പത്തനംതിട്ട: നൂറു കോടിയിൽപ്പരം രൂപയുടെ സാമ്പത്തിക ക്രമക്കേടും അഴിമതിയും നടന്ന, സിപിഎം നേതൃത്വം നൽകുന്ന മൈലപ്ര സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ പിരിച്ചു വിട്ടു. വകുപ്പു തല അന്വേഷണത്തിൽ ക്രമക്കേട് വ്യക്തമായതിനെ തുടർന്നാണ് നടപടി. മൂന്നംഗ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിക്ക് ഭരണ ചുമതല നൽകി. സിപിഎം സമ്മർദത്തെ തുടർന്ന് വച്ച് താമസിപ്പിച്ച നടപടിയാണ് നിൽക്കകള്ളിയില്ലാതെ നടപ്പാക്കേണ്ടി വന്നത്. ഡെപ്യൂട്ടി രജിസ്ട്രാർ വി.ജെ. അജയ് കൺവീനറും പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാർ എസ്. നസീർ, കോഴഞ്ചേരി അസി. രജിസ്ട്രാർ ബി. ശ്യാംകുമാർ എന്നിവർ അംഗങ്ങളുമായ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയാണ് നിലവിൽ വന്നിരിക്കുന്നത്.

ഇതോടെ മറുനാടൻ പുറത്തു കൊണ്ടു വന്ന മറ്റൊരു അഴിമതി വാർത്ത കൂടി ശരിവയ്ക്കപ്പെടുകയാണ്. ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പ് ഘട്ടംഘട്ടമായിട്ടാണ് മറുനാടൻ പുറത്തു കൊണ്ടു വന്നത്. അന്നൊക്കെ വ്യാജവാർത്ത എന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ് സിപിഎമ്മും ഭരണ സമിതി അംഗങ്ങളും ചെയ്തിരുന്നത്. മറുനാടനും മുൻ ഡയറക്ടർ ബോർഡ് അംഗവുമായ ഗീവർഗീസ് തറയിലും ചേർന്ന് ചമച്ച വാർത്തകളാണിതെന്ന മട്ടിൽ ബാങ്ക് പ്രസിഡന്റും സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ ജെറി ഈശോ ഉമ്മൻ സൈബർ സഖാക്കളെ ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്നു.

എന്നാൽ, തങ്ങളുടെ നിക്ഷേപം തിരിച്ചു കിട്ടാതെ വന്നതോടെ സഹകാരികൾ ബാങ്കിലെത്തി പ്രശ്നം തുടങ്ങി. നിക്ഷേപത്തിൽ നിന്ന് ആയിരം രൂപ പോലും കിട്ടാതെ വന്നതോടെ സഹകാരികൾ സമരം തുടങ്ങി. മുഖ്യധാരാ മാധ്യമങ്ങൾ അപ്പോൾ മാത്രമാണ് ഇവിടേക്ക് ശ്രദ്ധിക്കാൻ തുടങ്ങിയത്. പിന്നാലെ മറുനാടൻ ഉന്നയിച്ച ഓരോ വിഷയവും മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുത്തു. പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, മുൻ സെക്രട്ടറി ജോഷ്വാ മാത്യു എന്നിവരുടെ നേതൃത്വത്തിൽ കോടികളുടെ തട്ടിപ്പാണ് നടന്നത്.

സഹകാരികളുടെ പരാതിയിൽ ഇതേക്കുറിച്ച് കോന്നി അസിസ്റ്റന്റ് രജിസ്ട്രാർ പ്രാഥമികാന്വേഷണം നടത്തി. തട്ടിപ്പുണ്ടെന്ന് ബോധ്യമായതോടെ പത്തനംതിട്ട പൊലീസിൽ പരാതി നൽകി. അവിടെ നിന്ന് ഈ കേസ് ക്രൈംബ്രാഞ്ചിന്റെ എക്കണോമിക്സ് ഓഫൻസ് വിങിന് കൈമാറി. ഡിവൈ.എസ്‌പി എംഎ അബ്ദുൾ റഹിമിന്റെ അന്വേഷണത്തിൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളർ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയതിൽ 3.94 കോടിയുടെ ക്രമക്കേട് കണ്ടെത്തി.

