- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞക്ക് പ്രധാനമന്ത്രി വിട്ടുനിന്നതെന്തിന്; സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി പങ്കെടുക്കാതിരുന്നത് തികഞ്ഞ അഹങ്കാരമെന്ന് സുബ്രഹ്മണ്യൻ സ്വാമി ; ചീഫ് ജസ്റ്റിസിന്റെ ചുമതലയേൽക്കൽ ചടങ്ങിലെ പ്രധാനമന്ത്രിയുടെ അസാന്നിധ്യം ചർച്ചയാകുമ്പോൾ
ന്യൂഡൽഹി: ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസ് ആയി ഡി.വൈ.ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യം ചർച്ചയാകുന്നു.ഇത് സംബന്ധിച്ച ആദ്യ പ്രതികരണമെത്തിയത് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വിറ്ററിലൂടെയായിരുന്നു.സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും മോദി വിട്ടു നിന്നത് തികഞ്ഞ അഹങ്കാരമാണെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്.പ്രധാനമന്ത്രി ചടങ്ങിൽ നിന്ന് വിട്ടുനിന്നത് ഭരണഘടനയോടും ഭാരതീയ സംസ്‌കാരത്തോടുമുള്ള അവഹേളനമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
'എനിക്ക് ലഭിച്ച വിവരമനുസരിച്ച്, ഇന്ന് രാഷ്ട്രപതിഭവനിൽ നടന്ന ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി പങ്കെടുക്കാതിരുന്നത് തികഞ്ഞ അഹങ്കാരമാണ്. ഇന്ത്യൻ ഭരണഘടനയ്ക്കും ഭാരതീയ സംസ്‌കാരത്തിനും എതിരെയുള്ള അവഹേളനമായിട്ടാണ് ഞാനിതിനെ കാണുന്നത്. വിശദീകരണം നൽകുകയോ മാപ്പ് പറയുകയോ ചെയ്തില്ലെങ്കിൽ മോദിയുടെ നടപടി അപലപനീയമാണ്', സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
ഇതോടെ ചടങ്ങിൽ നിന്നും വിട്ട് നിന്ന പ്രധാനമന്ത്രിയുടെ നിലപാട് ചർച്ചയായി മാറിയിരിക്കുകയാണ്.2014 മേയിൽ മോദി സർക്കാർ അധികാരമേറ്റ ശേഷം ജസ്റ്റിസ് എച്ച്.എൽ.ദത്തുവിന്റെ സത്യപ്രതിജ്ഞയായിരുന്നു ആദ്യം.ഇതൊഴികെ പിന്നീടുവന്ന 7 ചീഫ് ജസ്റ്റിസുമാരുടെയും സത്യപ്രതിജ്ഞച്ചടങ്ങിൽ മോദി പങ്കെടുത്തിരുന്നു.ദത്തു സ്ഥാനമേറ്റ ദിവസം അദ്ദേഹം യുഎൻ പൊതുസഭയിൽ പങ്കെടുക്കുന്നതിനായി യുഎസിലായിരുന്നു.അതിനാൽ അന്നും പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ സ്ഥാനോരോഹണ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.
അതേ സമയം തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിൽ പ്രചാരണത്തിലാണ് പ്രധാനമന്ത്രി മോദി.അതുകൊണ്ടാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നാണ് വിശദീകരണം.ഹിമാചലിൽ ഇന്ന് രണ്ടു തിരഞ്ഞെടുപ്പ് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ചന്ദ്രചൂഡിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചിട്ടുണ്ട്.
രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ഡി.വൈ.ചന്ദ്രചൂഡിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.അച്ഛനും മുൻ ചീഫ് ജസ്റ്റിസുമായ വൈ.വി.ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് 44 വർഷത്തിനു ശേഷമാണ് മകൻ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അതേ പദവയിലെത്തുന്നത്.
2024 നവംബർ 10 വരെയാണ് ചന്ദ്രചൂഡിന്റെ കാലാവധി.ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ,കേന്ദ്രനിയമമന്ത്രി കിരൺ റിജിജു, ചീഫ് ജസ്റ്റിസിന്റെ ഭാര്യ കൽപന, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് യു.യു.ലളിത് തുടങ്ങിയവരും പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