വാഷിങ്ങ്ടൺ: ചന്ദ്രൻ എന്നും നമ്മെ വിസ്മയിപ്പിച്ചിട്ടേയുള്ളു.അതുകൊണ്ട് തന്നെ ഒരോ രാജ്യത്തിനും അത്രമേൽ പ്രിയപ്പെട്ടതും അഭിമാനകരവുമാണ് അവരുടെ ചാന്ദ്രദൗത്യം. ആദ്യത്തെ ചാന്ദ്രദൗത്യത്തെക്കുറിച്ച് ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നതിനാൽ തന്നെ നാസയുടെ പുതിയ ദൗത്യം അതിവ ശ്രദ്ധയോടെയാണ് ഒരോ ചുവടും അവർ പൂർത്തിയാക്കുന്നത്.വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യൻ എത്തുന്നുവെന്ന് പറഞ്ഞപ്പോൾ മുതൽ തന്നെ ആരാവും അത് എന്ന തരത്തിൽ ചർച്ചകളും ആകാംഷകളും സജീവമായിരുന്നു.എന്നാൽ ഇപ്പോഴിത ലോകം കാത്തിരുന്ന ആ നാല് പേരുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് നാസ.

യുഎസ് ബഹിരാകാശ ഏജൻസി നാസയുടെ ചന്ദ്രയാത്രാ പദ്ധതിയായ ആർട്ടെമിസിന്റെ രണ്ടാം ദൗത്യത്തിലെ 4 സഞ്ചാരികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ക്രിസ്റ്റീന കോക്, ജെർമി ഹാൻസൻ, വിക്ടർ ഗ്ലോവർ, റീഡ് വൈസ്‌മെൻ എന്നിവർ അടുത്ത 2 വർഷത്തേക്ക് പദ്ധതിയുടെ ഭാഗമാകും.
ഇതിൽ 2 പുരുഷന്മാരും ഒരു വനിതയും അമേരിക്കക്കാരും ഒരാൾ കാനഡക്കാരനുമാണ്.10 ദിവസത്തെ ദൗത്യത്തിൽ ഇവർ ആർട്ടെമിസ് രണ്ടിൽ ചന്ദ്രനു ചുറ്റും സഞ്ചരിക്കും.

റീഡ് വൈസ്‌മെൻ ദൗത്യത്തിന്റെ കമാൻഡറും വിക്ടർ ഗ്ലോവർ പൈലറ്റുമാണ്. ദൗത്യത്തിന്റെ സ്‌പെഷലിസ്റ്റ് ആയിട്ടാണ് ജെർമി ഹാൻസൻ ചന്ദ്രനെ ചുറ്റാൻ പോകുന്നത്. 300 ദിവസത്തിലധികം തുടർച്ചയായി ബഹിരാകാശത്തു കഴിഞ്ഞ് റെക്കോർഡ് സൃഷ്ടിച്ച ക്രിസ്റ്റീന കോക് ആർട്ടെമിസ് 2ലെ പ്രഫഷനൽ എൻജിനീയർ ആണ്. ചന്ദ്രനെ ചുറ്റുന്ന ആദ്യ വനിതയെന്ന ബഹുമതി ഇനി ഇവർക്കു സ്വന്തമാകും.

'ഇതൊരു ബഹുമതിയാണ്. വളരെ ഗംഭീരമായൊരു പര്യടനമാണിത്. ലോകത്തിലേറ്റവും ശക്തമായ റോക്കറ്റാണ് ഞങ്ങൾ ഓടിക്കാൻ പോകുന്നത്. ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ച് ഞങ്ങൾ ചന്ദ്രനിലേക്ക് പോകും.' ക്രിസ്റ്റീന വ്യക്തമാക്കുന്നു.2013ൽ ഫ്‌ളൈറ്റ് എഞ്ചിനീയറായാണ് ക്രിസ്റ്റീന നാസയിലെത്തിയത്. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ 59,60,61 പര്യവേക്ഷണങ്ങളിൽ ഭാഗമായി. 2019ൽ സോയൂസ് എംഎസ്-12ൽ ഭാഗമായി.ബഹിരാകാശത്ത് നടന്ന ആദ്യ മൂന്ന് വനിതാ യാത്രികരിൽ ഒരാൾ ക്രിസ്റ്റീനയാണ്. 42 മണിക്കൂർ 15 മിനുട്ട് ക്രിസ്റ്രീന ബഹിരാകാശ നടത്തം പൂർത്തിയാക്കി.328 ദിവസങ്ങൾ ബഹിരാകാശത്ത് കഴിച്ചുകൂട്ടി.

