കല്‍പ്പറ്റ: കടബാധ്യത കാരണം ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. കത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും ഡി സി സി അദ്ധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്റേയും പേരുകളുണ്ട്. എന്‍ എം വിജയനും മകനും ആത്മഹത്യ ചെയ്യുന്നതിന് മുന്‍പെഴുതിയ അവസാന കുറിപ്പാണ് കണ്ടെത്തിയത്.

കുടുംബത്തിനും കെപിസിസി അധ്യക്ഷനുമായി എഴുതിയ കത്തുകളാണ് പുറത്ത് വന്നത്. നാല് മരണക്കുറിപ്പുകളാണ് എന്‍ എം വിജയന്‍ തയ്യാറാക്കിയത്. കെപിസിസി പ്രസിഡന്റിനും മൂത്ത മകനും പ്രത്യേകം കത്തുകളുണ്ട്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത ഏറ്റുപറഞ്ഞും മകനോട് മാപ്പു പറഞ്ഞുമാണ് കത്തുകള്‍. കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ കെപിസിസി അധ്യക്ഷനെഴുതിയ കത്തിലുണ്ട്.

50 വര്‍ഷം കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ച് ജീവിതം തുലച്ചുവെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. കുറിപ്പില്‍ എം എല്‍ എ, ഐ സി ബാലകൃഷ്ണന്റെ പേരും ഉണ്ട്. നിയമനത്തിനെന്ന പേരില്‍ പണംവാങ്ങിയത് എം.എല്‍.എയാണെന്ന് കത്തില്‍ പറയുന്നു. ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമന തട്ടിപ്പില്‍ നേതാക്കള്‍ പണം പങ്കുവെച്ചു. നാല് കത്തുകള്‍ പ്രധാന നേതാക്കള്‍ക്ക് നല്‍കിയെന്നും വന്‍ സാമ്പത്തിക ബാധ്യതയാലാണ് ആത്മഹത്യ ചെയ്തതെന്നും കത്തില്‍ പറയുന്നു. ഐ സി ബാലകൃഷ്ണന്റെ താല്‍പര്യപ്രകാരം മറ്റൊരാളെ നിയമിക്കാന്‍ മകനെ ബാങ്കിലെ ജോലിയില്‍ നിന്ന് പുറത്താക്കി.

അര്‍ബന്‍ ബാങ്കില്‍ 65 ലക്ഷം രൂപയാണ് ബാധ്യത. കോണ്‍ഗ്രസ് നേതാക്കള്‍ നിയമനം വാഗ്ദാനംചെയ്ത് കോടികള്‍ കോഴവാങ്ങിയതിന്റെ ഇടനില നിന്നാണ് വിജയന് കടബാധ്യതയുണ്ടായതെന്നാണ് ആക്ഷേപം. എന്നാല്‍ കടബാധ്യതയുടെ കാര്യം അറിയില്ലെന്നായിരുന്നു ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ നേരത്തെ പറഞ്ഞത്. സ്ഥലംവില്‍ക്കാന്‍ വിജയന്‍ തയ്യാറാക്കിയ കരാറില്‍ സാക്ഷി ഒപ്പിട്ടത് ഡിസിസി വൈസ് പ്രസിഡന്റ് ഒ വി അപ്പച്ചനാണെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.

എന്‍ ഡി അപ്പച്ചനും നിയമനത്തിന് പണം വാങ്ങി. സ്ഥലം പോലും വില്‍ക്കാനാവാത്ത സ്ഥിതിയാണ്. മക്കള്‍ പോലും അറിയാത്ത ബാധ്യതയുണ്ട്. കോണ്‍ഗ്രസ് ലീഗല്‍ സെല്ലിന് എല്ലാമറിയാം. അന്‍പത് കൊല്ലം കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ച് ജീവിതം തുലച്ചുവെന്നും കത്തില്‍ പറയുന്നു.

കെപിസിസി പ്രസിഡന്റ കെ. സുധാകരന് എന്‍.എം.വിജയന്‍ എഴുതിയ കത്തും ലഭിച്ചു. വലിയ ബാധ്യതകള്‍ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞുനോക്കിയില്ലെന്നും കത്തില്‍ പറയുന്നു. എന്‍ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണനും പണം വാങ്ങാന്‍ ആവശ്യപ്പെട്ടു എന്ന് കൃത്യമായി കത്തില്‍ പറയുന്നുണ്ട്.

മരണത്തിന് ശേഷം പാര്‍ട്ടി തലത്തില്‍ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ എഴുതിവെച്ച നാല് കത്തും പുറത്തുവിടണമെന്നും കുടുംബത്തിനുളള കത്തില്‍ പറയുന്നു. നാലു പേജിലാണ് മകന്‍ വിജിത്തിനെ അഭിസംബോധന ചെയ്താണ് കത്തുള്ളത്. അര്‍ബന്‍ ബാങ്കിലെ കടബാധ്യത പാര്‍ട്ടി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ എല്ലാ കത്തുകളും വിവരങ്ങളും പരസ്യമാക്കണം. മൃതദേഹം ശ്മശാനത്തില്‍ അടക്കം ചെയ്യണമെന്നും കത്തിലുണ്ട്.

ഒരു കോടി രൂപയുടെ ബാധ്യത വിജയന് ഉണ്ട് എന്ന് ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിയമനത്തിനായി നടത്തിയ ഇടപാടിലൂടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് വിജയന്റെ ആത്മഹത്യക്ക് കാരണമായതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ബാങ്ക് നിയമനത്തിന് എന്‍ എം വിജയന്‍ വഴി നിരവധി പേരില്‍ നിന്ന് പണം വാങ്ങിയെന്നും ഇതിന് ഐ സി ബാലകൃഷ്ണന് പങ്കുണ്ടെന്നുമാണ് ആരോപണം.

അതേസമയം, ഏതന്വേഷണവും നേരിടാന്‍ തയാറാണെന്ന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. എല്ലാം പരിശോധിക്കട്ടെ. കെ.സുധാകരന് വിജയന്‍ കത്തെഴുതിയെങ്കില്‍ അതും അന്വേഷിക്കണം. തന്റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് വിജിലന്‍സിന് അന്വേഷിക്കാമെന്നും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ പ്രതികരിച്ചു.

കല്‍പ്പറ്റ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കേസ് അന്വേഷിക്കുന്നതിനിടെയാണ് കത്ത് പുറത്തുവരുന്നത്. നിയമന കോഴ വിവാദങ്ങള്‍ അടക്കം അന്വേഷണപരിധിയില്‍ വരും.