- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാര്യവീട്ടില്‍ എത്തിയപ്പോള്‍ നൂറിലധികം പേര്‍ ഇരച്ചെത്തി ഭീഷണി മുഴക്കി ഇറക്കിവിട്ടു; പിതാവ് മരിച്ചപ്പോള്‍ വിദേശത്ത് നിന്ന് വീട്ടിലെത്തിയെങ്കിലും ചടങ്ങില്‍ പങ്കെടുക്കാനും അമ്മയെ കാണാനും സമ്മതിച്ചില്ല; സൂഫി ധാരയായ നഖ്ശബന്ദിയ്യ ത്വരീഖത്ത് വിട്ടതിന്റെ പേരില്‍ കുടുംബത്തെ ഊരുവിലക്കിയതായി പരാതി; കുടുംബപ്രശ്‌നം മാത്രമാണെന്ന് നഖ്ശബന്ദിയ്യയും
നഖ്ശബന്ദിയ്യ ത്വരീഖത്ത് വിട്ടതിന്റെ പേരില്‍ കുടുംബത്തെ ഊരുവിലക്കിയതായി പരാതി
മലപ്പുറം: മുസ്ലിം സുന്നി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രമുഖ സൂഫീ ധാരയാണ് നഖ്ശബന്ദിയ്യ ത്വരീഖത്ത്. ഇസ്ലാമിക ഖിലാഫത്തില്‍ വിശ്വസിക്കുന്ന ആത്മീയ ധാരയാണ്. സൂഫികളെ പോലെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഈ വിഭാഗം കര്‍ക്കശമായ ആദ്ധ്യാത്മിക വഴി പിന്തുടരുന്നവരാണ്. നഖ്ശബന്ദിയ്യ ത്വരീഖത്തുമായുള്ള ബന്ധം വേര്‍പെടുത്തിയതിന്, സംഘടനയുടെ നിര്‍ദേശപ്രകാരം സഹോദരിമാരെ കുടുംബം അകറ്റി നിര്‍ത്തുന്നതായുളള പരാതിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
അരീക്കോട് കിഴിശ്ശേരി സ്വദേശികളായ കല്ലന്‍ വീട്ടില്‍ ലുബ്‌ന, അനുജത്തി ഷിബ്‌ല, ലുബ്‌നയുടെ ഭര്‍ത്താവ് റിയാസ് എന്നിവരാണ് സംഘടന നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തുവന്നത്. മലപ്പുറം എസ്.പിക്കും കൊണ്ടോട്ടി ഡിവൈ.എസ്.പിക്കും പരാതി നല്‍കിയതായി ഇവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
കൊടുവള്ളി കിഴക്കോത്ത് പുത്തന്‍വീട്ടില്‍ പി.വി. ഷാഹുല്‍ ഹമീദ് നേതൃത്വം നല്‍കുന്ന നഖ്ശബന്ദിയ്യ ത്വരീഖത്തിലുള്‍പ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു തങ്ങളെന്ന് ഇവര്‍ പറയുന്നു. മൂന്നു വര്‍ഷം മുമ്പാണ് വയനാട് സ്വദേശി റിയാസും ഭാര്യ ലുബ്‌നയും സംഘടനയുമായി പിരിഞ്ഞത്. കഴിഞ്ഞ മാസം ഷിബ്‌ലയും സംഘടന വിട്ടു. ഇതോടെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍നിന്നും ഒറ്റപ്പെടുത്തലും മാനസിക പീഡനവും നേരിടേണ്ടി വരുകയാണെന്ന് ഇവര്‍ ആരോപിച്ചു.
മൂന്നു വര്‍ഷത്തിനു ശേഷം ചൊവ്വാഴ്ച രാത്രി ഭാര്യയുടെയും അവരുടെ അനുജത്തിയുടെയും കൂടെ കിഴിശ്ശേരിയിലെ ഭാര്യവീട്ടിലെത്തിയെങ്കിലും സംഘടനയുടെ നേതൃത്വത്തില്‍ നൂറിലധികം പേര്‍ സംഘടിച്ചെത്തി ഭീഷണി മുഴക്കി ഇറക്കിവിടാന്‍ ശ്രമിച്ചു. പൊലീസ് എത്തിയാണ് തങ്ങളെ രക്ഷിച്ചതെന്നും റിയാസ് പറഞ്ഞു. 2022 ഒക്ടോബറിലാണ് പിതാവ് മരിച്ചത്. വിദേശത്തായിരുന്ന താന്‍ അന്ന് വയനാട്ടിലെ വീട്ടിലെത്തിയെങ്കിലും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനും വീട്ടില്‍ പ്രവേശിക്കാനും അനുവദിച്ചില്ല. മാതാവിനെപോലും കാണാതെ തിരിച്ചുപോകേണ്ട സ്ഥിതിയുണ്ടായി. കോയമ്പത്തൂരിലാണ് താനും കുടുംബവും ഷിബ്‌ലയും അവരുടെ രണ്ട് കുട്ടികളും ഇപ്പോള്‍ കഴിയുന്നതെന്നും റിയാസ് പറഞ്ഞു.
എന്നാല്‍, കിഴിശ്ശേരിയിലേത് കുടുംബപ്രശ്‌നം മാത്രമാണെന്നും നഖ്ശബന്ദിയ്യ പ്രസ്ഥാനം ഇതില്‍ ഇടപെട്ടിട്ടില്ലെന്നും ശാഖ പ്രസിഡന്റ് അഹമ്മദ് പ്രതികരിച്ചു. പിതാവും രണ്ട് പെണ്‍മക്കളും തമ്മിലുള്ള തര്‍ക്കം മാത്രമാണിത്. ജഗ്ഗി വാസുദേവ് സ്ഥാപിച്ച ഇഷ യോഗകേന്ദ്രത്തിലെ വോളന്റിയറാണ് റിയാസ്. ആ വഴിയിലേക്ക് രണ്ടാമത്തെ മകളെയും കുടുംബത്തെയുംകൂടി കൊണ്ടുപോകുന്നതിലുള്ള എതിര്‍പ്പാണ് പിതാവ് പ്രകടിപ്പിച്ചത്. റിയാസിനെതിരെ, ഭാര്യയുടെ പിതാവ് സുലൈമാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അഹമ്മദ് പറഞ്ഞു.
സൂഫികള്‍ക്കിടയിലെ കാര്‍ക്കശ്യവാദികളായാണ് നഖ്ശബന്ദിയ്യ സൂഫികള്‍ അറിയപ്പെടുന്നത്. സൂഫി ശവകുടീരങ്ങളിലെ പുഷ്പ്പാര്‍ച്ചന, എണ്ണ നൈവേദ്യങ്ങള്‍, കല്ലറകളില്‍ തിരി കത്തിക്കുക, ഖവ്വാലി പോലുള്ള സംഗീത സദസ്സുകള്‍ എന്നിവയെല്ലാം നഖ്ശബന്ദിയ്യ സൂഫികള്‍ എതിര്‍ക്കുന്നു. സൂഫി ശവ കുടീരങ്ങള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ ഇസ്ലാമിക വസ്ത്രം ധരിക്കണമെന്നും, സ്ത്രീകളെ ശവ കുടീരങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കരുത് എന്നിങ്ങനെയുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇവര്‍ക്കിടയിലുണ്ട്.