നാസയുടെ റീഡ് വൈസ്മാനാണ് ആർട്ടെമിസ് 2 ദൗത്യത്തിന്റെ കമാൻഡർ. വൈസ്മാൻ 2014 ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനുമുൻപ്, അദ്ദേഹം ബഹിരാകാശ പര്യവേഷണത്തെ അനുകരിക്കുന്ന 16 ദിവസത്തെ അണ്ടർവാട്ടർ ദൗത്യമായ NEEMO21 എന്ന കടലിനടിയിലെ ഗവേഷണ ദൗത്യത്തിന് നേതൃത്വം നൽകി. നാസയുടെ ബഹിരാകാശയാത്രികരുടെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്.

ചന്ദ്രനുചുറ്റും ഓറിയോൺ നാവിഗേറ്റ് ചെയ്യുന്ന ആർട്ടെമിസ് 2 ന്റെ പൈലറ്റായി വിക്ടർ ഗ്ലോവർ പ്രവർത്തിക്കും. നേരത്തെ നാസയുടെ സ്പേസ് എക്സ് ക്രൂ-1 ദൗത്യത്തിന്റെ പൈലറ്റായിരുന്നു ഗ്ലോവർ. 40-ലധികം വ്യത്യസ്ത വിമാനങ്ങളിൽ അദ്ദേഹം 3,000-ലധികം ഫ്‌ളൈറ്റ് മണിക്കൂർ ലോഗിൻ ചെയ്തിട്ടുണ്ട്.

ദൗത്യത്തിൽ കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ പ്രതിനിധിയാണ് ജെറമി ഹാൻസെൻ. ബഹിരാകാശ ഏജൻസിയിൽ ചേരുന്നതിന് മുൻപ് അദ്ദേഹം ഒരു ഫൈറ്റർ പൈലറ്റായിരുന്നു. ബഹിരാകാശ യാത്രികരുടെ പരിശീലനത്തിലും ദൗത്യ പ്രവർത്തനങ്ങളിലും അദ്ദേഹം നാസയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ ബഹിരാകാശ ദൗത്യമായിരിക്കും.

ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിന് സമീപമുള്ള എല്ലിങ്ടൺ ഫീൽഡിൽ നടന്ന പരിപാടിക്കിടെയാണ് സംഘാംഗങ്ങളെ വെളിപ്പെടുത്തിയത്.അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം മനുഷ്യരാശിയെ വീണ്ടും ചന്ദ്രനിൽ ഇറങ്ങുന്നതിലേക്ക് ഒരു ചുവട് അടുപ്പിക്കുന്ന ദൗത്യമാണിത്. അപ്പോളോ ദൗത്യത്തിന്റെ 50-ാം വാർഷികത്തിലാണ് നാസ ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ അയയ്ക്കുന്നത്. ആളില്ലാ ദൗത്യം ആർട്ടിമിസ് ഒന്നിന്റെ വിജയത്തെ തുടർന്നാണ് അടുത്ത വർഷം നവംബറിൽ, നാസ ആർട്ടിമിസ് 2 വിക്ഷേപിക്കാനൊരുങ്ങുന്നത്.

