തിരുവനന്തപുരം: ഈ ധൈര്യം ഞാന്‍ എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ .എവിടുന്ന് കിട്ടി കുട്ടീ നിനക്ക് ഈ ധൈര്യം... കളക്ടര്‍ ബ്രോയെന്ന് പേരെടുത്ത എന്‍ പ്രശാന്തിന്റെ പുതിയ പോസ്റ്റിന് കീഴെ വന്ന കമന്റാണ് ഇത്. കേരളത്തെ അത്ഭുതപ്പെടുത്തുന്ന പോസ്റ്റാണ് പ്രശാന്ത് ഇട്ടത്. മാതൃഭൂമി പത്രത്തിലെ വാര്‍ത്തയ്‌ക്കെതിരെ ഇട്ട പോസ്റ്റില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ജയതിലക് ഐഎഎസിനെ പരസ്യമായി വിമര്‍ശിക്കുകയാണ് മറ്റൊരു ഐഎസ് പ്രമുഖനായ പ്രശാന്ത്. ഈ ധൈര്യത്തെയാണ് സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന ഹിറ്റ് ചിത്രത്തിലെ ഹിറ്റ് ഡയലോഗുമായി സോഷ്യല്‍ മീഡിയ കമ്പയര്‍ ചെയ്യുന്നത്. മോഹന്‍ലാലിനോട് തിലകന്‍ പറയുന്ന ഈ വാചകം മലയാളിക്ക് സുപരിചിതമാണ്.

ജയതിലകിനെതിരെ ഗുരുതര ആരോപണമാണ് പ്രശാന്ത് ഉന്നയിക്കുന്നത്. എനിക്കെതിരെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമര്‍പ്പിക്കുന്ന അവരുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഡോ. ജയതിലക് IAS എന്ന സീനിയര്‍ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. സര്‍ക്കാര്‍ ഫയലുകള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്നത് എനിക്ക് ഇഷ്ടമല്ലെങ്കിലും, തല്‍ക്കാലം വേറെ നിര്‍വ്വാഹമില്ല. വിവരാവകാശ പ്രകാരം പോതുജനത്തിന് അറിയാന്‍ അവകാശമുള്ള കാര്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.-ഇതാണ് ആരോപണം. അഡീഷണല്‍ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ മറ്റൊരു ഐഎഎസുകാരന്റെ ഈ സോഷ്യല്‍ മീഡിയാ പരാമര്‍ശം സിവില്‍ സര്‍വ്വീസിലെ ചേരി പോര് രൂക്ഷമാകുന്നതിന്റെ സൂചനകളാണ്. തുടര്‍ന്നും പ്രതികരണം നടത്തുമെന്ന് പ്രശാന്ത് പറഞ്ഞിട്ടുണ്ട്. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്വ്യക്തിയാണ്, അതുകൊണ്ട് വേണ്ട വിധം ഭയഭഹുമാനത്തോടെ വേണം കേട്ടോ...-എന്ന് കൂടി എഴുതുകയാണ് പ്രശാന്ത്. ഇതോടെ പ്രശാന്തിനെതിരെ ജയതിലക് സര്‍ക്കാരിനെ സമീപിക്കുമെന്ന് ഉറപ്പായി. സര്‍ക്കാര്‍ എങ്ങനെ ഈ വിഷയം കൈകാര്യം ചെയ്യുമെന്നതാണ് ഇനി നിര്‍ണ്ണായകം. ഉന്നതിയുമായി ബന്ധപ്പെട്ട് മാതൃഭൂമിയിലെ വാര്‍ത്തകളാണ് ഈ പോരിന് ആധാരം.

പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതി(കേരള എംപവര്‍മെന്റ് സൊസൈറ്റി)യിലെ ഫയലുകള്‍ കാണാനില്ലെന്ന വാര്‍ത്ത തള്ളുകയാണ് എന്‍ പ്രശാന്ത് ഐഎഎസ്. ഉന്നതിയുടെ സാമ്പത്തിക ഇടപാടുകള്‍, പദ്ധതിനിര്‍വഹണം, പരിശീലനം, വിദേശപഠനം എന്നിവ സംബന്ധിച്ചുള്ള രേഖകള്‍, കരാറുകള്‍, ധാരണാപത്രങ്ങള്‍ എന്നിവയടക്കമുള്ളവയാണ് കാണാതായത്െന്നായിരുന്നു വാര്‍ത്ത. എല്ലാ രേഖകളും തിരിച്ചു നല്‍കിയെന്നും ഉന്നതിയ്ക്കായി ഖജനാവില്‍ നിന്നും പണമൊന്നും ചെലായിട്ടില്ലെന്നുമാണ് വിശദീകരണം. ഒരു രൂപാ ചെലവാക്കിയോ, ഒരു ജീവനക്കാരനെ പോലും നിയമിക്കാതെയും, ഫയല്‍ കൂമ്പാരം കൂട്ടാതെയാണ് ഇതൊക്കെ ചെയ്തതെന്നാണ് വാര്‍ത്തയോട് പ്രശാന്തിന്റെ പ്രതികരണം. അന്ന് ഇതൊന്നും കാണാത്തഭാവത്തില്‍ നിന്നവരാണ് ഇപ്പോള്‍ സര്‍ക്കാരിന്റേയും ആ വകുപ്പിന്റെ നേട്ടങ്ങളുടേയും പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. സന്തോഷായി ഗോപിയേട്ടാ...എന്ന പരിഹാസവുമായാണ് വാര്‍ത്തയോട് സോഷ്യല്‍ മീഡിയയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ ആദ്യ പ്രതികരണം വന്നത്. എന്നാല്‍ ഇന്നും പുതിയ വാര്‍ത്തയുമായി മാതൃഭൂമി എത്തി. ഇതോടെയാണ് ജയതിലകിനെ കുറ്റപ്പെടുത്തി പ്രശാന്ത് രംഗത്ത് വരുന്നത്.

