കോട്ടയം: കേരളത്തിൽ ലൗജിഹാദ് ഉണ്ടെന്നും അതിന് പിന്നിൽ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾക്ക് പങ്കുണ്ടെന്ന വിധത്തിൽ ആരോപണം ഉന്നയിച്ചത് പാലാ ബിഷപ്പ് അടക്കമുള്ളവരായിരുന്നു. മധ്യ തിരുവിതാംകൂറിലെയും മറ്റിടങ്ങളിലെയും ബിഷപ്പുമാർ ഇക്കാര്യത്തിൽ സമാന മനസ്‌ക്കരാണ് താനും. ഇപ്പോൾ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു കൊണ്ട് കേന്ദ്രസർക്കാർ സർജ്ജിക്കൽ സ്‌ട്രൈക്ക് നടത്തുമ്പോൾ കേന്ദ്ര സർക്കാർ നടപടിക്കൊപ്പമാണ് ക്രൈസ്തവ സഭയിലെ ഉന്നതർ സ്വീകരിക്കുന്നതും. തങ്ങൾ ഉയർത്തിയ വിഷയത്തിന് ഭാഗികായി ലഭിച്ച അംഗീകാരാണ് പിഎഫ്‌ഐ നിരോധനമെന്ന് കാണുന്നവരുമുണ്ട്. എന്നാൽ, ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കേണ്ടതില്ലെന്നാണ് പൊതുനിലപാട്.

അതേസമയം ഭാവിയിലെ ഇന്ത്യൻ രാഷ്ട്രീയം മുൻനിർത്തി കേരളത്തിലെ ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ഇതിനായാണ് ക്രൈസ്തവ നേതാക്കളെ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ കൂടിക്കാഴ്‌ച്ച നടത്തിയതും. കോട്ടയത്തു വച്ചായിരുന്നു രഹസ്യമായി കൂടിക്കാഴ്‌ച്ച നടത്തിയത്. സൗഹൃദസന്ദർശനം മാത്രമായിരുന്നെന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നുമാണ് സഭകളുടെ വിശദീകരണം. ഞായറാഴ്ച ബിജെപി. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കഴിഞ്ഞാണ് നഡ്ഡ കാരിത്താസ് കാമ്പസിലെത്തിയത്. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, ക്‌നാനായ കത്തോലിക്കസഭാ കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് എന്നിവരുമായിട്ടാണ് അദ്ദേഹം ഒന്നരമണിക്കൂർ കൂടിക്കാഴ്ച നടത്തിയത്.

വിവിധ ക്രൈസ്തവസഭകളുടെ നേതൃത്വത്തിൽ ഭാരതീയ ക്രൈസ്തവസംഗമം എന്നപേരിൽ അടുത്തിടെ പുതിയ പ്രസ്ഥാനം രൂപപ്പെട്ട സാഹചര്യത്തിലാണ് ബിജെപി. അധ്യക്ഷന്റെ നീക്കം ശ്രദ്ധനേടിയത്. സഭകൾ അടുത്തിടെ ഉന്നയിച്ച ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ ബിജെപി.ക്കും സമാനനിലപാടാണുള്ളത്.

കേരളത്തിൽ ബിജെപി.യുടെ ബഹുജനപിന്തുണയും വോട്ടുശതമാനവും കൂട്ടുന്നതിന് ക്രൈസ്തവർ അടക്കമുള്ള വിവിധ സമുദായങ്ങളുമായി അടുപ്പം കൂട്ടണമെന്ന് ദേശീയനേതൃത്വം നിർദേശിച്ചിരുന്നു. നഡ്ഡയ്‌ക്കൊപ്പം സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ, ജില്ലാപ്രസിഡന്റ് ലിജിൻലാൽ എന്നിവരുമുണ്ടായിരുന്നു.

ചർച്ചയിൽ ബിജെപി കേരളത്തിൽ രൂപീകരിക്കുന്ന ക്രൈസ്തവ സംഘടനയിലെ ക്ലാനായ കത്തോലിക്കാ സഭയുടെ പങ്കാളിത്തം ചർച്ചയായതായാണ് സൂചന. ഒരു മണിക്കൂറോളം ബിഷപ്പുമാരുമായി സംസാരിച്ച ഇദ്ദേഹം എൻഐഎ റെയ്ഡ് അടക്കമുള്ള കാര്യങ്ങൾ സഭയുമായി പങ്കുവച്ചു. രാജ്യത്തിന്റെ തീവ്രവാദ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ സഭ ബിജെപിയും കേന്ദ്ര സർക്കാരുമായി സഹകരിക്കേണ്ടതിന്റെ ആവശ്യകതയമാണ് ജെപി നദ്ദ പ്രധാനമായും ഉയർത്തിയതെന്നാണ് സൂചന. കോട്ടയത്ത് എത്തിയ ബിജെപി അധ്യക്ഷൻ കോടിമതയിലെ സ്വകാര്യ ഹോട്ടലിലാണ് താമസിച്ചിരുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ ക്രൈസ്തവ സഭകളുമായി അടുക്കാനാണ് ബിജെപിയുടെ നീക്കം. ഗോവൻ മാതൃകയിലെ രാഷ്ട്രീയ സഹകരണമാണ് ആലോചന. ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ളയ്ക്ക് ക്രൈസ്തവ സഭകളുമായി നല്ല ബന്ധമുണ്ട്. ഇത് മുതൽക്കൂട്ടാക്കി മുമ്പോട്ട് പോകാനാണ് തീരുമാനം. ഇതിനിടെയാണ് കേരളത്തിൽ പുതിയ സംഘടനയുമായി ക്രൈസ്തവ സഭയും എത്തുന്നത്. ഇതിന് പിന്നിലും പരിവാർ രാഷ്ട്രീയമുണ്ടെന്നാണ് വയ്‌പ്പ്. ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് കേരളത്തിലുണ്ട്. ക്രൈസ്തവ സഭയുമായി അടുത്ത ബന്ധം ആർ എസ് എസും ആഗ്രഹിക്കുന്നു.

