പത്തനംതിട്ട: മൈലപ്ര ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുൻ സെക്രട്ടറി ജോഷ്വ മാത്യുവിനെ കോടതിയിൽ ഹാജരാക്കാതെ പൊലീസിന്റെ ഒളിച്ചു കളി. സുരക്ഷയൊരുക്കാനും അകമ്പടി പോകാനും പൊലീസില്ലെന്ന വിചിത്രമായ വാദം നിരത്തിയാണ് ഇന്നലെ പ്രതിലെ സിജെഎം കോടതിയിൽ ഹാജരാക്കാതിരുന്നത്.

മറ്റ് രണ്ടു കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് വേണ്ടി പത്തനംതിട്ട പൊലീസ് നൽകിയ അപേക്ഷകളിന്മേലാണ് ജോഷ്വായെ ഹാജരാക്കേണ്ടിയിരുന്നത്. എന്നാൽ, തിരുവനന്തപുരത്ത് നിന്ന് ഇയാളെ കൊണ്ടു വരാതെ ഇരുന്നത് കാരണം അപേക്ഷ പരിഗണിച്ചില്ല. ഉന്നത തല ഇടപെടലിനെ തുടർന്നാണ് ഇയാളെ കോടതിയിൽ കൊണ്ടു വരാതിരുന്നതെന്ന ആക്ഷേപമാണ് സഹകാരികൾക്കുള്ളത്. മൂന്നു കേസുകളാണ് മൈലപ്ര ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇതിൽ 3.94 കോടിയുടെ ഗോതമ്പ് പർച്ചേസ് സംബന്ധിച്ച കേസിലാണ് ജോഷ്വയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിക്ഷേപത്തട്ടിപ്പ്, ബിനാമി വായ്പ എന്നിവയുടെ പേരിൽ രണ്ട് കേസ് പത്തനംതിട്ട പൊലീസ് രണ്ടു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ഔപചാരിക അറസ്റ്റ് രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നത്.

ജോഷ്വായെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ വേണ്ടി ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ നാളെ സി.ജെ.എം പരിഗണിക്കും. ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കുന്ന മുറയ്ക്ക് ഔപചാരിക അറസ്റ്റിന് വേണ്ടി വീണ്ടും അപേക്ഷ നൽകും. ഈ കേസുകളിൽ കൂട്ടുപ്രതിയായിട്ടുള്ള മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.