- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറാന്‍ പത്മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചനയില്‍ പങ്കാളിയായി; രേഖകളില്‍ കൃത്രിമം കാട്ടി പ്രതികള്‍ക്ക് സഹായം നല്കി ബോര്‍ഡിന് നഷ്ടമുണ്ടാക്കി; കുടുക്കിയത് പത്മകുമാറിന്റെ മൊഴി; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം റിമാന്‍ഡില്‍
മുന്‍ ദേവസ്വം ബോര്‍ഡ് അംഗം റിമാന്‍ഡില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രേഖകളില്‍ കൃത്രിമം കാണിച്ചെന്നും ബോര്‍ഡിന് നഷ്ടമുണ്ടാക്കാന്‍ പ്രതികള്‍ക്ക് സഹായം നല്‍കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ നടപടി.
അടുത്ത മാസം 12 വരെയാണ് വിജയകുമാറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കേസില്‍ വിജയകുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഈ മാസം 31-ന് കോടതി പരിഗണിക്കും. ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനൊപ്പം വിജയകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറാന്‍ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിജയകുമാറിനെ കുടുക്കിയത് മുന്‍ പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയും ബോര്‍ഡ് യോഗത്തിലെ മിനുട്‌സുമാണ്. 2019 മാര്‍ച്ച് 19-ന് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണപ്പാളികള്‍ കൈമാറാന്‍ തീരുമാനിച്ചപ്പോള്‍, രേഖകളില്‍ അത് 'ചെമ്പ്' എന്ന് തിരുത്തി എഴുതുകയായിരുന്നു. ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും അറിഞ്ഞുകൊണ്ട് നടത്തിയ ഈ വന്‍ ഗൂഢാലോചനയാണ് വിജിലന്‍സ് സംഘം പൊളിച്ചത്. 'താന്‍ മാത്രം എങ്ങനെ പ്രതിയാകും?' എന്ന പത്മകുമാറിന്റെ ചോദ്യം വിജയകുമാറിലേക്കും ശങ്കരദാസിലേക്കും അന്വേഷണം നീളാന്‍ കാരണമായി.
അന്വേഷണസംഘം വീട് വളഞ്ഞതോടെ വിജയകുമാര്‍ ഒളിവില്‍ പോയിരുന്നു. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ 'താന്‍ ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണ്' എന്ന് അടുത്ത സുഹൃത്തുക്കള്‍ക്ക് വിജയകുമാര്‍ സന്ദേശമയച്ചു. എന്നാല്‍ പോലീസ് നീക്കം ശക്തമായതോടെ ഗത്യന്തരമില്ലാതെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം എസ്.ഐ.ടി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനയുടെ മുന്‍ പ്രസിഡന്റും നിലവില്‍ തിരുവല്ലം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമാണ് വിജയകുമാര്‍. അക്രമ സമരത്തിന്റെ പേരില്‍ ഒരിക്കല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഇയാളെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരാണ് തിരിച്ചെടുത്തത്. വിരമിച്ച ശേഷം പാര്‍ട്ടി നോമിനിയായാണ് ദേവസ്വം ബോര്‍ഡില്‍ എത്തിയത്. സിപിഎമ്മിന്റെ കരുത്തുറ്റ സംരക്ഷണം ഉണ്ടായിട്ടും കോടതിയുടെ കര്‍ശന നിലപാടാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് നയിച്ചത്.
നേരത്തെ, കേസില്‍ പത്മകുമാര്‍ അറസ്റ്റിലായപ്പോള്‍, ബോര്‍ഡ് അംഗങ്ങളായിരുന്ന എന്‍. വിജയകുമാറിനെയും കെ.പി. ശങ്കരദാസിനെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. 'വമ്പന്‍ സ്രാവുകളിലേക്ക്' അന്വേഷണം നീങ്ങണമെന്ന കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് പിന്നാലെയാണ് വിജയകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കുരുക്ക് മുറുകുന്നു; അടുത്തത് ആര്?
കേസിലെ മറ്റൊരു പ്രധാനി കെ.പി. ശങ്കരദാസ് പക്ഷാഘാതം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഒന്നിന് പരിഗണിക്കും. കൂടാതെ, സ്വര്‍ണ്ണക്കൊള്ളയിലെ അന്താരാഷ്ട്ര ബന്ധങ്ങള്‍ തേടി ഡിണ്ടിഗല്‍ സ്വദേശി മണിയെയും എസ്.ഐ.ടി ചോദ്യം ചെയ്യും.




