തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പ്രത്യേക അന്വേഷണസംഘം. വിശദമായ ചോദ്യം ചെയ്യലിനായി പത്മകുമാറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എസ്‌ഐടി അപേക്ഷ സമര്‍പ്പിച്ചു. പത്മകുമാറിന്റെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പത്മകുമാര്‍ പ്രാഥമിക ഘട്ടത്തില്‍ മൊഴി നല്‍കിയിരുന്നു. ഇതിനൊപ്പം തന്ത്രിക്കെതിരേയും. ഈ സാഹചര്യത്തില്‍ പത്മകുമാറിന്റെ ഇനിയുള്ള വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമാണ്. സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്യും. അറസ്റ്റിനും സാധ്യത.

കൊല്ലം വിജിലന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലിലൂടെ പത്മകുമാറില്‍ നിന്ന് സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള ഉന്നതരെ കുറിച്ചു വിവരം ലഭിക്കുമെന്നാണ് എസ്‌ഐടി കരുതുന്നത്. പത്മകുമാറില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ തുടരന്വേഷണത്തില്‍ നിര്‍ണായകമാകും. പത്മകുമാറിന്റെ വീട്ടില്‍ നിന്ന് നിര്‍ണായക രേഖകള്‍ എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ നടത്തിയ സാന്പത്തിക ഇടപാടുകളുടെയും ഭൂമി വാങ്ങിയതടക്കമുള്ള കാര്യങ്ങളുടെയും രേഖകളാണ് അന്വേഷണസംഘം ശേഖരിച്ചത്. ഇത് വിശദമായി പരിശോധിച്ചുവരികയാണ്. വിദേശ യാത്രകളിലും വ്യക്തത വരുത്തും. അതേസമയം, കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ ത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ കമ്മീഷണറുമായിരുന്ന എന്‍. വാസുവിനെ ഇന്നലെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. കൊല്ലം വിജിലന്‍സ് കോടതിയിലെത്തിച്ചപ്പോള്‍ വാസുവിനെതിരേ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റിയ കോടതി, റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്കു നീട്ടുകയും ചെയ്തു.

2019ല്‍ എ. പത്മകുമാര്‍ പ്രസിഡന്റായിരുന്നപ്പോള്‍ പാളികള്‍ ഇളക്കി സ്വര്‍ണം പൂശിയതില്‍ പങ്കില്ലെന്ന ന്യായീകരണമാണ് ഇതുവരെ പ്രശാന്ത് മാധ്യമങ്ങളോടു പറഞ്ഞിരുന്നത്. 2023ലെ ഹൈക്കോടതി വിധി മറികടന്ന് സന്നിധാനത്തെ പാളികള്‍ ഇളക്കിയതാണ് പ്രശാന്തിനെ എസ്ഐടി ചോദ്യമുനയില്‍ കുടുക്കുന്നത്. ശബരിമലയില്‍ എന്തു നിര്‍മാണത്തിനും മുമ്പ് ഹൈക്കോടതി സ്പെഷല്‍ കമ്മിഷണറുടെ അനുമതി വാങ്ങണം. 2019ല്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ പാളികള്‍, 2025 സപ്തംബര്‍ ഏഴിന് ഓണ പൂജകള്‍ തീര്‍ത്തു രാത്രി നടയടച്ച ശേഷം ഇളക്കി ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് വിട്ടത് സ്പെഷല്‍ കമ്മിഷണര്‍ അറിയാതെയാണ്. ഹൈക്കോടതി വിധിയെപ്പറ്റി അറിയില്ലായിരുന്നെന്നാണ് ഇതില്‍ പ്രശാന്ത് പ്രതികരിച്ചത്. എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, തിരുവാഭരണം കമ്മിഷണര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം സെക്രട്ടറി തുടങ്ങിയവര്‍ക്ക് ഹൈക്കോടതി വിധിയെപ്പറ്റി അറിയാമെന്നിരിക്കേ പ്രശാന്തിന്റെ നിലപാട് എസ്ഐടി മുഖവിലയ്ക്കെടുക്കാനിടയില്ല. പ്രശാന്തിനൊപ്പം ഈ ഉദ്യോഗസ്ഥരെയും എസ്ഐടി ചോദ്യം ചെയ്യും. പാളികള്‍ അതീവ രഹസ്യമായി കൊടുത്തുവിട്ടതിന്റെ കാരണം ഈ ഉദ്യോഗസ്ഥരും പ്രശാന്തും വിശദീകരിക്കേണ്ടി വരും. ഇതില്‍ പിഴവുണ്ടായാല്‍ അറസ്റ്റും ചെയ്യും.