ഈ കേസിൽ മുൻ സെക്രട്ടറി ജോഷ്വാ മാത്യുവാണ് പ്രതി. ഹൈക്കോടതിയിൽ ജോഷ്വാ മുൻകൂർ ജാമ്യ ഹർജി നൽകിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാനാണ് നിർദേശിച്ചത്. ഓഗസ്റ്റ് ഒന്നിന് ജോഷ്വാ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകേണ്ടിയിരുന്നു. എന്നാൽ, അന്ന് ചെല്ലാതെ ഹാജരാകുന്നതിന് കാലാവധി നീട്ടി ചോദിച്ച് ജോഷ്വ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഓഗസ്റ്റ് 16 മുതൽ മൂന്നാഴ്ചത്തേക്ക് ഇതിനായി സമയം നീട്ടി നൽകിയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളും പിതാവിന്റെ മരണവും ചൂണ്ടിക്കാട്ടിയാണ് ജോഷ്വ ഹൈക്കോടതിയെ സമീപിച്ചത്. ഒരു കാലത്ത് എ ഗ്രേഡ് ബാങ്ക് ആയിരുന്നു മൈലപ്ര.

അഴിമതിയും സാമ്പത്തിക ക്രമക്കേടും മൂലം നാശത്തിന്റെ വക്കിലെത്തിയ ബാങ്ക് നിലവിൽ സി ഗ്രേഡ് ആണ്. ബിനാമി പേരിൽ നൽകിയ വായ്പകൾ, ഗോതമ്പ് സംസ്‌കരണ ഫാക്ടറിയുടെ പേര് പറഞ്ഞ് നടത്തിയ തട്ടിപ്പുകൾ, ബാങ്കിലേക്ക് വാഹനം വാങ്ങി മറിച്ചു വിറ്റത്, മൈലപ്രയിലെ സൂപ്പർ മാർക്കറ്റിലേക്ക് സാധനങ്ങൾ പർച്ചേസ് ചെയ്തതിലെ അടക്കം അഴിമതി കഥകൾ നീളുകയാണ്. യുഡിഎഫ് ആണ് ബാങ്ക് ഭരിച്ചു കൊണ്ടിരുന്നത്.

കേരളാ കോൺഗ്രസുകളുടെ വിവിധ ബ്രാക്കറ്റ് പാർട്ടികളിലൂടെ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ സിപിഎമ്മിലെത്തി ഏരിയാ കമ്മറ്റിയംഗമായി. ഇതോടെ ബാങ്കിലെ അഴിമതി മൂടിവയ്ക്കേണ്ട ഗതികേടിലായി സിപിഎം. പേരുദോഷം ഒഴിവാക്കാൻ വേണ്ടി അന്വേഷണം വൈകിപ്പിക്കുന്നതിന് അടക്കം സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടിരുന്നു. കോൺഗ്രസുകാരനായ മുൻ സെക്രട്ടറി ജോഷ്വായുടെ അറസ്റ്റ് വൈകിപ്പിക്കുന്നതു പോലും സിപിഎം നേതൃത്വം ഇടപെട്ടാണെന്നുള്ളതാണ് ഏറ്റവും വലിയ വിരോധാഭാസം.

മൈലപ്ര സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നിൽ സിപിഎം പാർട്ടിയാണെന്നും ഇതുവരെ കേസ് ഒതുക്കി വച്ചത് സഹകരണ മന്ത്രി വാസവനും ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ളവരും നടത്തിയ ഇടപെടലാണെന്നും കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു പറഞ്ഞു. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന നടപടികളല്ല നിക്ഷേപകർക്ക് പണം ലഭിക്കുന്ന തീരുമാനങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ തട്ടിപ്പിന്റെ ഗുണഭോക്താക്കൾ സിപിഎം പാർട്ടിയും നേതാക്കളുമാണ്.

ജില്ലയിലെ നിരവധി സഹകരണ ബാങ്കുകൾ കള്ളവോട്ടിലൂടെ പിടിച്ചെടുത്തു സിപിഎം പണം കവർന്നെടുക്കുകയാണ്.ആ ബാങ്കുകളെല്ലാം സാമ്പത്തികമായി തകർന്നു.സിപിഎം ജില്ലാ കമ്മിറ്റിക്ക് ഇതിൽ പങ്കുണ്ട്.ആസൂത്രിതമായ ഇത്തരം കൊള്ളയുടെ ഒന്നാന്തരം ഉദാഹരണമാണ് മൈലപ്ര ബാങ്ക് തട്ടിപ്പ്. പണം നഷ്ടപ്പെട്ടവരിൽ മഹാഭൂരിപക്ഷം ആൾക്കാരും കോൺഗ്രസ്സ് അനുഭാവികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.