ന്യൂഡൽഹി: രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതോടെയാണ് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായത്. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി.തുടർന്ന് രാജ്യത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. 140 കോടി കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നൽകുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവർക്കും ആദരമർപ്പിക്കുന്നതായി മോദി അറിയിച്ചു.

തുടർന്ന് തന്റെ പ്രസംഗത്തിൽ മണിപ്പൂർ സംഭവങ്ങളെ കുരിച്ചു മോദി പരാമർശിച്ചു. മണിപ്പുരിലെ അക്രമസംഭവങ്ങളെ കുറിച്ചും മോദി പ്രസംഗത്തിൽ പരാമർശിച്ചു.'മണിപ്പുരിൽ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. മണിപ്പുരിൽ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന അക്രമമുണ്ടായി. രാജ്യം മണിപ്പുരിനൊപ്പമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണിപ്പുരിൽ സമാധാനാന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്, അത് തുടരും. മണിപ്പുർ ഇപ്പോൾ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണ്.'മോദു പറഞ്ഞു.

രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തിയത്. കേന്ദ്ര മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ചെങ്കോട്ടയിലെത്തി ചടങ്ങുകളിൽ പങ്കെടുക്കുന്നു. കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. 2021ൽ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടെ തുടക്കം കുറിച്ച ആസാദി കാ അമൃത് മഹോത്സവത്തിന് ഇന്ന് സമാപനമാകും.

രാജ്യത്തെ ജനങ്ങൾക്ക് മോദി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സ്വാതന്ത്ര്യസമരസേനാനികൾക്ക് ആദരമർപ്പിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. അവരുടെ വീക്ഷണം യാഥാർഥ്യമാക്കുമെന്ന പ്രതിജ്ഞ ആവർത്തിച്ച് ഉറപ്പിക്കുന്നതായും പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു.

ചെങ്കോട്ടയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തുന്നവരിൽ എട്ട് മലയാളി ആരോഗ്യപ്രവർത്തകരും പങ്കെടുക്കുന്നു. വിവിധ മേഖലകളിൽനിന്നുള്ള 1800 പേരാണ് വിശിഷ്ടാതിഥികളാകുന്നത്. ഇതിൽ 50 പേർ നഴ്‌സുമാരാണ്. മോദി പതാകയുയർത്തിയപ്പോൾ മലയാളി കരസേന ഓഫിസർ നികിത നായർക്ക് ഇത് ചരിത്രനിമിഷം. പ്രധാനമന്ത്രി പതാക ഉയർത്തുമ്പോൾ ഒപ്പം നിൽക്കാൻ അവസരം കിട്ടുന്ന രണ്ടു കരസേന ഉദ്യോഗസ്ഥരിൽ ഒരാളാണ് തിരുവനന്തപുരം സ്വദേശിനി നികിത. ചരിത്രത്തിൽ ആദ്യമായാണ് കരസേനയിലെ വനിത ഓഫിസർമാർ പ്രധാനമന്ത്രിക്കൊപ്പം ചെങ്കോട്ടയിലെ ചടങ്ങിൽ അണിനിരന്നത്. 2016ലാണ് നികിത സേനയിൽ ചേർന്നത്.

സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി രാജ്യ തലസ്ഥാനത്ത് വിന്ന്യസിച്ചിരിക്കുന്നത്. ചെങ്കോട്ടയിൽ എഴുനൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ആന്റി ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് സുരക്ഷ.

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മണിയോടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. തുർന്ന് വിവിധ സേന വിഭാഗങ്ങളുടെ പരേഡിൽ അഭിവാദ്യം സ്വീകരിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ രാവിലെ 9.30ന് ദേശീയ പതാക ഉയർത്തും. നിയമസഭയിൽ സ്പീക്കർ എഎൻ ഷംസീർ ദേശീയപതാക ഉയർത്തും. വിവിധ പാർട്ടി ആസ്ഥാനങ്ങളിലും സർക്കാർ ഓഫീസുകളിലും പതാക ഉയർത്തും.