- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മകനും മരുമകനും അടങ്ങുന്ന സംഘം ശബരിമലയിൽ തെരച്ചിൽ നടത്തുമ്പോൾ നടരാജനുണ്ടായിരുന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ; സന്നിധാനത്തേക്കുള്ള പാതയിൽ വീണു പരുക്കേറ്റ വയോധികൻ പറഞ്ഞ മേൽവിലാസവും അടയാളങ്ങളും തെറ്റി; തുണയായി എത്തിയ ഡി വൈ എഫ് ഐക്കാരുടെ ഇടപെടലിൽ ഉറ്റവരെ തിരിച്ചു കിട്ടി; നന്ദി പറഞ്ഞ് പോണ്ടിച്ചേരിക്ക് നടരാജൻ മടങ്ങിയപ്പോൾ
പത്തനംതിട്ട: ശബരിമലയിലെ തിരക്കിനിടയിൽ കൂട്ടംതെറ്റി വീണു പരുക്കേറ്റ വയോധികന് ഉറ്റവരെ തിരിച്ചു കിട്ടിയത് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇടപെടൽ മൂലം. പോണ്ടിച്ചേരി മീരാസാഹിബ് തെരുവിൽ തുമ്മരുപാളയം സ്വദേശി നടരാജൻ (75) മകനും മരുമകനും അടങ്ങുന്ന ഇരുപതംഗ സംഘത്തിനൊപ്പമാണ് ശബരിമലയിൽ എത്തിയത്.
കഴിഞ്ഞ എട്ടിന് ശബരിമലയിൽ വച്ച് കൂട്ടം തെറ്റി. യാത്രയ്ക്കിടയിൽ മകന്റെ മൊബൈൽ ഫോൺ നഷ്ടമായി. ഇതേക്കുറിച്ച് പൊലീസിൽ പരാതി നൽകുന്നതിന് മകനും മരുമകനും പോയി. ശേഷിച്ച സംഘാംഗങ്ങൾക്കൊപ്പം നിൽക്കുകയായിരുന്ന നടരാജൻ മുന്നോട്ടു നടന്നു. കൂട്ടംതെറ്റിപ്പോവുക മാത്രമല്ല മറിഞ്ഞ് വീണ് ബോധക്ഷയം സംഭവിക്കുകയും ചെയ്തു.
അവിടെ ഉണ്ടായിരുന്ന തീർത്ഥാടകർ ഉടൻ തന്നെ ഇദ്ദേഹത്തെ വിദഗ്ധ ചികിൽസയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊണ്ടു വന്നു. നടരാജൻ വീണതും കൂട്ടം തെറ്റിപ്പോയതുമൊന്നും കൂടെയുള്ളവർ ആദ്യം അറിഞ്ഞില്ല. മകനും മരുമകനും മടങ്ങിയെത്തി ഇദ്ദേഹത്തിന് വേണ്ടി തെരച്ചിൽ തുടങ്ങി. സന്നിധാനം, പമ്പ തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിലെല്ലാം തെരച്ചിൽ തുടങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.
ജനറൽ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന നടരാജൻ ചൊവ്വാഴ്ചയോടെ സുഖം പ്രാപിച്ചു. ഇദ്ദേഹത്തെ തിരികെ നാട്ടിലേക്ക് വിടാൻ ആർ.എം.ഓ ഡോ. ആശിഷ് മോഹൻകുമാറിന്റെ നേതൃത്വത്തിൽ തീരുമാനിച്ചു. ജീവനക്കാർ തന്നെ പണം പിരിച്ച് കൊടുത്ത് വിടുന്നതിന് വേണ്ടിയായിരുന്നു ശ്രമം.
യാദൃശ്ചികമായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡിവൈഎഫ്ഐ
ഹെല്പ് ഡെസ്‌കിൽ നിന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും ബ്ലോക്ക് കമ്മറ്റി സെക്രട്ടറിയുമായ സൂരജ് എസ് പിള്ള, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി വിഷ്ണു വിക്രമൻ എന്നിവർ ശബരിമല വാർഡിൽ തീർത്ഥാടകർക്ക് ഭക്ഷണപ്പൊതിയുമായി എത്തിയപ്പോൾ ആർ.എം.ഓ നടരാജനെ പറ്റി പറയുകയായിരുന്നു. തുടർന്ന് സൂരജ് ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
കഴിഞ്ഞ ദിവസം റാന്നിയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ തമിഴ്‌നാട്ടിൽ നിന്നുള്ള സിപിഎം പ്രവർത്തകരുടെ ഫോൺ നമ്പർ സൂരജിന്റെ കൈവശം ഉണ്ടായിരുന്നു. അവരെ ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പോണ്ടിച്ചേരി സംസ്ഥാന സെക്രട്ടറിയുടെ നമ്പർ സംഘടിപ്പിച്ചു. അതിന് ശേഷം അദ്ദേഹത്തെ വിളിച്ച് നടരാജൻ പറഞ്ഞ വിലാസം കൊടുത്തു.
അത് അവ്യക്തമായതിനാൽ നേരിട്ട് നടരാജനുമായി സംസാരിപ്പിച്ചു. അതിൻ പ്രകാരം സെക്രട്ടറി നടരാജന്റെ വീട് കണ്ടുപിടിച്ചു. അവിടെ ചെന്ന് വീഡിയോ കാൾ വിളിച്ച് ബന്ധുക്കളെ കാണിച്ചു കൊടുത്തു. ശബരിമലയിൽ നടരാജന് വേണ്ടി തെരച്ചിൽ നടത്തുന്ന മകന്റെ നമ്പറും കൈമാറി. പിതാവ് പത്തനംതിട്ട ആശുപത്രിയിൽ ഉണ്ടെന്ന വിവരവും കൈമാറി.
ഇവർ ഇന്നലെ രാത്രി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തി നടരാജനെ കൂട്ടിക്കൊണ്ടു പോയി. പിതാവിനെ തിരിച്ചു നൽകാൻ ഇടയാക്കിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നന്ദിയും സ്നേഹവും ഉണ്ടെന്ന് പറഞ്ഞു കൊണ്ടാണ് നടരാജന്റെ മകൻ ശശികുമാർ ചെങ്ങന്നൂരിന് വണ്ടി കയറിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്