തിരുവനന്തപുരം: പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരെ വെളിപ്പെടുത്തലുമായി തിരുവല്ല നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ രംഗത്ത്. ആന്റോ തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നല്‍കിയിട്ടില്ലെന്ന് തിരുവല്ല നെടുമ്പറമ്പില്‍ ഫിനാന്‍സ് എന്‍ എം രാജു വ്യക്തമാക്കി. ആന്റോയ്ക്ക് നല്‍കിയത് നിക്ഷേപകരുടെ പണമാണെന്നും വിവരം ഇഡിയെയും ക്രൈംബ്രാഞ്ചിനേയും അറിയിച്ചു. തന്ത്രി കണ്ഠര് രാജീവരര്‍ക്ക് സ്ഥാപനത്തില്‍ നിക്ഷേപമില്ലെന്നും ഫിനാന്‍സ് ഉടമ എന്‍ എം രാജു വ്യക്തമാക്കി.

ആന്റോ ആന്റണി 2019 തെരഞ്ഞെടുപ്പിന്റെ പ്രചരണ സമയത്ത് പല തവണ വന്നിരുന്നു, പ്രചരണത്തിന്റെ ഭാഗമായി 2 കോടി രൂപ പലിശക്ക് നല്‍കി. രണ്ട് മാസത്തിനകം പണം നല്‍കുമെന്നാണ് പറഞ്ഞത്. വര്‍ഷം 7 കഴിഞ്ഞിട്ടും പണം നല്‍കിയിട്ടില്ല. ഇതുവരെ 20 ലക്ഷം മാത്രമാണ് നല്‍കിയത്. ഈടൊന്നും നല്‍കാതെയാണ് പണം നല്‍കിയത് എന്നും എന്‍ എം രാജു വ്യക്തമാക്കി.

നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടു വര്‍ഷമായി ഇഡി അന്വേഷണം നേരിടുകയാണ് തിരുവല്ല നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ്, അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനത്തിന്റെ 44 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിട്ടുണ്ട്. നൂറു കണക്കിന് നിക്ഷേപകരില്‍ നിന്ന് കൈപ്പറ്റിയ തുക ഉപയോഗിച്ച് സ്ഥാപന ഉടമ എന്‍എം രാജുവും കൂട്ടാളികളും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡി കണ്ടെത്തിയിരുന്നു.

പത്തനംതിട്ട, എറണാകുളം ജില്ലകളിലായി ഒട്ടേറെ പൊലീസ് കേസുകള്‍ ആണ് ഈ സ്ഥാപനത്തിന്റെ തട്ടിപ്പിനെതിരെ ഉള്ളത്. 2024 ജൂലൈ മുതല്‍ ഈ തട്ടിപ്പില്‍ ഇഡി അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഇവിടെ നിക്ഷേപം ഉണ്ടായിരുന്നു എന്ന ആരോപണം ഉയരുന്നത്. തന്ത്രി ഈ സ്ഥാപനത്തില്‍ രണ്ടരക്കോടി രൂപ നിക്ഷേപിച്ചിരുന്നു എന്നും, സ്ഥാപനം പൊട്ടിയപ്പോള്‍ അദ്ദേഹം പരാതിപോലും നല്‍കിയില്ലെന്നും ആയിരുന്നു ആരോപണം. ഇതില്‍ വ്യക്തത വരുത്താന്‍വ്യാഴാഴ്ച ഇവിടെ ഇഡി റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു.

ഇന്നലെ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകള്‍, സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ എന്നിവ ഇ.ഡി പിടിച്ചെടുത്തു. നിക്ഷേപ തുക ഉപയോഗിച്ച് സ്ഥാപന ഉടമ എന്‍.എം.രാജുവും കൂട്ടാളികളും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇ.ഡി കണ്ടെത്തി. സ്വര്‍ണ്ണ പണയ ഇടപാടുകള്‍ക്കും മറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്കുമായും തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ ചുവടുപിടിച്ചാണ് 2024 ജൂലൈ 1ന് ഇ.ഡിയും കേസ് റജിസ്റ്റര്‍ ചെയ്തത്.

പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും തട്ടിപ്പിന്റെ വ്യാപ്തിയും ഗുണഭോക്താക്കളെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി അറിയിച്ചു. നിക്ഷേപം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് രാജു, ഭാര്യ ഗ്രേസ്, മക്കളായ അലന്‍ ജോര്‍ജ്, അന്‍സന്‍ ജോര്‍ജ് എന്നിവരെ 2024 മേയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേരള കോണ്‍ഗ്രസ് (എം) മുന്‍ സംസ്ഥാന ട്രഷററും പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റുമാണ് രാജു. കേരളത്തില്‍ പലയിടത്തായി 150ഓളം ശാഖകള്‍ ഉണ്ടായിരുന്ന സ്ഥാപനമാണ് നെടുമ്പറമ്പില്‍. എന്നാല്‍ 2024ഓടെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നില്ല എന്ന പരാതി ഉയരുകയായിരുന്നു. പൊലീസ് കേസിനു പിന്നാലെ ഇഡിയും കേസ് റജിസ്റ്റര്‍ ചെയ്തു. തന്ത്രി ഇവിടെ രണ്ടര കോടി രൂപ നിക്ഷേപിച്ചിരുന്നുവെന്നും എന്നാല്‍ സ്ഥാപനം പൂട്ടിയിട്ടും പരാതി നല്‍കിയില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെയായിരുന്നു ഇ.ഡി റെയ്ഡ്.