ന്യൂഡല്‍ഹി: മുന്‍ കരസേനാ മേധാവി എം.എം. നരവനെയുടെ ഓര്‍മക്കുറിപ്പായ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' സംബന്ധിച്ച വിവാദങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നതിനിടെ വിഷയത്തില്‍ വിശദീകരണവുമായി പെന്‍ഗ്വിന്‍ ബുക് ഹൗസ്. എന്നാല്‍ പുസ്തകത്തിന്റെ പ്രസിദ്ധീകരണ അവകാശം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യക്കാണെന്നും പുസ്തകം ഇതുവരെ ഒരു രൂപത്തിലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പെന്‍ഗ്വിന്‍ വ്യക്തമാക്കി. പുസ്തകത്തിന്റെ കൈയെഴുത്തുപ്രതിയുടെ അനധികൃത പകര്‍പ്പുകള്‍ പ്രചരിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങളും പാര്‍ലമെന്റില്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് പ്രസ്താവന. ഇതുസംബന്ധിച്ച് ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. 'പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ'യ്ക്ക് ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോട് സഹകരിക്കണമെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നുമാണ് നിര്‍ദേശം. കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ഈ പുസ്തകത്തില്‍നിന്നുള്ള ഭാഗങ്ങള്‍ തന്റെ പ്രസംഗത്തില്‍ ഉദ്ധരിക്കാന്‍ ശ്രമിച്ചതോടെയാണ് വിഷയം വീണ്ടും സജീവമായത്.

പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തില്‍ നിന്നുള്ള കാര്യങ്ങള്‍ സഭയില്‍ ഉദ്ധരിക്കാന്‍ കഴിയില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തടസവാദമുന്നയിച്ചിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല എന്ന വാദം തള്ളിയ രാഹുല്‍ ഗാന്ധി, നരവനെയുടെ 2023ലെ പോസ്റ്റ് ചൂണ്ടിക്കാട്ടി പുസ്തകം പുറത്തിറങ്ങിയതായി വാദിച്ചിരുന്നു. ഒന്നുകില്‍ നരവനെ അല്ലെങ്കില്‍ പെന്‍ഗ്വിന്‍ ഇന്ത്യ കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെന്‍ഗ്വിന്‍ വിശദീകരണവുമായി രംഗത്ത് വന്നത്.

തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പുസ്തകം പ്രഖ്യാപിക്കുന്നതും പ്രീ-ഓര്‍ഡര്‍ ലിസ്റ്റ് നല്‍കുന്നതും അത് പ്രസിദ്ധീകരിക്കുന്നതും വ്യത്യസ്ത ഘട്ടങ്ങളാണെന്നും വിപണിയില്‍ വില്‍പനക്ക് എത്തുമ്പോള്‍ മാത്രമേ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതായി കണക്കാക്കൂ എന്നും പെന്‍ഗ്വിന്‍ വ്യക്തമാക്കി. ഓണ്‍ലൈനില്‍ പ്രീ-ഓര്‍ഡര്‍ ലിസ്റ്റിംഗ് കണ്ടതുകൊണ്ട് മാത്രം അത് പ്രസിദ്ധീകരണമായി മാറുന്നില്ല. ഡിജിറ്റല്‍ രൂപത്തിലോ അച്ചടിച്ച രൂപത്തിലോ പുസ്തകം വിതരണം ചെയ്യുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയുടെ വാദം. ഓര്‍മക്കുറിപ്പിന്റെ പകര്‍പ്പുകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലും മറ്റ് ഫോര്‍മാറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പെന്‍ഗ്വിന്‍ വ്യക്തമാക്കുന്നത്.

'ഇന്ത്യന്‍ ആര്‍മിയുടെ മുന്‍ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെയുടെ ഓര്‍മ്മക്കുറിപ്പായ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിന്റെ ഏക പ്രസിദ്ധീകരണ അവകാശം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യക്കാണെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു,' പ്രസ്താവനയില്‍ പറഞ്ഞു. നരവനെയുടെ പോസ്റ്റ് പ്രീ-ഓര്‍ഡര്‍ ലിങ്കിന് വേണ്ടിയുള്ളതായിരുന്നുവെന്നും രണ്ട് ദിവസത്തിന് ശേഷം പുസ്തകം പിന്‍വലിച്ചുവെന്നും പ്രസാധകര്‍ അറിയിച്ചു. പുസ്തകത്തിന്റെ പകര്‍പ്പാവകാശം തങ്ങള്‍ക്കാണെന്നും അനധികൃതമായി പുസ്തകത്തിന്റെ പി.ഡി.എഫ് രൂപമോ മറ്റ് കോപ്പികളോ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

