- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങളാരും കോയമ്പത്തൂരില്‍ ഫൈനാന്‍സ് നടത്തുന്നവരല്ല; ബിജെപിയെ ഉപയോഗിച്ച് പണവും ഉണ്ടാക്കിയിട്ടില്ല'; കൃഷ്ണകുമാരിന്റെ കാര്യവും പരിശോധിക്കട്ടെയെന്ന് ശിവരാജന്; സ്വത്ത് വിവരം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാറും; തോല്‍വിക്ക് പിന്നാലെ പാലക്കാട്ടെ ബിജെപി നേതാക്കള്‍ ആസ്തിയുടെ കണക്കെടുപ്പില്‍
പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ 'ആസ്തി' തര്‍ക്കം
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കത്തിനിടെ പാലക്കാട്ടെ ബിജെപി നേതാക്കളുടെ ആസ്തിയെച്ചൊല്ലിയും വിവാദം. സി കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ചോദ്യം ചെയ്ത് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ നടത്തിയ വിമര്‍ശനത്തിനിടെ നേതാക്കളുടെ ആസ്തിയും പരിശോധിക്കണമെന്ന ആവശ്യമാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
'ഞങ്ങളാരും കോയമ്പത്തൂരിലും മറ്റും ഫൈനാന്‍സ് നടത്തുന്നവരല്ല. അധ്വാനിച്ച് ജീവിക്കുന്നവരാണ്. വാര്‍ഡില്‍ ലക്ഷക്കണക്കിന് രൂപ മുടക്കാനൊന്നും ശേഷിയില്ല. ബിജെപിയെ ഉപയോഗിച്ച് പണവും ഉണ്ടാക്കിയിട്ടില്ല. തനിക്ക് വസ്തുക്കച്ചവടമില്ല. കൃഷ്ണകുമാരിന്റെ കാര്യവും പരിശോധിക്കട്ടെ', എന്നായിരുന്നു എന്‍ ശിവരാമന്റെ പരാമര്‍ശം.
കൗണ്‍സിലര്‍മാരെ പുറത്താക്കുമെന്ന് ആരും ഭയപ്പെടുത്തേണ്ട. പാലക്കാട് മുനിസിപ്പാലിറ്റി 150-ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ കോടിക്കണക്കിന് രൂപ പിരിച്ച് തട്ടിപ്പു നടത്തിയതിന്റെ കഥകളൊന്നും പുറത്ത് പറയിപ്പിക്കരുതെന്നും ശിവരാജന്‍ പറഞ്ഞു. കൃഷ്ണകുമാറല്ലാതെ, വേറൊരു സ്ഥാനാര്‍ത്ഥിയേയും നിങ്ങള്‍ക്ക് കിട്ടാനില്ലേയെന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും ശിവരാജന്‍ തുറന്നടിച്ചു.
തോല്‍വി പാവപ്പെട്ട നഗരസഭ കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കരുത്. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ക്രെഡിറ്റ് കൃഷ്ണകുമാറിനും കെ സുരേന്ദ്രനും. തോറ്റാല്‍ ഉത്തരവാദിത്തം നഗരസഭയ്ക്കും എന്നാണോ?. കൂട്ടുത്തരവാദിത്തമാണ് എല്ലാത്തിനുമെന്നും ശിവരാജന്‍ പറഞ്ഞു.
ബിജെപി ദേശീയ കൗണ്‍സില്‍ അംഗത്തിന്റെ 'ആസ്തി' പരാമര്‍ശം വിവാദമായതോടെ പ്രതികരണവുമായി തന്റെ ആസ്തി പരിശോധിക്കാമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പ്രതകരിച്ചു. സ്വത്ത് വിവരം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷിലാണ് നല്‍കിയത്. എന്‍ ശിവരാജന്‍ കണ്ടുകാണില്ലെന്നും ശിവരാജന് വേണമെങ്കില്‍ അത് നോക്കാമെന്നും സ്വത്തുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ സി കൃഷ്ണകുമാര്‍ മറുപടി പറഞ്ഞു.
നേരത്തെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേയും പാലക്കാട് ചുമതല ഉണ്ടായിരുന്ന രഘുനാഥിനെതിരെയും സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാറിനെതിരേയും വിമര്‍ശനവുമായാണ് ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ രംഗത്തെത്തിയത്. തോല്‍വിയില്‍ നേതൃത്വത്തിന്റെ വിലയിരുത്തലുകള്‍ തള്ളിയാണ് ശിവരാജന്റെ വിമര്‍ശനം ഉണ്ടായത്.
