- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനകളുടെ ഒട്ടുമിക്ക ലക്ഷണങ്ങളും തികഞ്ഞ ശാന്ത സ്വഭാവി; ആരുമായും എളുപ്പത്തിൽ ഇണങ്ങും; അടിപിടി മൂത്ത് കൂട്ടത്തല്ലാകുന്ന കഥ പറഞ്ഞ അജഗജാന്തരത്തിലെ പാർത്ഥൻ സൂപ്പർതാരമായത് 'അഭിനയ മികവിൽ'; അപ്രതീക്ഷിതമായി കൊമ്പൻ ചരിഞ്ഞു; കെട്ടിപ്പിടിച്ച് കരയുന്ന പാപ്പന്മാരുടെ ചിത്രം ആനപ്രേമികൾക്ക് നൊമ്പരമാകുന്നു; നടക്കൽ ഉണ്ണികൃഷ്ണൻ ഓർമ്മകളിലേക്ക്
കോട്ടയം: സിനിമ പ്രേമികളുടെയും ആനപ്രേമികളുടെയും കണ്ണിലുണ്ണിയായ കൊമ്പൻ നടക്കൽ ഉണ്ണികൃഷ്ണൻ ചരിയുമ്പോൾ അത് ആനപ്രേമികൾക്ക് തീരാവദേന. പപ്പാന്മാർ ആനയെ കെട്ടിപിടിച്ച് കരയുന്ന ഫോട്ടോ വൈറലാകുകയാണ്. നടക്കൽ ഉണ്ണികൃഷ്ണന്റെ സ്‌നേഹവും കരുതലുമാണ് പപ്പാന്മാരുടെ വേദനയിലുമുള്ളത്. ഉണ്ണി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഉണ്ണികൃഷ്ണൻ ആന പ്രേമികൾക്കിടയിലെ സൂപ്പർ സ്റ്റാറാണ്. ഹൃദയാഘാതത്തെ തുടർന്നാണ് ഉണ്ണികൃഷ്ണന്റെ വിയോഗം. തീർത്തും അപ്രതീക്ഷിതം. ആനകളുടെ ഒട്ടുമിക്ക ലക്ഷണങ്ങളും തികഞ്ഞ ഉണ്ണികൃഷ്ണൻ ശാന്ത സ്വഭാവിയും ആരുമായും എളുപ്പത്തിൽ ഇണങ്ങുന്നതുമായ ആനയായിരുന്നു.
അജഗജാന്തരത്തിലെ പാർഥൻ എന്നു പറഞ്ഞാൽ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഈ ചിത്രത്തിലൂടെയാണ് ഉണ്ണികൃഷ്ണൻ ഏറെ ശ്രദ്ധേയനാകുന്നത്. ഇതിനു പുറമേ പഞ്ചവർണ്ണ തത്ത, തിരുവമ്പാടി തമ്പാൻ, കുങ്കി, ഹാത്തിമേരാ സാത്തി, പാൽത്തു ജാൻവർ, ഒടിയൻ തുടങ്ങി നിരവധി ചിത്രങ്ങളിലും മിന്നും പ്രകടനം നടത്തിയിരുന്നു. എന്നാൽ അജഗജാന്തരം ഉണ്ണിയെ അതിപ്രശ്തനാക്കി. ഉഗ്രൻ പ്രകടനമാണ് ഉണ്ണികൃഷ്ണൻ അജഗജാന്തരത്തിൽ കാഴ്‌ച്ച വച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിനു ശേഷം നടയ്ക്കൽ ഉണ്ണികൃഷ്ണന് ആരാധകർ ഏറി.
ഒരു നാടും അവിടുത്തെ ഉത്സവവുമാണ് അജഗജാന്തരം സിനിമയുടെ കഥാ പശ്ചാത്തലം. അവിടേക്ക് ആദ്യമായി ഉത്സവത്തിന് ഒരാന എത്തുന്നു. ഉത്സവപ്പറമ്പിലെ ചെറിയ കശപിശയിലാണ് തുടക്കം. കശപിശ അടിപിടി ആവുന്നതും, അടിപിടി മൂത്ത് കൂട്ടത്തല്ല് ആവുന്നതും, അതിനവസാനമുള്ള കലാശക്കൊട്ടുമാണ് 'അജഗജാന്തരം'. ഒന്നു പറഞ്ഞ് രണ്ടാമതു തല്ലാണ് ലാലിയുടെ (ആന്റണി വർഗീസ്) രീതി. അതിപ്പോ കല്യാണപാർട്ടിയായാലും പൂരമായാലും ലാലിയുടെ വക തല്ല് പതിവാണ്. ഒരു പ്രത്യേക സ്വഭാവം. ലാലുവിന്റെ കൂട്ടുകാരനാണ് പാപ്പാൻ അമ്പി (കിച്ചു ടെല്ലസ്). അമ്പിയും ആനയും പോയ ഉത്സവത്തിനു ലാലിയും എത്തുന്നതോടെ 'തല്ലുപൂര'മായി. ഇതിനെടിയിൽ അജഗജാന്തരത്തിലെ പാർഥനും താരമായി.
സാധാരണയായി ആനകളെ പരിചരിക്കുക എന്നത് അത്ര എളുപ്പമല്ല, ഒന്ന് പാളിയാൽ കൈ വിട്ടു പോകും. അത്തരമൊരു മൃഗത്തെ സിനിമയിൽ അഭിനയിപ്പിക്കുക എന്നത് ഏറെ കഠിനമാണ്. പ്രധാന കഥാപാത്രം കൂടി ആകുമ്പോൾ അതിലേറെ കഠിനം. എന്നാൽ ഉണ്ണി കൃഷ്ണൻ ക്യാമറ കണ്ടാൽ തന്നെ അഭിനയിച്ചു തുടങ്ങും. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായ ഉണ്ണികൃഷ്ണന്റെ വിടവാങ്ങൽ ഞെട്ടലായി. ആനപ്രേമികൾക്ക് ഒപ്പം തന്നെ സിനിമ ലോകത്തെ സൂപ്പർ സ്റ്റാറും മടങ്ങി. ഈ കൊമ്പന്റെ വിയോഗം തീരാനഷ്ടവുമായി.
1982-ലാണ് ഉണ്ണികൃഷ്ണൻ കേരളത്തിലെത്തുന്നത്. പാലക്കാട് മനിശ്ശീരി സ്വദേശി ഹരിയാണ് ഉണ്ണികൃഷ്ണനെ കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കൊണ്ടു വരുന്നത്. പിന്നീട് കൊല്ലത്തേക്ക് കൈമാറ്റം ചെയ്ത ആനയെ മുണ്ടക്കയം സ്വദേശി നടക്കൽ വർക്കി എറ്റു വാങ്ങുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