അഹമ്മദാബാദ്: ഗുജറാത്തിൽ 2002ലെ കലാപസമയത്ത് നരോദ ഗാമിൽ ന്യൂനപക്ഷ സമുദായത്തിലെ പതിനൊന്ന് പേരെ കൂട്ടക്കൊല ചെയ്ത കേസിൽ കുറ്റാരോപിതരായ 67 പേരെ വിട്ടയച്ച കോടതി വിധിയിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കടുത്ത വിമർശനമാണ് നേരിടുന്നത്. കേസ് അട്ടിമറിക്കപ്പെട്ടതിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. ബിജെപി മുന്മന്ത്രി മായ കോട്‌നാനി ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും വെറുതെവിട്ട കേസിൽ പ്രോസിക്യൂഷനും സുപ്രീംകോടതി നിയമിച്ചിരുന്ന അന്വേഷണസംഘത്തിനും എതിരെ കടുത്ത വിമർശനമാണ് പ്രത്യേക കോടതി ജഡ്ജി എസ്.കെ.ബക്‌സിയും ഉന്നയിച്ചത്.

അജ്ഞാതരായ ആക്രമികൾ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും തകർത്തെങ്കിലും ഇത് ക്രിമിനൽ ഗൂഢാലോചനക്കും നിയമവിരുദ്ധമായ ഒത്തുചേരലിനും ശേഷമാണെന്ന വാദത്തിന് തെളിവുണ്ടായിരുന്നില്ല. കുറ്റാരോപിതർ പ്രത്യേക ലക്ഷ്യത്തോടെ നിയമവിരുദ്ധമായി കൂട്ടം ചേർന്നതായോ ഗൂഢാലോചന നടത്തിയതായോ തെളിവുകളിൽനിന്ന് കണ്ടെത്താനാവാതെ വന്നതാണ് കേസിലെ പ്രതികളെ വിട്ടയയ്ക്കുന്ന സാഹചര്യം ഉണ്ടാക്കിയത്. സംഭവം നടക്കുന്ന സമയത്ത് തങ്ങൾ മറ്റൊരിടത്തായിരുന്നുവെന്ന (അലിബി) 21 പ്രതികളുടെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു.

സുപ്രീം കോടതി നിയോഗിച്ച എസ്‌ഐടി കണ്ടെത്തിയ സാക്ഷി തെളിവുകൾ എല്ലാം പരസ്പരവിരുദ്ധമാണെന്നും വിശ്വസനീയമല്ലെന്നും ജഡ്ജി എസ്.കെ.ബക്‌സി വിമർശിച്ചിരുന്നു. ഏപ്രിൽ 20നാണ് മുൻ മന്ത്രി മായ കോഡ്‌നാനി അടക്കം 67 പേരെയും കോടതി വിട്ടയച്ചത്. വിധിപ്പകർപ്പ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. അന്വേഷണ സംഘത്തെ നിയോഗിച്ചപ്പോൾ അന്വേഷണം മികച്ച രീതിയിൽ നടക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെന്ന് വിധിന്യായത്തിൽ പറയുന്നു.

ഗുജറാത്ത് കലാപത്തിനിടെ 11 പേരെ ജീവനോടെ ചുട്ടുകൊന്ന കേസിൽ 67 പേരെ വെറുതെവിട്ട് കഴിഞ്ഞ മാസം പുറപ്പെടുവിച്ച വിധിയുടെ വിശദാംശങ്ങളിലാണ് പ്രത്യേക കോടതിയുടെ കടുത്ത വിമർശനം. പ്രോസിക്യൂഷൻ സാക്ഷിമൊഴികൾ വൈരുധ്യമുള്ളതും വിശ്വസിക്കാൻ കൊള്ളാത്തതുമായിരുന്നെന്ന് പ്രത്യേക കോടതി ചൂണ്ടിക്കാട്ടുന്നു. പ്രത്യേക അന്വേഷണസംഘത്തിന് കേസ് കൈമാറുമ്പോൾ അന്വേഷണവും പ്രത്യേകതയുള്ളതാക്കാൻ ഉദ്യോഗസ്ഥന് ഉത്തരവാദിത്തമുണ്ടായിരുന്നുവെന്ന് സ്‌പെഷൽ ജഡ്ജ് എസ്.കെ. ബക്‌സി വിധിയിൽ പറഞ്ഞു.

ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. 2008ലാണ് പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തത്. അതിനുമുമ്പുള്ള ചില സാക്ഷികളുടെ പിന്നീടുള്ള മൊഴിയിൽ വൈരുധ്യമുണ്ടായിരുന്നു. കുറ്റം നടക്കുന്ന സമയത്ത് സ്ഥലത്തില്ലായിരുന്നെന്ന മായ കോട്‌നാനിയുൾപ്പെടെയുള്ള 21 പ്രതികളുടെ ഒഴികഴിവ് വാദം കോടതി അംഗീകരിച്ചു.

പ്രതികളുടെ ഈ വാദത്തെക്കുറിച്ച് അന്വേഷിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കലാപ സമയത്ത് ഗുജറാത്ത് നിയമസഭയിലും പിന്നീട് അഹ്മദാബാദിലെ സോൾവ സിവിൽ ആശുപത്രിയിലുമായിരുന്നു താനെന്നായിരുന്നു മായ കോട്‌നാനിയുടെ വാദം. പ്രധാന സാക്ഷിയടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയവരിൽ പലരും പരസ്പരവിരുദ്ധമായണ് സംസാരിച്ചതെന്നും വിധിന്യായത്തിൽ പറയുന്നു. പ്രതിയും ബജ്‌റഗ്ദൾ നേതാവുമായ ബാബു ബജ്‌റംഗിയുടെ മാധ്യമപ്രവർത്തകനായ ആശിഷ് ഖേത്തന്റെ ഒളികാമറക്ക് മുന്നിൽ കുറ്റസമ്മതം നടത്തിയതും കോടതി പരിഗണിച്ചില്ല. വിഡിയോ റെക്കോഡിങ്ങിലെ പലഭാഗങ്ങളും മാഞ്ഞുപോയതായി കോടതി പറഞ്ഞു. കോടതിക്ക് പുറത്തുള്ള കുറ്റസമ്മതം തെളിവായി പരിഗണിക്കാൻ കൃത്യത വേണമെന്നും കോടതി കൂട്ടിച്ചേർത്തു.

കൂട്ടക്കൊലയിൽ വിഎച്ച്പി, ബജ്‌റങ്ദൾ, ബിജെപി നേതാക്കൾ ഉൾപ്പെട്ടെന്നു പൊലീസും സ്ഥലവാസികളുമുൾപ്പെടെ മൊഴി നൽകിയതായി ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മിഷൻ വ്യക്തമാക്കിയിരുന്നു. കേസ് കോടതിയിലായതിനാൽ നേതാക്കളുടെ പങ്കിനെക്കുറിച്ചു തങ്ങൾ പറയുന്നത് ഉചിതമാകില്ലെന്നും കമ്മിഷൻ നിലപാടെടുത്തിരുന്നു.

മായാ കോഡ്‌നാനിക്കുവേണ്ടി മൊഴി നൽകാൻ 2017 സെപ്റ്റംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോടതിയിൽ ഹാജരായിരുന്നു. അന്നു ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അദ്ദേഹം, സംഭവം നടന്നതായി ആരോപിക്കപ്പെട്ട സമയത്ത് താൻ മായാ കോഡ്‌നാനിയെ നിയമസഭയിലും സിവിൽ ആശുപത്രിയിലും കണ്ടെന്നാണ് മൊഴി നൽകിയത്. നരോദ ഗാം ഉൾപ്പെടുന്ന നരോദ പാട്യ ഗ്രാമത്തിലെ കലാപത്തിൽ മൊത്തം 97 പേർ കൊല്ലപ്പെട്ടു. ഇതുസംബന്ധിച്ച കേസിൽ മായാ കോഡ്‌നാനിയെ 2012 ൽ വിചാരണക്കോടതി 28 വർഷം കഠിനതടവിനു ശിക്ഷിച്ചെങ്കിലും 2018 ൽ ഹൈക്കോടതി വിട്ടയച്ചു.

നരോദ ഗാമിൽ 2002 ഫെബ്രുവരി 28നു മൂന്നു സ്ത്രീകളും പെൺകുട്ടിയും ഏഴു പുരുഷന്മാരുമാണു കൊല്ലപ്പെട്ടത്. 86 പ്രതികളിൽ 18 പേർ വിചാരണക്കാലത്തു മരണമടഞ്ഞു; ഒരാളെ കോടതി ഒഴിവാക്കി. ബാക്കി 67 പേരെയാണ് പ്രത്യേക ജഡ്ജി എസ്.കെ.ബക്‌സി വെറുതെ വിട്ടത്. എല്ലാവരും ജാമ്യത്തിലായിരുന്നു. കലാപകാലത്ത് ഗുജറാത്ത് ഭരിച്ചിരുന്ന നരേന്ദ്ര മോദി സർക്കാരിൽ മന്ത്രിയായിരുന്ന മായാ കോഡ്‌നാനിക്കെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിരുന്നത്.