വാഷിങ്ടൻ: ഐഎസ്ആർഒയും യുഎസ് ബഹിരാകാശ ഏജൻസി നാസയും ചേർന്നു വികസിപ്പിച്ച ഭൗമനിരീക്ഷണ റഡാർ (നിസാർ) വിക്ഷേപണത്തിനായി ഈ മാസം ഇന്ത്യയിലേക്ക് അയയ്ക്കും. സെപ്റ്റംബറിലായിരിക്കും വിക്ഷേപണം. ഇരട്ട ഫ്രീക്വൻസ്വിയിൽ, ഏറ്റവും നവീനമായ റഡാർ സാങ്കേതികവിദ്യയിലാണ് നിസാർ പ്രവർത്തിക്കുന്നത്. ഇരട്ട ആവൃത്തി ഉപയോഗിക്കുന്ന ആദ്യത്തെ റഡാർ ഇമേജിങ് ഉപഗ്രഹമായിരിക്കും നിസാർ. വിദൂര സംവേദനം, ഭൗമനിരീക്ഷണം എന്നിവയ്ക്കും ഇത് ഉപയോഗിക്കും. ഭൂവൽക്കം പരിണമിച്ചുണ്ടായതിനെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ വിവരങ്ങൾ നിസാർ ശേഖരിക്കും. ഭൗമാന്തർഭാഗത്ത് നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും കൂടുതൽ വിശ്വസനീയമായ വിവരങ്ങൾ നൽകാൻ നിസാറിന് കഴിയും.

ചെയർമാൻ എസ്. സോമനാഥിന്റെ നേതൃത്വത്തിൽ ഐഎസ്ആർഒ സംഘം കലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി. പ്രകൃതിദുരന്ത സാധ്യതകളും മഞ്ഞുപാളികളിൽ വരുന്ന മാറ്റവും നിരീക്ഷിക്കുന്നതിനുള്ള റഡാർ ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാകും വിക്ഷേപിക്കുക. മൊത്തം ചെലവ് 1.5 ബില്യൺ യുഎസ് ഡോളർ ആയി കണക്കാക്കപ്പെടുന്ന നിസാർ ലോകത്തിലെ ഏറ്റവും ചെലവേറിയ എർത്ത് ഇമേജിങ് ഉപഗ്രഹമായിരിക്കുമെന്നാണ് വിലയിരുത്തൽ. ലക്ഷ്യസ്ഥാനത്തേക്ക് റേഡിയോ സിഗ്‌നലുകൾ അയക്കുകയും പ്രതിഫലിച്ചു വരുന്ന തരംഗങ്ങളിലെ മാറ്റങ്ങൾ കൃത്യമായി കണക്കുകൂട്ടിയുമാണ് ഭൂപ്രദേശത്തിന്റെ സമഗ്രമായ ചിത്രം നിർമ്മിക്കുന്നത്.

ഇതിലൂടെ ഭൂകമ്പം, സുനാമി, അഗ്‌നിപർവത സ്‌ഫോടനം തുടങ്ങിയ പ്രതിഭാസങ്ങൾ മുൻകൂട്ടി കണ്ടെത്താൻ കഴിയും. മുൻകരുതലുകളെടുക്കാൻ അത് സഹായകരമാവും. രണ്ട് വ്യത്യസ്ത റഡാർ ഉപയോഗിച്ച് ഭൂമുഖത്തെ ഓരോ സെന്റീമീറ്ററും സ്‌കാൻ ചെയ്യാൻ കഴിയുന്ന നിസാറിന് അവിടെയുണ്ടാകുന്ന ചെറിയ മാറ്റം പോലും കൃത്യമായി കണ്ടെത്താൻ കഴിയും. വിക്ഷേപിച്ചു കഴിയുമ്പോൾ ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായിരിക്കും നിസാർ. നാസയുടെ മേധാവിയായ ചാൾസ് ബോൾഡൻ 2014 ജൂൺ 25 ന് ഐഎസ്ആർഒ യുടെ അഹമ്മദാബാദിലുള്ള സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിൽ സന്ദർശനം നടത്തിയപ്പോഴാണ് ഇത്തരമൊരു സംയുക്ത സംരംഭമെന്ന ആശയം മുന്നോട്ടുവെക്കുന്നത്. 2016ൽ കരാറും ഒപ്പിട്ടു.

സ്‌പേസ് ക്രാഫ്റ്റിന്റെ നിർമ്മാണം, വിക്ഷേപണ വാഹനം, ഒരു എസ്ബാൻഡ് സിന്തറ്റിക് അപെർചർ റഡാർ എന്നിവയുടെ നിർമ്മാണ ചുമതല ഐ എസ് ആർ ഒ ക്കാണ്. സ്‌പേസ് ക്രാഫ്റ്റിൽ ഉപയോഗിക്കുന്ന കമ്യൂണിക്കേഷൻ സബ്‌സിസ്റ്റം, ജിപിഎസ് റിസീവറുകൾ, റെക്കോർഡർ, ഡാറ്റാ സബ്‌സിസ്റ്റം പെലോഡ്, എൽബാൻഡ് സിന്തറ്റിക് അപെർചർ റഡാർ എന്നിവ നാസയും നിർമ്മിച്ചു. വിക്ഷേപണത്തിന് ശേഷം പേടകത്തിന്റെ നിയന്ത്രണം ഐ എസ്ആർഒ യും നാസയും സംയുക്തമായി നിർവഹിക്കും.

ഒരു ഭൂപ്രദേശത്തിന്റെ ചിത്രമെടുക്കാൻ ഉപയോഗിക്കുന്ന റഡാർ വകഭേദമാണ് സിന്തറ്റിക് അപെർചർ റഡാർ. വലിയൊരു ആന്റിനയുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. പരമ്പരാഗത ബീംസ്‌കാനിങ് റഡാർ സംവിധാനത്തിൽനിന്നും വ്യത്യസ്തമായി ഒരു വസ്തുവിന്റെയോ ഭൂപ്രദേശത്തിന്റേയോ വളരെ വ്യക്തമായ ചിത്രങ്ങൾ നിർമ്മിക്കാൻ ഈ സങ്കേതമുപയോഗിച്ച് സാധിക്കും.