പാളികള്‍ ചെന്നൈക്ക് കൊണ്ടുപോകരുതെന്നും ദേവന്റെ സാന്നിധ്യത്തിലേ നിര്‍മിക്കാവൂയെന്നും 2024ല്‍ തിരുവാഭരണ കമ്മിഷണറായിരുന്ന അനിലയും 2025ല്‍ കമ്മിഷണറായിരുന്ന കെ. റെജിലാലും ദേവസ്വം മാനുവല്‍ ചൂണ്ടിക്കാട്ടി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ റെജിലാലിന്റെ നോട്ട് തിരുത്തിയാണ് പോറ്റി വശം പാളികള്‍ ചെന്നൈക്ക് കൊടുത്തുവിട്ടത്. 38 കിലോയുള്ള 14 ദ്വാരപാലക ശില്‍പ പാളികളിലായി 2019ല്‍ 397 ഗ്രാം സ്വര്‍ണമാണ് പൂശിയിരുന്നതെന്നത് എങ്ങനെ മനസിലാക്കിയെന്നതിനും പ്രശാന്ത് മറുപടി പറയേണ്ടി വരും. ഇത് സംബന്ധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി നല്കിയ മൊഴിയല്ലാതെ മറ്റൊരു കണക്കും ദേവസ്വം ബോര്‍ഡ് പക്കലില്ല. ഇത്രയും സ്വര്‍ണം പൂശിയെങ്കില്‍ എങ്ങനെ നാല് വര്‍ഷം കൊണ്ട് ചെമ്പു തെളിഞ്ഞെന്ന ചോദ്യവും പ്രധാനമാണ്. 40 വര്‍ഷം ഗാരന്റിയുള്ള ക്ലിയര്‍ കോട്ടടിച്ച ശില്‍പ പാളികള്‍ ഇത്തരത്തില്‍ നിറം മങ്ങണമെങ്കില്‍ അതില്‍ സ്വര്‍ണം പേരിനേ ഉണ്ടായിരുന്നുള്ളൂവെന്നതു വ്യക്തമാണ്.

ഈ പാളികള്‍ ഇളക്കി മാറ്റി അടിയന്തരമായി വീണ്ടും സ്വര്‍ണം പൂശാന്‍ 2024ല്‍ത്തന്നെ ശ്രമം തുടങ്ങിയിരുന്നു. 2019ലെ സ്വര്‍ണം പൂശല്‍ തട്ടിപ്പും കവര്‍ച്ചയും ദ്വാരപാലക ശില്‍പങ്ങളിലെ ചെമ്പ് തെളിയുന്നതിലൂടെ പുറത്തുവരുമെന്ന് ഭയന്ന ഉന്നത ഭരണ നേതൃത്വം അത് മറയ്ക്കാന്‍ പ്രശാന്തിനു മേല്‍ സമ്മര്‍ദം ചെലുത്തിയെന്നു വ്യക്തം. ആരു നിര്‍ദേശിച്ചിട്ടാണ് പാളികള്‍ തിരക്കിട്ടു ചെന്നൈക്കു വിട്ടതെന്ന ചോദ്യത്തിനും പ്രശാന്ത് മറുപടി പറയേണ്ടി വരും.