ബി.സി.എസിന്റെ വരവിനെ മറ്റു പാർട്ടികളും ജാഗ്രതയോടെയാണ് കാണുന്നത്. വിവിധ മുന്നണികളിൽ നിന്ന് തിരഞ്ഞെടുപ്പിൽ സമ്മർദഗ്രൂപ്പായി നിന്ന് സീറ്റ് വാങ്ങിയെടുക്കാനുള്ള നീക്കമായി കാണുന്ന നേതാക്കളുമുണ്ട്. നിലവിൽ പല രാഷ്ട്രീയപ്പാർട്ടികളിൽ പ്രവർത്തിക്കുന്ന നേതാക്കൾ ബി.സി.എസുമായി സഹകരിച്ചുവരുന്നുണ്ട്. ജോർജ് ജെ. മാത്യു ചെയർമാനും വി.വി. അഗസ്റ്റിൻ ജനറൽ സെക്രട്ടറിയും ജോണി നെല്ലൂർ, പി.എം. മാത്യു, സ്റ്റീഫൻ മാത്യു എന്നിവർ വൈസ് ചെയർമാന്മാരും ആയ 51 അംഗ എക്സിക്യുട്ടീവാണ് സംഘടനയുടെ തലപ്പത്തുള്ളത്. ഇതിൽ ജോർജ് ജെ മാത്യു ബിജെപിയുമായി അടുപ്പമുള്ള വ്യക്തിയാണ്. വിവി അഗസ്റ്റിനും ജോണി നെല്ലൂരും പിഎം മാത്യുവുമെല്ലാം കേരള രാഷ്ട്രീയത്തിൽ പുതിയ സാധ്യതകൾ തേടുന്നവരാണ്. അതുകൊണ്ട് കൂടിയാണ് ഈ സംഘടനയുടെ രാഷ്ട്രീയ ഉദേശ്യത്തിൽ ചർച്ചകൾ സജീവമാകുന്നത്.

അതേസമയം കേരളത്തിൽ ബിജെപി. നേതാക്കൾക്ക് ജനങ്ങൾക്കിടയിൽ സ്വാധീനംകുറവെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ജനങ്ങളോട് അടുത്തിടപഴകാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും സമയം കണ്ടെത്തണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി. സ്ഥാനാർത്ഥികളുടെ യോഗത്തിൽ ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് ഈ നിർദ്ദേശം നൽകിയത്. മസിലുപിടിച്ചു പെരുമാറുന്ന രീതിയെ യോഗത്തിൽ ജെ.പി.നഡ്ഡ പരിഹസിച്ചു.

സ്ഥാനാർത്ഥികളുടെ പേരും മുഖവും പോലും സമ്മതിദായകർക്ക് ഇപ്പോൾ ഓർമയില്ല. ബെംഗളൂരു കേന്ദ്രമായ ഏജൻസിയെക്കൊണ്ട് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. സാമൂഹികമാധ്യമങ്ങളിൽ ബിജെപി. പ്രാദേശിക നേതാക്കളെ തീരെ കുറച്ചാളുകളേ പിന്തുടരുന്നുള്ളൂ. പിന്തുടരുന്നവരിൽ തന്നെ ഭൂരിപക്ഷംപേരും നേതാക്കൾ മത്സരിച്ച മണ്ഡലങ്ങളിലെ വോട്ടർമാരല്ലെന്നാണ് കണ്ടെത്തൽ.

കേരളത്തിൽ ഒരിക്കലും അധികാരം ലഭിക്കില്ലെന്ന വിചാരം പാടില്ലെന്ന് നഡ്ഡ പറഞ്ഞു. കേരളം സിപിഎമ്മിനും കോൺഗ്രസിനും തീറെഴുതി കൊടുത്തിരിക്കുകയാണെന്ന ചിന്ത വേണ്ടാ. ജനങ്ങൾക്കിടയിൽ തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരുന്നില്ലെങ്കിൽ അത്തരം നേതാക്കൾ ജനമനസ്സിൽനിന്ന് പുറത്താകും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ മാസത്തിൽ 20 ദിവസമെങ്കിലും അതത് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് ദേശീയ അധ്യക്ഷന്റെ നിർദ്ദേശം.