തോല്‍വിയുടെ ഉത്തരവാദിത്തം സുരേന്ദ്രനാണ്. അത് കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടി വെക്കേണ്ട. പ്രഭാരി രഘു നാഥ് എസി മുറിയില്‍ കഴിയുക ആയിരുന്നു. രഘുനാഥിനെ പ്രഭാരി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആറ് മാസം മുന്‍പ് ആവശ്യപ്പെട്ടിരുന്നു. പ്രഭാരിയുടെ ജോലി എസി റൂമില്‍ ഉറങ്ങല്‍ അല്ലെന്നും ശിവരാജന്‍ പറഞ്ഞു. കൗണ്‍സിലര്‍മാര്‍ അല്ല തോല്‍വിക്ക് കാരണം. വോട്ട് കുറഞ്ഞതിന്റ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം. സ്വന്തം വാര്‍ഡില്‍ പോലും ജയിക്കാന്‍ ആകാത്ത ആള്‍ ആണ് രഘുനാഥെന്നും ശിവരാജന്‍ വിമര്‍ശിച്ചു.
ഒരുമാസം കെ സുരേന്ദ്രന്‍ ഇവിടെ തമ്പടിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ നേട്ടമെങ്കിലും കിട്ടിയത്. അല്ലെങ്കില്‍ ഇതിനേക്കാള്‍ പരിതാപകരമാകുമായിരുന്നു. ബിജെപിക്കും ഇത്ര മാത്രം അടിത്തറയേ ഉള്ളൂവെന്നാണോയെന്നും ശിവരാജന്‍ ചോദിച്ചു. ശോഭാ സുരേന്ദ്രനെതിരായ ആരോപണവും ശിവരാജന്‍ തള്ളി. അവര്‍ പാവം സ്ത്രീയാണ് അവരെ വെറുതെ വിടുക. ശോഭ ബിജെപിയുടെ ജനകീയ മുഖമാണ്. ശോഭയെ മത്സരിപ്പിച്ചിരുന്നെങ്കില്‍ ഇവിടെ ചിത്രം മാറുമായിരുന്നു.
നഗരസഭയിലെ ഏതു കൗണ്‍സിലര്‍മാരാണ് പ്രവര്‍ത്തിക്കാതിരുന്നതെന്ന് കെ സുരേന്ദ്രന്‍ പറയട്ടെ. ശോഭ സുരേന്ദ്രന്റെ ഡ്രൈവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. അയാള്‍ക്ക് കണ്ണാടിയില്‍ ആരെ അറിയും?. അയാളുടേത് ഡ്രൈവര്‍ പണിയല്ലേ?.. ജയിച്ചാല്‍ ക്രെഡിറ്റ് കൃഷ്ണകുമാറിന്, തോറ്റാല്‍ കാരണം ശോഭ സുരേന്ദ്രന്‍. ആ പണിയൊന്നും വേണ്ട. ആ നിലപാട് ശരിയല്ലെന്നും ശിവരാജന്‍ അഭിപ്രായപ്പെട്ടു.
പാലക്കാട്ടെ പ്രഭാരി കോഴിക്കോട്ടുകാരനായ രഘുനാഥാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആറു മാസം മുമ്പേ തന്നെ കെ സുരേന്ദ്രനോട്, പ്രഭാരിയെ മാറ്റാതെ പാലക്കാട് മണ്ഡലത്തില്‍ ഒരു വോട്ടും കിട്ടാന്‍ പോകുന്നില്ലെന്ന് പറഞ്ഞിരുന്നതാണ്. ഇയാള്‍ പ്രവര്‍ത്തകരെ തമ്മിലടിപ്പിക്കുന്ന പ്രഭാരിയാണ്. കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്വന്തം ബൂത്തില്‍ പോലും ലീഡ് നേടിക്കൊടുക്കാന്‍ പറ്റാത്തയാളാണ് രഘുനാഥ്. കോഴിക്കോട് ഒരു വാര്‍ഡ് തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ച ആളെയെങ്കിലും പാലക്കാടു പോലുള്ള സ്ഥലത്ത് പ്രഭാരിയാക്കണ്ടേയെന്നും ശിവരാജന്‍ ചോദിച്ചു.
ആളുകളെ ഭിന്നിപ്പിക്കുന്ന, യോജിപ്പിക്കാന്‍ അറിയാത്ത പ്രഭാരിയാണ് ഇവിടെ പാര്‍ട്ടിയെ തോല്‍പ്പിച്ചത്. കൃഷ്ണകുമാറിന്റെ ബൂത്തിലും വോട്ടു കുറഞ്ഞു. പിന്നെ എന്തിനാണ് കൗണ്‍സിലര്‍മാരെ കുറ്റപ്പെടുത്തുന്നത്. അങ്ങനെയെങ്കില്‍ കൃഷ്ണകുമാറല്ലേ ആദ്യം രാജിവെക്കേണ്ടത്. പാലക്കാട് നഗരസഭയിലേത് സദ്ഭരണമാണ്. പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനെതിരെ പരാതി ഉന്നയിക്കുന്നവര്‍ മൂഡസ്വര്‍ഗത്തിലാണ്. സത്യസന്ധനായ വ്യക്തിയാണ്. രഘുനാഥിന് പാലക്കാട് ഒരു ചുക്കും ചെയ്യാനാവില്ലെന്നും ശിവരാജന്‍ പറഞ്ഞു.
