പന്തളം: എൻ എസ് എസ് കോളജ് പ്രിൻസിപ്പാൾ നന്ത്യത്ത് ഗോപാലകൃഷ്ണന് സസ്പെൻഷൻ. ഗവേഷക വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് സസ്പെൻഷൻ. ഒരു വർഷം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

തിരുവനന്തപുരം എംജി കോളജ് പ്രിൻസിപ്പാൾ ആയിരിക്കേയാണ് മോശമായി പെരുമാറിയെന്ന് ഗവേഷക വിദ്യാർത്ഥി പരാതി നൽകിയത്. അന്വേഷണ കമ്മിഷന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗൈഡ് ഷിപ്പിൽ നിന്ന് ഗോപാലകൃഷ്ണനെ നീക്കം ചെയ്തിരുന്നു.

ഒരു വർഷം മുമ്പാണ് ഇയാളുടെ കീഴിൽ ഗവേഷണം നടത്തിയ വിദ്യാർത്ഥി കേരള സർവകലാശാലയ്ക്ക് പരാതി നൽകിയത്. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിനിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി ഇതിനെ തുടർന്നാണ് നടപടി.

ഒരു മാസം മുൻപാണ് പന്തളം എൻ.എസ്.എസ് കോളജിൽ പ്രിൻസിപ്പാളായി നിയമിതനായത്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗോപാലകൃഷ്ണനെതിരേ നടപടി സ്വീകരിക്കാൻ കേരളാ യൂണിവേഴ്സിറ്റി എൻഎസ്എസ് മാനേജ്മെന്റിനോട് നിർദ്ദേശിക്കുകയായിരുന്നു. മെയ് 10 നാണ് പന്തളം എൻഎസ്എസിൽ ചുമതലയേറ്റത്.

നന്ത്യത്ത് ഗോപാലകൃഷ്ണൻ, മട്ടന്നൂർ പഴശ്ശി രാജാ എൻ.എസ്.എസ്. കോളേജ്, തിരുവനന്തപുരം എം.ജി. കോളെജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായിരുന്നു. സാഹിത്യ വിമർശകൻ കൂടിയായ പ്രൊഫ.ഗോപാലകൃഷ്ണൻ കൊട്ടാരക്കര പൂവറ്റൂർ സ്വദേശിയാണ്. ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗം, സെൻസർ ബോർഡ് അംഗം, യുജിസി വിദഗ്ദ്ധ സമിതിയംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. യുജിസി പ്രതിനിധിയായി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെ ഗവേണിങ് ബോഡി അംഗമാണ്. നോവലും കാൽപ്പനികതയും, ഇന്ദുലേഖ :വിമർശനവും വിധിയെഴുത്തും , സംസ്‌കൃതിയുടെ പാഠാന്തരങ്ങൾ, പ്രബുദ്ധതയുംപ്രതിബദ്ധതയും തിരുപ്പാണൻ തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.