കോഴിക്കോട്: സമസ്തയിലെ വിഭാഗീയതകള്‍ തുടരുന്നു. സമസ്ത മുശാവറ യോഗത്തിന് മുന്നോടിയായി മുക്കം ഉമര്‍ ഫൈസിയുടെ നേതൃത്വത്തില്‍ രഹസ്യയോഗം ചേര്‍ന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നാസര്‍ ഫൈസി കൂടത്തായി രംഗത്തു വന്നു. സമാന്തര യോഗം ചേര്‍ന്നത് സമസ്തയെ പിളര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നുവെന്ന് നാസര്‍ ഫൈസി കൂടത്തായി ആരോപിച്ചു. ഇടതുപക്ഷത്തിന് വേണ്ടിയുള്ള കളമൊരുക്കാനുള്ള നീക്കമാണിതെന്നും നാസര്‍ ഫൈസി ആരോപിച്ചു.

മുശാവറ നടക്കാനിരിക്കെ മുക്കം ഉമര്‍ ഫൈസിയുടെ നേതൃത്വത്തില്‍ സമാന്തര യോഗം ചേര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഉമര്‍ ഫൈസിയുമായി ബന്ധമുള്ള ആളുകള്‍ ഇക്കാര്യം നിഷേധിച്ചിട്ടില്ല. ഇത്തരത്തില്‍ യോഗം ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണെന്നും പ്രോത്സാഹിക്കാനാവില്ലെന്നും നാസര്‍ ഫൈസി പറഞ്ഞു.

ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുകയും തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് മുക്കം ഉമര്‍ ഫൈസിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഉമര്‍ ഫൈസി നടത്തുന്ന രാഷ്ട്രീയക്കളിക്കെതിരെ മുശാവറക്ക് മുമ്പാകെ പരാതി ഉന്നയിച്ചിരുന്നു. സമസ്ത നേതൃത്വം അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണം. നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ തയാറാണെന്നും നാസര്‍ ഫൈസി കൂടത്തായി വ്യക്തമാക്കി.

വിഭാഗീയത രൂക്ഷമാക്കുന്ന തരത്തില്‍ മുക്കം ഉമര്‍ ഫൈസിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുക്കാനും മുശാവറയുടെ പവിത്രതക്ക് കളങ്കംവരാതെ സൂക്ഷിക്കാനും നേതൃത്വം മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഭാരവാഹികളായ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി, എം.പി. മുസ്തഫല്‍ ഫൈസി (സമസ്ത) ഹാജി യു. മുഹമ്മദ് ശാഫി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (സുന്നി മഹല്ല് ഫെഡറേഷന്‍), എം.സി. മായിന്‍ ഹാജി (സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്), ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി (മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍), നാസര്‍ ഫൈസി കൂടത്തായി, മുഹമ്മദ് ഫൈസി ഓണമ്പള്ളി, സലീം എടക്കര (സുന്നി യുവജന സംഘം) എന്നിവരാണ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്.

സമസ്തയെയും നേതാക്കളെയും ഇകഴ്ത്താനും വിഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടാനും നിരന്തരം ശ്രമിക്കുന്ന ഉമര്‍ ഫൈസിയെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സ്ഥാനങ്ങളില്‍നിന്ന് നീക്കാന്‍ നേതൃത്വം തയാറാകണം. സമൂഹത്തിലെ ഉന്നതര്‍ ഇടപെട്ട് ഐക്യശ്രമം തുടരുമ്പോള്‍ അതിന് വിലകല്‍പിക്കാതെയുള്ള ഗൂഢാലോചനകളും രഹസ്യയോഗങ്ങളും ആശങ്കജനകമാണ്. മുശാവറക്ക് മുമ്പ് ഏതാനുംപേര്‍ ചേര്‍ന്ന് അജണ്ട രൂപപ്പെടുത്തുന്നതും സമ്മര്‍ദതന്ത്രം മെനയുന്നതും പിന്നീട് നടക്കുന്ന അവകാശവാദങ്ങളും പരമാധികാര സഭയുടെ സല്‍പ്പേരിന് കളങ്കം വരുത്തും.

നിലവിലെ അനുരഞ്ജന സമിതി ഇരുവിഭാഗങ്ങളെയും കേട്ട് അവര്‍ നല്‍കിയ പരാതികള്‍ പരിശോധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളാനും പ്രവര്‍ത്തകര്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്താനുമുള്ള ശ്രമത്തിനിടയിലാണ് ഇത്തരം കരിങ്കാലി പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് ഉണ്ടാവുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.