- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃശൂരിൽ ബിജെപിയെ സഹായിക്കണമെന്ന് ജാവ്‌ദേക്കർ ഇ.പിയോട് ആവശ്യപ്പെട്ടു
കൊച്ചി: കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ആക്കുളത്തെ മകന്റെ ഫ്‌ളാറ്റിൽ വെച്ച് ചർച്ച നടത്തിയതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ. ഈ കൂടിക്കാഴ്‌ച്ച നടന്നത് കഴിഞ്ഞ വർഷമാണെന്നാണ് നന്ദകുമാർ വെളിപ്പെടുത്തിയത്. 2023 മാർച്ച് അഞ്ചിനാണ് താൻ ഇടനിലക്കാരനായി ഇരുവരും ആക്കുളത്തെ രാജുവിന്റെ ഫ്‌ളാറ്റിൽ കൂടിക്കാഴ്ച നടത്തിയതെന്ന് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നന്ദകുമാർ പറഞ്ഞു.
തൃശ്ശൂർ മണ്ഡലമായിരുന്നു ചർച്ചാ വിഷയമെന്നും നന്ദകുമാർ വെളിപ്പെടുത്തി. 'തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് ജാവ്‌ദേക്കർ കാണാനെത്തിയത്. അവിടെ ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തണമെന്നാവശ്യപ്പെട്ടു. എന്നാൽ, ഇത് സിപിഐയുടെ സീറ്റാണെന്ന് ഇ.പി മറുപടി നൽകി. അല്ലാതെ ഇ.പിയെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ല' -നന്ദകുമാർ പറഞ്ഞു.
'ഞങ്ങളെ അകത്തേക്ക് കയറ്റി അദ്ദേഹം നമസ്‌കാരം പറഞ്ഞു. കുട്ടിക്ക് പിറന്നാൾ ഗിഫ്റ്റ് കൊടുത്തു. ജാവദേക്കർ സംസാരം സ്റ്റാർട്ട് ചെയ്തു. ഐപാഡ് എടുത്ത് സുധാകരനെ കൂട്ടിമുട്ടിയ രംഗങ്ങൾ കാണിച്ചു. മുരളീധരനെയും ചെന്നിത്തലയെയും അപ്രോച്ച് ചെയ്തതും കുഞ്ഞാലിക്കുട്ടിയെ ശോഭ കണ്ടതും പറഞ്ഞു. ഇതൊന്നും സക്‌സസായില്ലെന്നും എൽ.ഡി.എഫിന്റെ സഹായം വേണമെന്നും പറഞ്ഞു.
കേരളത്തിൽ ജയിക്കാൻ ഹിന്ദുത്വ വേണമെന്നും ജാവ്‌ദേക്കർ പറഞ്ഞു. ലാവ്‌ലിൻ കേസിലും കരുവന്നൂർ കേസിലും ഇടപെടാമെന്ന് വാഗ്ദാനം ചെയ്തു. ഒടുവിൽ ഇ.പി. ജയരാജന്റെ മകനും ഭാര്യക്കും പങ്കാളിത്തമുള്ള വൈദേകം റിസോർട്ടിന്റെ കാര്യം പറഞ്ഞപ്പോൾ ഇ.പി വയലന്റായി. അതേക്കുറിച്ച് പറയേണ്ട എന്ന് പറഞ്ഞു. അതിൽ തനിക്ക് പങ്കില്ലെന്നും മകനും ഭാര്യക്കുമാണ് പങ്കെന്നും അത് അക്കൗണ്ടഡാണെന്നും ഇ.പി പറഞ്ഞു'-നന്ദകുമാർ പറഞ്ഞു.
അതേസമയം കെ. സുധാകരനും ശോഭ സുരേന്ദ്രനും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്കും പാലാരിവട്ടം പൊലീസിനും പരാതി നൽകിയതായും നന്ദകുമാർ പറഞ്ഞു. അതേസമയം ഇന്നലെ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപിക്കെതിരെ കർശന നടപടി വേണ്ടെന്ന ആവശ്യമാണ് ഉയർന്നത്. സിപിഎമ്മിൽ പൊട്ടിത്തെറിയുണ്ടാക്കുന്ന തീരുമാനം തൽകാലം വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ എടുത്തത്. ഇത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അംഗീകരിച്ചു. ഇതോടെ ഇപി വിഷയത്തിൽ പ്രശ്‌ന പരിഹാവുമായി. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഈ വിഷയം സിപിഎം കേന്ദ്ര കമ്മറ്റി പരിശോധിക്കാനും സാധ്യതയുണ്ട്. ഇപി ഇനി പാർട്ടിയുടെ കർശന നിരീക്ഷണത്തിലാകും. മോശം കുട്ടുകെട്ടുകളിൽ നിന്നും ഇപിയെ രക്ഷിക്കാൻ വേണ്ടിയാണ് ഇത്.
ബിജെപി നേതാവുമായി ഇ.പി.ജയരാജൻ കൂടിക്കാഴ്ച നടത്തിയതു ന്യായീകരിക്കാനാകില്ലെന്നു തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട്. ജയരാജൻ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമാണ്. ഈ നിലയിലുള്ള പെരുമാറ്റവും നിലപാടുമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതെന്നും അവാസ്തവങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ് കൊടുക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ജയരാജനു നിർദ്ദേശം നൽകി. എന്നാൽ ഇപിക്കെതിരെ അച്ചടക്ക നടപടിയൊന്നും സിപിഎം കൈക്കൊണ്ടില്ല. അച്ചടക്ക നടപടിയുണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാൻ കൂടിയാണ് ഇപി യോഗത്തിന് എത്തിയത്. തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തു. ഇതോടെ ഉപദേശത്തിലേക്ക് അച്ചടക്ക നടപടി ഒതുങ്ങുകയായിരുന്നു.
കണ്ണൂരിലെ രാഷ്ട്രീയത്തിൽ അതുണ്ടാക്കുന്ന പ്രതിഫലനങ്ങൾ തിരിച്ചറിഞ്ഞ് പിണറായിയും ഇപിയെ കൈവിട്ടില്ല. പാർട്ടിക്ക് വേണ്ടി വെടിയേറ്റ് വീണിട്ടും പതറാതെ മുന്നേറിയ സഖാവിനെ തൽകാലം പരസ്യമായി സിപിഎം സംസ്ഥാന നേതൃത്വം ഇനി തള്ളി പറയില്ല. വിശ്വാസമില്ലെങ്കിൽ ഇടതു കൺവീനർ സ്ഥാനം ഒഴിയാമെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനെ ഇപി ജയരാജൻ അറിയിച്ചത്. എന്നാൽ കൂട്ടുകെട്ടുകൾ ശ്രദ്ധിച്ചാൽ മതിയെന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ഇതിനപ്പുറമൊരു വിമർശനത്തിന് മറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങളും മുതിർന്നില്ല. ഇതോടെ രാജിവയ്ക്കാമെന്ന ജയരാജന്റെ നിർദ്ദേശം തള്ളുകയും ചെയ്തു.