വിക്ഷേപണ വാഹനവും ഒറിയോൺ പേടകവും ഈ ദൗത്യത്തിൽ വിജയകരമായിരുന്നു. ഓറിയോണിനെ ഭൂമിക്ക് ചുറ്റുള്ള ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ സ്വാധീനത്തിലുള്ള ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുകയും വീണ്ടും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറക്കുകയുമായിരുന്നു ആർട്ടിമിസ് ഒന്നിന്റെ പ്രധാന ലക്ഷ്യം. ഇപ്പോൾ ആർട്ടിമിസ് 2 ലൂടെ ലക്ഷ്യമിടുന്നത് മനുഷ്യരെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കുക എന്നതാണ്. പത്ത് ദിവസത്തെ ചാന്ദ്രദൗത്യമാണ് ആർട്ടിമിസ് 2. എന്നാൽ ഈ ദൗത്യത്തിൽ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ കാല് കുത്തുകയില്ല. ബഹിരാകാശ സഞ്ചാരികൾ ഓറിയോൺ പേടകത്തിൽ ഇരുന്ന് ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് മടങ്ങും. ആർട്ടിമിസിന്റെ മൂന്നാം ദൗത്യത്തിൽ മനുഷ്യരെ ചന്ദ്രാേപരിതലത്തിലിറക്കും. ഈ ദൗത്യത്തിന് ശേഷം ചന്ദ്രനിൽ ഒരു ഔട്ട്പോസ്റ്റ് നിർമ്മിക്കാനുള്ള ശ്രമമാണ് നാസ നടത്തുന്നത്. ചന്ദ്രനെ ഇടത്താവളമാക്കി ചൊവ്വയിലേക്കുള്ള യാത്രയാണ് ആർട്ടിമിസിലൂടെ നാസ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ ഘട്ടമാണ് ചന്ദ്രനിലേക്ക് മനുഷ്യനെയും വഹിച്ചുള്ള യാത്ര.

ഫ്‌ളോറിഡയിലെ കെന്നടി സ്‌പെയ്‌സ് സെന്ററിൽ നിന്ന് സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിൽ വിക്ഷേപിക്കപ്പെടുന്ന ഓറിയോൺ ബഹിരാകാശ പേടകത്തിലാണ് സംഘാംഗങ്ങൾ സഞ്ചരിക്കുക. ഭൂമിക്ക് ചുറ്റും രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ സഞ്ചരിച്ച് 10,300 കിലോമീറ്റർ അകലെ ചന്ദ്രന്റെ സമീപം എത്തും. പരീക്ഷണങ്ങൾക്ക് മറ്റുമായി 10 ദിവസമാണ് ദൗത്യത്തിന്റെ കാലാവധി. ശേഷം ഭൂമിയിലേക്ക് തിരിച്ചിറങ്ങി പസഫിക് സമുദ്രത്തിൽ ലാൻഡ് ചെയ്യും.

1968 മുതൽ 1972 വരെ 24 ബഹിരാകാശ സഞ്ചാരികളെ നാസ ചന്ദ്രനിലേക്ക് അയച്ചു. അതിൽ പന്ത്രണ്ട് പേർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ജീൻ സെർനനായിരുന്നു ചന്ദ്രോപരിതലത്തിൽ അപ്പോളോ ദൗത്യത്തിലൂടെ അവസാനമായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ. ചന്ദ്രനുചുറ്റും തിരിച്ചും 10 ദിവസം കൊണ്ട് ആർട്ടെമിസ് 2, 2.3 ദശലക്ഷം കിലോമീറ്റർ യാത്ര ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.2024 നവംബറിലാണ് ആർട്ടിമിസ് 2 ദൗത്യം. അര നൂറ്റാണ്ടിനു ശേഷമാണ് നാസ ചാന്ദ്രദൗത്യത്തിൽ മനുഷ്യനെ അയയ്ക്കുന്നത്. 2025 ൽ നടക്കുന്ന തുടർ ദൗത്യമായ ആർട്ടിമിസ് മൂന്നിൽ മനുഷ്യർ ചന്ദ്രനിൽ വീണ്ടുമിറങ്ങും.