- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ'; മോദിയേയും അമിത് ഷായെയും ടാഗ് ചെയ്ത് മേരി കോമിന്റെ ട്വീറ്റ്; മെയ്തി സമുദായത്തിനു പട്ടികവർഗ പദവി നൽകിയതിനെ ചൊല്ലി സംഘർഷം; സംസ്ഥാനത്ത് സൈന്യത്തെ വിന്യസിച്ചു; ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു
ഇംഫാൽ: ആദിവാസി ഇതര വിഭാഗമായ മെയ്തി സമുദായത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തെച്ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരിലെ സംഘർഷ മേഖലകളിൽ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സൈന്യവും അസം റൈഫിൾസും ചേർന്നു ഫ്‌ളാഗ് മാർച്ച് നടത്തി. കർശന സുരക്ഷയാണ് സംസ്ഥാനത്ത് ഉടനീളം ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധിച്ചു. മെയ്തി വിഭാഗക്കാരെ ഗോത്രവിഭാഗത്തിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടതോടെ കഴിഞ്ഞയാഴ്ചയാണ് സംസ്ഥാനത്ത് സംഘർഷം ഉടലെടുത്തത്. സംസ്ഥാനത്തെ എട്ടു ജില്ലകളിൽ ഇന്നലെ രാത്രി മുതൽ കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമത്തെ തുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി സൈന്യം അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ സൈനിക ക്യാംപുകളിലേക്കും സർക്കാർ ഓഫിസികളിലേക്കുമാണ് ആളുകളെ മാറ്റുന്നത്.
My state Manipur is burning, kindly help @narendramodi @PMOIndia @AmitShah @rajnathsingh @republic @ndtv @IndiaToday pic.twitter.com/VMdmYMoKqP
- M C Mary Kom OLY (@MangteC) May 3, 2023
മണിപ്പൂരിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന് ബോക്സിങ് ഇതിഹാസം മേരി കോം സഹായാഭ്യർഥന നടത്തി. ''എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ.'' ബോക്‌സിങ് ഇതിഹാസം മേരി കോമിന്റെ ട്വീറ്റ് നിരവധിപ്പേരാണ് പങ്കുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവരെ ടാഗ് ചെയ്താണ് ട്വീറ്റ്. മാധ്യമങ്ങളെയും ഇതിൽ അവർ ടാഗ് ചെയ്തിട്ടുണ്ട്. നഗരത്തിൽ കടകളും വീടുകളും സ്ഥാപനങ്ങളും അഗ്‌നിക്കിരയാക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
മണിപ്പൂരിൽ ഭൂരിപക്ഷം വരുന്ന മെയ്തി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് തദ്ദേശീയ ആദിവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയരുന്നത്. പട്ടിക വർഗ പദവി നൽകുന്നതിനെതിരെ ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂനിയന്റെ ആഭിമുഖ്യത്തിൽ (എ.ടി.എസ്.യു.എം) കഴിഞ്ഞ ദിവസം കൂറ്റൻ പ്രതിഷേധറാലി നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇന്നലെ രാത്രി ഇംഫാൽ, ചുരാചന്ദ്പുർ, കാങ്‌പോക്പി മേഖലകളിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് മണിപ്പൂരിലെ എട്ടു ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു.
ബുധനാഴ്ച ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (എടിഎസ്യുഎം) ചുരാചന്ദ്പൂർ ജില്ലയിലെ ടോർബങ്ങിൽ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മണിപ്പൂരിലെ ജനസംഖ്യയുടെ 53% വരുന്ന മെയ്തി വിഭാഗം പ്രധാനമായും മണിപ്പൂർ താഴ്‌വരയിലാണ് താമസിക്കുന്നത്.
മ്യാന്മറികളും ബംഗ്ലാദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ട് നേരിടുന്നതായണ് മെയ്തി സമുദായത്തിന്റെ അവകാശവാദം. നിലവിലുള്ള നിയമമനുസരിച്ച്, സംസ്ഥാനത്തെ മലയോര മേഖലകളിൽ മെയ്തികൾക്ക് താമസിക്കാൻ അനുവാദമില്ല. എന്നാൽ, പട്ടിക വർഗ പദവി നൽകുന്നതോടെ ഈ നിയന്ത്രണം ഇല്ലാതാകും. ഇതടക്കമുള്ള പ്രത്യാഘാതങ്ങളാണ് ആദിവാസി ഗോത്രവിഭാഗങ്ങളെ തെരുവിലിറക്കിയത്.
മറുനാടന് മലയാളി ബ്യൂറോ