'സുഹൃത്തുക്കളെ, എന്റെ പുസ്തകം ഇപ്പോള്‍ ലഭ്യമാണ്. ലിങ്ക് പിന്തുടരുക,' എന്ന് 2023 ഡിസംബറില്‍ ജനറല്‍ നരവനെ ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും, അത് ആമസോണിലെ 'പ്രീ-ഓര്‍ഡര്‍' (pre-order) സൗകര്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പ്രസാധകര്‍ വ്യക്തമാക്കി. പ്രസാധക രംഗത്ത് 'ലഭ്യം' (available) എന്ന വാക്കിന് പലപ്പോഴും മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എന്ന അര്‍ഥമാണുള്ളത്. പുസ്തകം അച്ചടിച്ചു കഴിഞ്ഞു എന്നല്ല. നിലവില്‍ പുസ്തകത്തിന്റെ അച്ചടിയോ ഡിജിറ്റല്‍ പതിപ്പോ പുറത്തിറങ്ങിയിട്ടില്ലെന്നും, പ്രചരിക്കുന്ന കോപ്പികള്‍ പകര്‍പ്പവകാശ ലംഘനമാണെന്നും പ്രസാധകരായ പെന്‍ഗ്വിന്‍ ഇന്ത്യ അറിയിച്ചു. ഇത് ഏറ്റുപിടിച്ച് രാഹുല്‍ ഗാന്ധിയെ ബിജെപി പരിഹസിച്ചിരുന്നു. പ്രീ ഓര്‍ഡറും പബ്ലിഷിങ്ങും തമ്മിലുള്ള വ്യത്യാസം രാഹുലിന് അറിയില്ലെന്ന് പരിഹസിച്ച് ബിജെപി നേതാവ് ഷെഹ്സാദ് പുനെവാല രംഗത്തെത്തി. പുസ്തകത്തിന്റെ പ്രസാധകരായ പെന്‍ഗ്വിന്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന നരവനെ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് സൈനിക ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. 1950-ലെയും 1954-ലെയും പ്രത്യേക സൈനിക നിയമങ്ങള്‍ അനുസരിച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍കൂട്ടി സര്‍ക്കാര്‍ അനുമതി നേടേണ്ടത് ആവശ്യമാണ്. എന്നാല്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. എന്നിരുന്നാലും, വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ 1923-ലെ ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് (Official Secrets Act -OSA) പ്രകാരം ജീവിതകാലം മുഴുവന്‍ ഈ നിയന്ത്രണത്തിന് വിധേയരാണ്. വിരമിച്ച ഉദ്യോഗസ്ഥര്‍, ചില ഇന്റലിജന്‍സ്, സുരക്ഷാ സംഘടനകളില്‍ സേവനമനുഷ്ഠിച്ചവര്‍, കേന്ദ്ര സിവില്‍ സര്‍വീസസ് (പെന്‍ഷന്‍) നിയമങ്ങള്‍, 2021 (നിയമം 8) അനുസരിച്ച്, വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം, അല്ലെങ്കില്‍ രഹസ്യകാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന ഏജന്‍സിയുടെ തലവനില്‍നിന്ന് മുന്‍കൂട്ടി അനുമതി നേടേണ്ടതാണ്. പുസ്തകം പ്രസിദ്ധീകരിക്കുന്ന പ്രക്രിയയില്‍ എഡിറ്റിങ്ങിന് ശേഷം 13 അക്കമുള്ള ഐ.എസ്.ബി.എന്‍ (ISBN) നമ്പര്‍ നല്‍കുകയും തുടര്‍ന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലിസ്റ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. നരവനെയുടെ പുസ്തകത്തിന് 2023-ല്‍ തന്നെ 9780670099757 എന്ന ഐ.എസ്.ബി.എന്‍ ലഭിച്ചിരുന്നു. എന്നാല്‍, അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ അച്ചടി തടഞ്ഞുവെച്ചിരിക്കുകയാണ്. അതേസമയം, പുസ്തകത്തിന്റെ പ്രീ-പ്രിന്റ് പതിപ്പുകള്‍ പി.ഡി.എഫ് രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയ്ക്ക് അയച്ച നോട്ടീസില്‍ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയും പ്രസാധകരോട് അന്വേഷണത്തില്‍ പങ്കുചേരാന്‍ ആവശ്യപ്പെടുകയും ചെയ്തയായും ഡല്‍ഹി പൊലീസ് പറഞ്ഞു. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഭാഗങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢാലോചനയില്‍ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ കേസെടുക്കുകയായിരുന്നു. പ്രസിദ്ധീകരണത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത പുസ്തകത്തിലെ വിവരങ്ങള്‍ നിയമവിരുദ്ധമായി വിതരണം ചെയ്യുന്നതിനെതിരെയാണ് കേസെടുത്തത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രണ്ട് തവണ പ്രസാധകര്‍ വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു.