- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഴ തുക തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികൾക്ക് ഉപയോഗിക്കണം; ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം; സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സർക്കാർ ഏറ്റെടുക്കുന്നില്ലന്ന് ചോദ്യം; കൊച്ചി കോർപ്പറേഷന് 100 കോടിയുടെ പിഴ; ബ്രഹ്‌മപുരത്ത് ദേശീയ ഹരിത ട്രിബ്യൂണൽ വിധി നിർണ്ണായകം
ന്യൂഡൽഹി: ബ്രഹ്‌മപുരം തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് 100 കോടിയുടെ വമ്പൻ പിഴ. കോർപ്പറേഷന്റെ പ്രതിസന്ധി കൂട്ടുന്നതാണ് പിഴ. വായുവിലും ചതുപ്പിലും വലിയ വിഷ മാലിന്യം കണ്ടെത്തിയെന്നാണ് സൂചന. സർക്കാരിനും കോർപ്പറേഷനും ഉത്തരവാദിത്തത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ദേശീയ ഹരതി ട്രിബ്യൂണലിന്റെ പിഴ. ഒരു മാസത്തിനുള്ളിൽ പിഴ ഒടുക്കണം. കുറ്റക്കാർക്കെതിരെ നടപടിയും വേണം. ബ്രഹ്‌മപുരത്ത് കൃത്യമായി പ്രവർത്തിക്കുന്ന പ്ലാന്റ് വേണമെന്നും നിർദ്ദേശിക്കുന്നു.
ബ്രഹ്‌മപുരം തീപ്പിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് വൻതിരിച്ചടിയാണ് പിഴ. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുമ്പാകെ പിഴയടക്കണം. ഇത് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ നീക്കിവെക്കണം. തീപ്പിടിത്തത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണം. ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിനും കോർപ്പറേഷനും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പ്രശ്‌നങ്ങളുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും മോശം ഭരണമാണ് ഈ സ്ഥിതിക്കു കാരണമെന്നും ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിമർശനം ഏറെ നിർണ്ണായകമാണ്. ബ്രഹ്‌മപുരം വിഷയത്തിൽ പ്രതിപക്ഷം നിലപാട് കടുപ്പിക്കെ ഭരണനിർവ്വഹണത്തിലെ വീഴ്ചയെന്ന ഹരിത ട്രിബ്യൂണലിന്റെ നിരീക്ഷണം സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായി.
തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികൾക്ക് ഉപയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം. സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സർക്കാർ ഏറ്റെടുക്കുന്നില്ലന്ന് എൻ ജി ടി ചോദിച്ചിട്ടുണ്ട്. മാരകമായ അളവിൽ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാർത്ഥങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞ ട്രിബ്യൂണൽ ഭാവിയിൽ സുഗമമായി പ്രവർത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്. കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യ സംസ്‌കരണത്തിൽ തുടർച്ചയായ വീഴ്‌ച്ച സംഭവിക്കുന്നുവെന്നും ഉത്തരവിൽ വിമർശിച്ചിട്ടുണ്ട്.
നേരത്തെ ട്രിബ്യൂണൽ വേണ്ടിവന്നാൽ 500 കോടി രൂപ പിഴ വിധിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തീപിടിത്ത വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത ട്രിബ്യൂണൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. രണ്ടംഗ ബെഞ്ചിനു പകരം ഇന്നലെ ട്രിബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് അധ്യക്ഷൻ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ തന്നെ നേരിട്ടു വിഷയം പരിഗണിച്ചു. കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തെന്നും ഇതനുസരിച്ചുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കേരളത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ് വാദിച്ചെങ്കിലും ട്രിബ്യൂണൽ വഴങ്ങിയില്ല. ഹൈക്കോടതി നടപടികളിൽ ഇടപെടില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.
അഡീഷണൽ ചീഫ് സെക്രട്ടറി വി വേണുവും ട്രിബ്യൂണലിനു മുമ്പാകെ ഓൺലൈൻ വഴി ഹാജരായിരുന്നു. തീപ്പിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സർക്കാരാണ്, ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. വേണ്ടി വന്നാൽ 500 കോടി രൂപയുടെ പിഴ സർക്കാരിൽ നിന്ന് ഈടാക്കുമെന്നും ജസ്റ്റിസ് എകെ ഗോയൽ മുന്നറിയിപ്പ് നൽകി. ബ്രഹ്‌മപുരത്ത് സ്വീകരിച്ച നടപടികളെ കുറിച്ചും ഭാവി പദ്ധതികളെ സംബന്ധിച്ചും വിശദമായ സത്യവാങ്മൂലം ട്രിബ്യൂണലിന് സംസ്ഥാനം സമർപ്പിച്ചിരുന്നു. തീയണയ്ക്കാൻ സ്വീകരിച്ച നടപടികളും വിശദീകരിച്ചിരുന്നു.
ഈമാസം 13നു വൈകിട്ടോടെ തീയണച്ചെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അഡീഷനൽ ചീഫ് സെക്രട്ടറി വി.വേണു സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പ്ലാന്റിലെ സ്ഥിതിയും തുടർനടപടികളും വിശദീകരിച്ചു. പക്ഷേ ഇതൊന്നും വിഷയത്തെ ലഘൂകരിച്ചില്ല. ഇതാണ് നൂറ് കോടിയുടെ പിഴയിലേക്ക് എത്തിയത്. ഈ പിഴ കോർപ്പറേഷന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ഖജനാവിൽ നിന്ന് തന്നെ ഈ പണം കൊടുക്കേണ്ടി വരും.
പ്ലാന്റിലേക്ക് എത്തുന്ന ജൈവമാലിന്യത്തിന്റെ തോതു കുറയ്ക്കുക, പ്ലാസ്റ്റിക് മാലിന്യം ബ്രഹ്‌മപുരത്തേക്ക് അയയ്ക്കാതെ ക്ലീൻ കേരള കമ്പനി വഴി ശേഖരിക്കുക, അജൈവ മാലിന്യം വീടുകൾ തോറും ശേഖരിക്കുക, കനാലുകളിലെയും ജലാശയങ്ങളിലെയും മാലിന്യം നീക്കുക, അനധികൃതമായി മാലിന്യം തള്ളുന്നത് തടയുക, ഡിജിറ്റൽ നിരീക്ഷണം ഏർപ്പെടുത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കുന്നതായി സർക്കാർ സത്യവാങ്മൂലത്തിലുണ്ട്. സംസ്ഥാന സർക്കാരിനു വേണ്ടി സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കറും ഹാജരായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