ന്യൂഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ ആത്മകഥയുടെ പ്രകാശനത്തിന് മുമ്പുള്ള ഹാര്‍ഡ് കോപ്പി ലോക്സഭയില്‍ പ്രദര്‍ശിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ നടപടി വിവാദത്തില്‍. പുസ്തകത്തിന്റെ ഉള്ളടക്കം ചോര്‍ന്നതില്‍ ഗൂഢാലോചന സംശയിക്കുന്ന ഡല്‍ഹി പോലീസ്, രാഹുല്‍ ഗാന്ധിക്ക് ഇത് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സ് വ്യക്തമാക്കി.

ചൊവ്വാഴ്ച ലോക്‌സഭയില്‍ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി നരവനെയുടെ ഓര്‍മ്മക്കുറിപ്പ് ഉയര്‍ത്തിക്കാട്ടിയത്. ചൈനീസ് അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാരില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സഭയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങളെയും രാഹുല്‍ ഗാന്ധി ഈ പുസ്തകം കാണിച്ചിരുന്നു.

അന്വേഷണവുമായി ഡല്‍ഹി പൊലീസ്

പുസ്തകം ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ലാത്തതിനാല്‍, അതിന്റെ ഉള്ളടക്കം ചോര്‍ന്നതിനെക്കുറിച്ച് ഡല്‍ഹി പോലീസ് അന്വേഷണം നടത്തും. രാഹുല്‍ ഗാന്ധിക്ക് പുസ്തകം ആരാണ് നല്‍കിയതെന്നും ഹാര്‍ഡ് കോപ്പി പ്രദര്‍ശിപ്പിച്ചത് സംബന്ധിച്ചും വിശദമായ അന്വേഷണം നടക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പകര്‍പ്പവകാശ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് പെന്‍ഗ്വിന്‍ ബുക്ക്‌സ് അറിയിച്ചു.

പ്രകാശനം ചെയ്യാത്ത പുസ്തകത്തിലെ വിവരങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ സര്‍ക്കാര്‍ തടയുകയായിരുന്നു. ഇതിന് മറുപടിയായി, ബിജെപി അംഗം നിഷികാന്ത് ദുബെ നെഹ്‌റു കുടുംബത്തിനെതിരെ വ്യക്തിപരമായ ആരോപണങ്ങളുള്ള അഞ്ച് പുസ്തകങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധിച്ചു. മുന്‍ സൈനിക മേധാവിയുടെ പുസ്തകം പ്രകാശനത്തിന് മുമ്പ് ചോര്‍ന്നത് ഗുരുതരമായ വിഷയമായാണ് വിലയിരുത്തപ്പെടുന്നത്.

വിശദീകരണവുമായി പെന്‍ഗ്വിന്‍

നോജ് മുകുന്ദനരവനെയുടെ ആത്മകഥയുടെ അനധികൃത പകര്‍പ്പുകള്‍ പ്രചരിക്കുന്നു എന്നാരോപിച്ച് ഡല്‍ഹി പോലീസ് കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ രംഗത്തെത്തി. പുസ്തകം അച്ചടി രൂപത്തിലോ ഡിജിറ്റല്‍ രൂപത്തിലോ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പ്രസാധകര്‍ അറിയിച്ചു.

അധികൃതരില്‍ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് വിവാദത്തിലായ നരവണെയുടെ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' (Four Stars of Destiny) എന്ന പുസ്തകത്തെക്കുറിച്ചാണ് പ്രസാധകര്‍ വ്യക്തത വരുത്തിയത്.

പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പ്രസാധകര്‍

പുസ്തകത്തിന്റെ സമ്പൂര്‍ണ്ണ പ്രസിദ്ധീകരണ അവകാശം തങ്ങള്‍ക്കാണെന്നും എന്നാല്‍ ഇത് ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. 'പുസ്തകം പ്രസിദ്ധീകരണ ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കുന്നു. പുസ്തകത്തിന്റെ പ്രിന്റ് അല്ലെങ്കില്‍ ഡിജിറ്റല്‍ പകര്‍പ്പുകളൊന്നും തന്നെ വിതരണം ചെയ്യുകയോ വില്‍ക്കുകയോ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല,' പ്രസ്താവനയില്‍ പറയുന്നു.

നിലവില്‍ പ്രചരിക്കുന്ന പിഡിഎഫ് (PDF) അല്ലെങ്കില്‍ ഡിജിറ്റല്‍ പതിപ്പുകള്‍ പകര്‍പ്പവകാശ ലംഘനമാണെന്നും ഇത് ഉടന്‍ നിര്‍ത്തണമെന്നും പ്രസാധകര്‍ മുന്നറിയിപ്പ് നല്‍കി. അനധികൃതമായി പുസ്തകം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പോലീസ് അന്വേഷണം

പുസ്തകത്തിന്റെ പ്രസിദ്ധീകരിക്കാത്ത പകര്‍പ്പ് പ്രചരിക്കുന്നു എന്ന പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുസ്തകത്തിന്റെ പ്രീ-പ്രിന്റ് പതിപ്പ് സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ ഫോറങ്ങളിലും പ്രചരിക്കുന്നതായി പോലീസ് കണ്ടെത്തി. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ബന്ധിത അനുമതിയില്ലാതെയാണ് ഇത് സംഭവിക്കുന്നത്. ചില വെബ്സൈറ്റുകളില്‍ പുസ്തകത്തിന്റെ പിഡിഎഫ് പതിപ്പും വില്‍പനയ്ക്കുള്ള പരസ്യങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്‌പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

പാര്‍ലമെന്റില്‍ വിവാദം

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് പരിസരത്ത് ഈ പുസ്തകത്തിന്റെ പകര്‍പ്പെന്ന് തോന്നിപ്പിക്കുന്ന ഒന്ന് കൈവശം വെച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. ഇതേച്ചൊല്ലി ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കമുണ്ടാവുകയും എട്ട് എംപിമാരെ ബജറ്റ് സമ്മേളനത്തിന്റെ ബാക്കി കാലയളവില്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പുസ്തകം നിലവില്‍ നിലവിലില്ലാത്ത ഒന്നാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേരത്തെ പറഞ്ഞിരുന്നു. സുരക്ഷാ സംബന്ധമായ കാര്യങ്ങള്‍ ഉള്ളതിനാല്‍ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ സ്മരണികകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ പുസ്തകത്തിലെ വിവാദങ്ങള്‍ ഭയന്നാണ് പ്രധാനമന്ത്രി മറുപടി നല്‍കാത്തതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.