അതേ സമയം സി കൃഷ്ണകുമാറിനെയും ബിജെപി നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനവുമായി നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച സംഭവിച്ചു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ബിജെപി നേതൃത്വം ഇപ്പോള്‍ നഗരസഭയോട് പെരുമാറുന്നത്. മറ്റൊരു സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ഇത്ര വലിയ തോല്‍വി സംഭവിക്കില്ലായിരുന്നുവെന്നും പ്രമീള ശശിധരന്‍ പറഞ്ഞു.
'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നൂറ് ശതമാനം പാളിച്ച സംഭവിച്ചു. മറ്റൊരു സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ജയസാധ്യത കൂടിയേനെ. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചോദിക്കാന്‍ പോയപ്പോള്‍ 'നിങ്ങള്‍ക്ക് കൃഷ്ണകുമാര്‍ മാത്രമേയുള്ളൂ? വേറെ ആരുമില്ലേ?' എന്ന ചോദ്യം നേരിട്ടിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടത്തില്‍ തന്നെ കൃഷ്ണകുമാറിന് വോട്ട് ചോദിക്കാന്‍ വിഷമം ഉണ്ടെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. അഭിപ്രായം പറയാന്‍ മാത്രമല്ലേ അധികാരമുള്ളൂ. തീരുമാനം എടുക്കേണ്ടത് സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങളല്ലേ?, പ്രമീള ശശിധരന്‍ പറഞ്ഞു.
എന്നാല്‍ ബിജെപിയുടെ അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു സി കൃഷ്ണകുമാര്‍ മറുപടി പറഞ്ഞത്. സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത് കേന്ദ്ര നേതൃത്വമാണെന്നും സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. ബി.ജെ.പിയില്‍ ഭിന്നതയില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തന്നേക്കാള്‍ കഴിവുറ്റ നിരവധിപേര്‍ പാര്‍ട്ടിയിലുണ്ട്. പക്ഷേ സ്ഥാനാര്‍ഥിയാകണമെന്ന് സംസ്ഥാന ഘടകവും കേന്ദ്രനേതൃത്വവും നിര്‍ദ്ദേശിച്ചപ്പോള്‍ ഒരു സാധാരണ പ്രവര്‍ത്തകനെന്ന നിലയില്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.
'നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. കൗണ്‍സിലര്‍മാരെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെയും ഏല്‍പിച്ച ഉത്തരവാദിത്തം കൃത്യമായി അവര്‍ നിര്‍വഹിച്ചിട്ടുണ്ട്. നഗരസഭാ പരിധിയില്‍ ഒരുശതമാനം പോലും വോട്ടു കുറഞ്ഞിട്ടില്ല. കൃത്യമായ വിലയിരുത്തല്‍ യോഗം നടത്താന്‍ പോകുന്നതേയുള്ളൂ. ദേശീയ നേതൃത്വത്തിന് പരാതി കൊടുത്തുവെന്നത് തെറ്റായ വാര്‍ത്തയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കൃഷ്ണകുമാര്‍ കഴിഞ്ഞ രണ്ടു ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പാലക്കാട്ടെ സ്ഥാനാര്‍ഥിയായിരുന്നു. മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചു മികച്ച വോട്ടു നേടിയാണ് കൃഷ്ണകുമാര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പാലക്കാട്ടും മലമ്പുഴയിലും പാര്‍ട്ടിയുടെ വോട്ട് ഉയര്‍ത്തിയ സ്ഥാനാര്‍ഥി എന്ന നിലയിലാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട് ബിജെപി കൃഷ്ണകുമാറിനെ അവതരിപ്പിച്ചതും. എന്നാല്‍ സ്ഥാനാര്‍ഥിത്വം തൊട്ട് ഒരു പിടി വിവാദങ്ങള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. ബിജെപിയുടെ പ്രമുഖ നേതാവായ ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിത്വത്തിനായി സൃഷ്ടിച്ച സമ്മര്‍ദം തൊട്ട് കുഴല്‍പ്പണക്കേസും കടന്ന് സന്ദീപ് വാര്യരുടെ കലാപം വരെ അത് എത്തിനില്‍ക്കുന്നു. ഒടുവില്‍ തോല്‍വിക്ക് പിന്നാലെ ആസ്തി വിവാദവും.