- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറ്റം നിറയെ ഈന്തപ്പനകൾ വെച്ച ബംഗ്ലാവിൽ താമസിച്ചിരുന്നത് സൗദി ജുബൈലിലെ വ്യവസായി; നിർമ്മാണ മേഖലകളിലെയും വിവിധ ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസിന് പുറമെ മുമ്പ് സൂപ്പർമാർക്കറ്റും; മാൻപവർ സർവ്വീസിലൂടെ കോടീശ്വരനായി; പെരുന്നാളിന് വന്ന് ബോട്ട് ദുരന്തത്തിൽ കുടുങ്ങി; താനൂരിലെ വില്ലൻ നാസർ അഴിക്കുള്ളിലാകുമ്പോൾ
ജുബൈൽ: കേരളത്തെ നടുക്കിയ താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസർ(നസീർ47) സൗദിയിലെ ജുബൈലിലെ വ്യവസായി. നിർമ്മാണ മേഖലകളിലെയും മറ്റും വിവിധ ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസിന് പുറമെ സൂപ്പർമാർക്കറ്റും മുമ്പ് നടത്തിയിരുന്നു. ജുബൈൽ കേന്ദ്രീകരിച്ച് 15 വർഷമായി മാൻപവർ സർവീസ് നടത്തുകയാണ് നാസർ. നാസറിന്റെ സ്ഥാപനത്തിന് കീഴിൽ നിലവിലുള്ള നിയോം ഉൾപ്പെടെ വിവിധ പദ്ധതികളിൽ ജീവനക്കാരുണ്ട്.
ബോട്ട് അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ബോട്ട് ഉടമ നാസർ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. സൗദിയിലേക്ക് പോകാനായിരുന്നു നീക്കം. നാസർ രാത്രിയാണ് നെടുമ്പാശ്ശേരി വഴി രക്ഷപ്പെടാൻ നീക്കം നടത്തിയത്. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയതോടെ കോഴിക്കോട്ടേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇവിടെ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
താനൂർ സ്വദേശിയായ നാസർ ബോട്ട് സർവീസ് ഉദ്ഘാടനത്തിനായി ഇക്കഴിഞ്ഞ പെരുന്നാൾ അവധിക്ക് നാട്ടിൽ വന്നതാണ്. പെരുന്നാൾ ദിനത്തിൽ ആരംഭിച്ച ബോട്ട് സവാരി ഇടയ്ക്ക് നിർത്തി. പിന്നീട് രാഷ്ട്രീയ സ്വാധീനത്തിൽ തുടങ്ങി. ചില പ്രധാന രാഷ്ട്രീയക്കാരുമായി ഇയാൾക്ക് ബന്ധമുണ്ട്. ഇതാണ് പ്രാദേശിക പരാതികൾ അവഗണിച്ച് ബോട്ട് സർവ്വീസ് തുടരാൻ കാരണമായത്. നാസറിന് എതിരെ കൊലക്കുറ്റം ചുമത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇയാളെ കനത്ത സുരക്ഷയിൽ ഇന്നലെ വൈകിട്ട് 5.30ന് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സബ് ജയിലിലാണ് ഇപ്പോൾ.
പലപ്പോഴും മത്സ്യതൊഴലാളികൾ ആളുകളെ കുത്തിനിറച്ചുള്ള ബോട്ടു യാത്രക്കെതിരെ രംഗത്തുവന്നിരുന്നു. ഇത്തരം മുന്നറിപ്പുകളെ വകവെക്കാതെയാണ് ജീവനക്കാർ പെരുമാറിയിരുന്നതും. മൽസ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി മേടിച്ചു രൂപമാറ്റം നടത്തി ഉണ്ടാക്കിയതാണ് അപകടത്തിൽപെട്ട ബോട്ടെന്നാണ് ആരോപണം. ഇക്കാര്യം മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയിയാണ് ഉന്നയിച്ചത്.
മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയനാണ് ബോട്ടുടമയായ നാസർ എന്നാണ് കോൺഗ്രസ് ഉയർത്തുന്ന ആരോപണം. അതുകൊണ്ടാണ് നിയമലംഘനത്തിന് ചൂട്ടുപിടിക്കാൻ ആളുകൾ നിന്നതെന്നുമാണ് ഉയരുന്ന ആരോപണം. താനൂരിൽ അപകടത്തിൽ പെട്ട ബോട്ട് മാന്വൽ അനുസരിച്ചു നിർമ്മിച്ച ബോട്ട് അല്ലെന്ന് ആരോപണം. മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് ആകെ ഉണ്ടായിരുന്നത് തുറമുഖ വകുപ്പിന്റെ അനുമതി പത്രം മാത്രമായിരുന്നുവെന്ന് വി എസ് ജോയി ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു
അപകടത്തെ തുടർന്ന് ഒളിവിൽപോയ നാസറിനെ ഇന്നലെ കോഴിക്കോട്ടുനിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു ജാമ്യമില്ലാ വകുപ്പുകൾപ്രകാരമാണു കേസ്. ഇയാളെ ഇന്നു വിശദമായി ചോദ്യം ചെയ്യുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. പരപ്പനങ്ങാടിതാനൂർ നഗരസഭാ അതിർത്തിയിലെ ഒട്ടുംപുറം തൂവൽതീരത്തിനു സമീപം പൂരപ്പുഴയിൽ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ബോട്ട് മുങ്ങിയത്. അപകടത്തിൽ 22 പേരാണ് മരിച്ചത്.
ഒരു മാസം മുൻപ് വരെ അനുമതി പോലുമില്ലാതെ ആണ് ബോട്ട് സർവീസ് നടന്നത്. പരാതി വന്നപ്പോൾ മന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് അനുമതി നൽകിയത് എന്ന് പറയപ്പെടുന്നു. 18 പേരെ കയറ്റാവുന്ന ബോട്ടിൽ കുട്ടികളടക്കം ഇരട്ടിയിലധികം ആളുകളെ കയറ്റി. ആറേകാലിന് അവസാനിപ്പിക്കേണ്ടുന്ന യാത്ര എഴേകാൽ വരെ ആളെ കയറ്റി ക്ഷണിച്ചു വരുത്തിയ ദുരന്തമാണെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
മുറ്റം നിറയെ ഈന്തപ്പനകൾ വെച്ച ബംഗ്ലാവിലാണ് താമസം. അറേബ്യൻ നാടുകളിലെ ബംഗ്ളാവുകളെ ഓർമ്മിപ്പിക്കുന്ന കൂറ്റൻ വീട്ടിലെ താമസക്കാരനാണ് അദ്ദേഹം. മീൻപിടിത്ത ബോട്ടിനെ രൂപമാറ്റം വരുത്തിയാണ് സർവീസിനിറക്കിയയെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നതിനായി അടിഭാഗം ഫ്ളാറ്റായിട്ടായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, ഈ ബോട്ടിന്റെ അടിഭാഗം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന് സമാനമായി റൗണ്ടിലാണ്.
പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ് രൂപമാറ്റം നടത്തിയതത്രേ. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതായും സൂചനയുണ്ട്. ബോട്ടിന് ഫിറ്റ്നസ് നൽകുമ്പോൾ രൂപരേഖയുൾപ്പെടെ നിർമ്മാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണ് പോർട്ട് സർവേയറുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതെന്നാണ് വിവരം.ബോട്ടിന്റെ ഘടന കണ്ട് മത്സ്യത്തൊഴിലാളികൾ പലതവണ സർവീസിനിറക്കരുതെന്ന് വിലക്കിയിരുന്നു. മീൻപിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിന്റെ മേൽനോട്ടത്തിൽ സ്വകാര്യ കമ്പനികളാണ് താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ ബോട്ട് സർവീസ് നടത്തുന്നത്. ഹൗസ് ബോട്ടുകൾക്ക് യാതൊരു നിയന്ത്രണവുമില്ല. അഞ്ചു മണിവരെ മാത്രമേ ബോട്ട് സർവീസിന് അനുമതിയുള്ളൂ. എന്നാൽ അവധി ദിവസങ്ങളിൽ ആറു മണിക്കുശേഷവും സർവീസ് തുടരും. അനുവദനീയമായതിലും അധികം യാത്രക്കാരെ കയറ്റിയാണ് സർവീസ്. അപകടത്തിൽപ്പെട്ട ബോട്ടിൽ 50നു മുകളിൽ പേർ ഉണ്ടായിരുന്നു.
ബോട്ടിൽ മതിയായ ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിരുന്നുമില്ല.അപകടത്തിനു തൊട്ടു മുമ്പ് നടത്തിയ സർവീസിൽ ഇതേ ബോട്ടിൽ 70ഓളം പേരുണ്ടായിരുന്നുവത്രേ. രണ്ട് ഡെക്കുകളുള്ള ബോട്ടിൽ താഴെ ഒരുവാതിലും മുകളിലെ ഡെക്കിലേക്ക് കയറാൻ മറ്റൊരു ചെറിയ ഒരുവാതിലുമാണ് ഉണ്ടായിരുന്നത്. മരിച്ചവർ ഏറെയും താഴെ ഡെക്കിലുള്ളവരാണ്.
മറുനാടന് മലയാളി ബ്യൂറോ