ആരോപണങ്ങള്‍ക്കുള്ള മറുപടിയായി ഉന്നതിയെ കുറിച്ച് പ്രശാന്ത് ഇന്നലെ കുറിച്ചത് ഇങ്ങനെ- കംപാഷണേറ്റ് കോഴിക്കോട് മോഡലില്‍ സീറോ സ്റ്റാഫിംഗ് ആന്‍ഡ് സീറോ ബജറ്റില്‍ ഒരു ജീവനക്കാരനെപ്പോലും നിയമിക്കാതെയും സര്‍ക്കാറിന്റെ ഒരു പൈസപോലും ചെലവാക്കാതെയും പേപ്പര്‍ലെസ്സായി, സന്നദ്ധപ്രവര്‍ത്തനത്തിലൂടെ മാത്രം പ്രവര്‍ത്തിക്കുന്ന മോഡലാണ് 'ഉന്നതി' (കേരള എമ്പവര്‍മെന്റ് സൊസൈറ്റി). ഈ മോഡലിനെ ഐഐഎം ഉള്‍പ്പെടെയുള്ള മാനേജ്മെന്റ് സ്ഥാപനങ്ങളിലെ വിദഗ്ദ്ധര്‍ പ്രശംസിച്ചിട്ടുണ്ട്. ബജറ്റില്‍ ഒരു കോടി ഉണ്ടായിട്ടും ഒരു രൂപ പോലും റിലീസ് കിട്ടാതിരുന്നപ്പോള്‍ ഉത്ഭവിച്ച മോഡലാണ്! വിശ്വാസം വരുന്നില്ലല്ലേ? അങ്ങനെ ചിലതും ഇവിടെ നടക്കുന്നുണ്ട്. നിങ്ങള്‍ അറിയാത്തത് ഇവരാരും അതറിയിക്കാന്‍ താല്‍പര്യപ്പെടാത്തതിനാലാണ്. പക്ഷേ, ഒരു വര്‍ഷത്തോളം സന്നദ്ധപ്രവര്‍ത്തകരിലൂടെയും ടിഐഎസ്എസ്, ഐഐടി, ഐഐഎം എന്നിവിടങ്ങളിലെ ഇന്റേണ്‍സിനെയും കൂട്ടി ചെയ്തുതീര്‍ത്ത കാര്യങ്ങളുടെ പട്ടിക മാതൃഭൂമിതന്നെ അബദ്ധത്തില്‍ ഇന്ന് അച്ചടിച്ചു വച്ചിട്ടുണ്ട്. ഇതിന്റെയൊന്നും ഫയല്‍ കൈമാറിയില്ലെന്നാണ് ആരോപണമെങ്കിലും ചിലപ്പോഴൊക്കെ ഉര്‍വ്വശീശാപം ഉപകാരമാകുമല്ലോ. ഒറ്റ രൂപയുടെ പണമിടപാട് നടക്കാത്ത സംവിധാനത്തിലെ 'വിലപ്പെട്ട' ഫയലുകളാണ് സുഹൃത്തുക്കളേ കാണാതായതായി പറയപ്പെടുന്നത്. എല്ലാ ആരോപണത്തേയും തള്ളികളയുകയാണ് പ്രശാന്ത്.

മാതൃഭൂമിയുമായി പ്രശാന്ത് അത്ര നല്ല ബന്ധത്തില്‍ അല്ല. മാതൃഭൂമിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയതിന്റെ പ്രതികാരമാണ് തനിക്കെതിരെ നടക്കുന്നതെന്നാണ് പ്രശാന്ത് പറഞ്ഞു വയ്ക്കുന്നത്. മാതൃഭൂമി എഡിറ്ററെ അടക്കം കോടതിയിലും കയറ്റി. ഈ സാഹചര്യത്തിലാണ് ഉന്നതിയിലെ പുതിയ വാര്‍ത്തയെ പ്രശാന്ത് വിശദീകരിക്കുന്നത്.