പത്തനംതിട്ട: മൈലപ്രയിലെ പുതുവൽ സ്റ്റോഴ്സ് ഉടമ ജോർജ് ഉണ്ണൂണ്ണിയെ (75) കൊലപ്പെടുത്തി പണവും സ്വർണവും സിസിടിവി ഹാർഡ് ഡിസ്‌കും മോഷ്ടിച്ച കേസിലെ പ്രതികളുമായി തെളിവെടുപ്പിന് എത്തിയ പൊലീസിന് നേരെ നാട്ടുകാരുടെ പ്രതിഷേധം. ജോർജിനെ കൊന്ന മദ്രാസ് മുരുകൻ, ബാലസുബ്രഹ്‌മണി എന്നിവരുടെ മുഖം മൂടിയിരുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. അവന്മാരുടെ മുഖം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ തടിച്ചു കൂടിയതോടെ പൊലീസ് സംഘവും പ്രതിഷേധത്തിലായി. അഞ്ചു പ്രതികളാണ് കേസിലുള്ളത്. ഇതിൽ രണ്ടു തമിഴന്മാർ അടക്കം നാലു പേരാണ് അറസ്റ്റിലായത്. ജോർജിനെ കൊന്ന് പണവും മാലയും കവർന്നത് മൂന്നു തമിഴന്മാർ ചേർന്നാണ്. ഇതിൽ മുത്തുകുമാർ എന്നയാളെ പിടികിട്ടാനുണ്ട്.

നിലവിലുള്ള പ്രതികളിൽ കൃത്യം ആസൂത്രണം ചെയ്ത ഓട്ടോഡ്രൈവർ ഹരീബ്, മോഷണ മുതൽ വിറ്റഴിച്ച നിയാസ് അമാൻ എന്നിവരെ മുഖംമൂടാതെയാണ് തെളിവെടുപ്പിന് കൊണ്ടു വന്നത്. പ്രതികളെ ചൊവ്വാഴ്ചയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. 18 വരെയാണ് കസ്റ്റഡി. പ്രതികളെ കടയിലെത്തിച്ച വിവരം അറിഞ്ഞു നാട്ടുകാർ തടിച്ചുകൂടിയത് പൊലീസിനു തലവേദനയായി. തുടരന്വേഷണം നടക്കുന്ന കേസിൽ പ്രതികളെ തിരിച്ചറിയൽ പരേഡിനടക്കം കൊണ്ടുപോകേണ്ടതുള്ളതിനാലും കോടതി നിർദ്ദേശം കണക്കിലെടുത്തും മുഖംമൂടി മാറ്റാനാകില്ലെന്ന് ഡിവൈ.എസ്‌പി എസ്. നന്ദകുമാർ അറിയിച്ചു. ഇതോടെ തർക്കങ്ങളുമുണ്ടായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് അടക്കം സ്ഥലത്തെത്തിയ ജനപ്രതിനിധികളുമായി പൊലീസ് സംസാരിച്ച് വിവരങ്ങൾ ധരിപ്പിച്ച ശേഷമാണ് തെളിവെടുപ്പ് നടത്തിയത്.

പ്രതികളെ കടയിലെത്തിച്ച് കൊല നടന്ന രീതി, മോഷണം നടത്തിയത്, കടയ്ക്കുള്ളിൽ പ്രവേശിച്ചതും ഇറങ്ങിപ്പോയതും അടക്കമുള്ള രംഗങ്ങൾ പുനരാവിഷ്‌കരിച്ചു. രണ്ടു പ്രതികളുമായി തെളിവെടുപ്പിന് തമിഴ്‌നാട്ടിലേക്കും പൊലീസ് പോകുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കടയ്ക്കുള്ളിൽ നിന്നും സംഘം മോഷ്ടിച്ച ഹാർഡ് ഡിസ്‌ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഹാർഡ് ഡിസ്‌ക് അച്ചൻകോവിലാറ്റിൽ എറിഞ്ഞുകളഞ്ഞുവെന്നാണ് പ്രതികളുടെ മൊഴി. ഇതേത്തുടർന്ന് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ കഴിഞ്ഞ ദിവസം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.