സർവീസ് തുടരുമെന്ന് പ്രഖ്യാപിച്ച റോബിൻ ഗിരീഷിനെ പിഴ ചുമത്തി പേടിപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പ് ശ്രമിച്ചത്. എന്നാൽ, വഴി നീളെ ബസിന് കിട്ടിയ പൊതുജന പിന്തുണ സർക്കാരിനെയും മോട്ടോർ വാഹനവകുപ്പിനെയും ഞെട്ടിച്ചു. ആദ്യ സർവീസിൽ ബസിൽ കൂടുതലായും ഉണ്ടായിരുന്നത് മാധ്യമ പ്രവർത്തകരും വ്ളോഗർമാരുമായിരുന്നു. ഓരോ തവണ ബസ് തടയുമ്പോഴും മാധ്യമങ്ങൾ ലൈവ് സംപ്രേഷണം നടത്തി. നാട്ടുകാർ ഇറങ്ങി നിന്ന് വെഹിക്കിൾ ഇൻസ്പെക്ടർമാരെ കൂവി വിളിക്കാൻ തുടങ്ങിയതോടെ ഇവർ നാണം കെടുകയും ചെയ്തു. ഓരോ തവണയും റോബിൻ ഉടമ ഗിരീഷ് മോട്ടോർ വാഹനവകുപ്പിനെ വെല്ലുവിളിച്ചു. പിഴ ഈടാക്കാനുള്ള നോട്ടീസ് കൊടുക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയാത്ത നിസഹായ അവസ്ഥയിലായിരുന്നു അവർ.

ബസ് പരിശോധിച്ച് പിഴ കൊടുക്കാം, പിടിച്ചെടുക്കാൻ പാടില്ലെന്ന കോടതിയുടെ ഇടക്കാല ഉത്തരവാണ് മോട്ടോർ വാഹന വകുപ്പിന് തിരിച്ചടിയായത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് സർവീസിന് പുറപ്പെട്ട ബസ് 100 മീറ്റർ പിന്നിട്ടപ്പോൾ മോട്ടോർ വാഹന വകുപ്പ് തടഞ്ഞു. പെർമിറ്റ് ലംഘനം ആരോപിച്ച് പരിശോധന നടത്തിയ ശേഷം 7500 രൂപ പിഴ ചുമത്തിയുള്ള നോട്ടീസ് ഉടമയ്ക്ക് നൽകി. പരിശോധനയുടെ പേരിൽ അൽപനേരം ബസ് പിടിച്ചിട്ടു. പാലായിൽ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു രണ്ടാമത്തെ തടയൽ. അങ്കമാലിയിൽ വച്ച് മൂന്നാമതും ബസ് തടഞ്ഞപ്പോഴേക്കും ജനം എം വിഡിക്ക് നേരെ തിരിഞ്ഞു. കൂക്കിവിളികളും പ്രതിഷേധങ്ങളുമുയർന്നു. പതിനൊന്നരയോടെ ചാലക്കുടി പിന്നിട്ട ബസ്, പുതുക്കാട് എത്തിയപ്പോൾ വീണ്ടും എം വിഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി. പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴയീടാക്കി വിട്ടയച്ചു.