ന്യൂഡൽഹി: മീഡിയ വൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കികൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിൽ നടത്തിയത് ശ്രദ്ധേയ നിരീക്ഷണങ്ങളാണ്. ചാനൽ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ക്ലിയറൻസ് നൽകാതിരിക്കാൻ നിരത്തിയ വാദങ്ങൾ കോടതി തള്ളുകയാണ് കോടതി ചെയ്തത്. കാരണം ബോധിപ്പിക്കാതെ ചാനലിന് ആഭ്യന്തര മന്ത്രാലയം സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചതും കോടതിയിൽ മുദ്രവെച്ച കവറ്് നൽകിയതും സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. ഇത് ചാലനിനെ ഇരുട്ടിൽ നിൽത്തലാണെന്ന് കോടതി വ്യക്തമാക്കി.

ചാനലിന് കേന്ദ്ര സർക്കാർ സംപ്രേഷണ വിലക്കേർപ്പെടുത്തിയതിനെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ സ്‌പെഷൽ ലീവ് പെറ്റീഷനിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ വിധി. കേന്ദ്ര സർക്കാർ വിലക്ക് ഹൈക്കോടതി സാധൂകരിച്ചത് എന്ത് കണക്കിലെടുത്താണെന്നതിന് വിശദീകരണമില്ലെന്ന് ജസ്റ്റീസ് ഹിമ കോഹ്‌ലി കൂടി അംഗമായ ബെഞ്ച് പറഞ്ഞു.

ദേശ സുരക്ഷ വാദം വെറുതെ ഉന്നയിക്കുന്നതിന് പകരം അവ തെളിയിക്കുന്ന വസ്തുതകൾ കൂടെ നിരത്താനാകണമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ലളിതമായ മറ്റു മാർഗങ്ങൾ ലഭ്യമാകുന്നിടത്തു മുദ്രവെച്ച രീതി സ്വീകരിക്കരുതെന്നും നിർദ്ദേശിച്ചു. ചാനൽ ഓഹരി ഉടമകൾക്ക് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്നത് ചാനലിന്റെ അവകാശങ്ങൾ നിയന്ത്രിക്കാനുള്ള നിയമപരമായ ന്യായമല്ല. ജമാഅത്തെ ഇസ്‌ലാമി നിരോധിത സംഘടനയല്ലെന്നും ഓഹരി ഉടമകൾക്ക് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധം തെളിയിക്കുന്ന വസ്തുതകളില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കാരണം ബോധിപ്പിക്കാതെ ആഭ്യന്തര മന്ത്രാലയം സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചതും കോടതിയിൽ മുദ്രവെച്ച കവറിൽ അത് നൽകിയതും സ്വാഭാവിക നീതിയുടെ തത്ത്വങ്ങൾ ലംഘിക്കുന്നതാണെന്നും അത് കമ്പനിയെ ഇരുട്ടിൽ നിർത്തിയെന്നും പരമോന്നത കോടതി അഭിപ്രായപ്പെട്ടു. പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കാൻ ഭരണകൂടം ദേശസുരക്ഷയെന്ന വാദം ഉപയോഗപ്പെടുത്തുകയാണ്. ഇത് നിയമവ്യവസ്ഥക്ക് നിരക്കുന്നതല്ല ഇത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉണ്ടെന്നതു മാത്രം നീതിപൂർണമായി പെരുമാറാതിരിക്കാൻ ഭരണകൂടത്തെ അനുവദിക്കുന്നില്ല. മുദ്രവെച്ച കവർ എന്ന സർക്കാർ രീതി പരാതിക്കാരന്റെ അവകാശങ്ങൾ ഇല്ലാതാക്കിയെന്നം കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. ദേശസുരക്ഷ വാദം പറയുമ്പോൾ വസ്തുതകൾ നിരത്തണമെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ കാര്യ്ം.

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ജുഡീഷ്യറിക്കെതിരായ വിമർശനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചാനൽ നൽകിയ റിപ്പോർട്ടുകളാണ് ആഭ്യന്തര മന്ത്രാലയം വിലക്കിന് കാരണമായി നിരത്തിയിരുന്നത്. എന്നാൽ, അതൊന്നും സംപ്രേഷണ ലൈസൻസ് പുതുക്കാതിരിക്കാൻ കാരണങ്ങളല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതെല്ലാം മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യമാണെന്നാണ് സുപ്രീംകോടതി നിരീക്ഷണം നടത്തിയത്.

'രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടിയ റിപ്പോർട്ടുകൾ ന്യൂനപക്ഷത്തെ അനുകൂലിക്കുന്നതും യു.എ.പി.എ, എൻ.ആർ.സി, സി.എ.എ എന്നിവയെയും ജുഡീഷ്യറി- സർക്കാറുകളെയും വിമർശിക്കുന്നതുമാണ്. പൊതു മണ്ഡലത്തിൽ ലഭ്യമായ അനുമാനങ്ങൾ മാത്രമാണ് ആ റിപ്പോർട്ടുകൾ. തീവ്രവാദ ബന്ധം കാണിക്കുന്നതൊന്നുമില്ല. ഒന്നും ദേശസുരക്ഷക്കെതിരായതോ ക്രമസമാധാനത്തിന് ഭീഷണിയാകുന്നതോ അല്ല''- വിധിന്യായം പറയുന്നു.

'മാധ്യമങ്ങൾക്ക് അധികാരത്തിനെതിരെ സംസാരിക്കാനും കടുത്ത യാഥാർഥ്യങ്ങൾ പൗരന്മാരെ അറിയിക്കാനും ബാധ്യതയുണ്ട്. ഭരണകൂട നയങ്ങൾക്കെതിരെ മാധ്യമങ്ങൾ വിമർശനാത്മക നിലപാട് സ്വീകരിക്കുന്നത് വ്യവസ്ഥക്കെതിരായി മുദ്രകുത്താനാകില്ല. അങ്ങനെ വരുമ്പോൾ മാധ്യമങ്ങൾക്ക് സർക്കാറിനൊപ്പം നിൽക്കാൻ മാത്രമേ പറ്റൂ എന്ന് വരും.''- വിധിന്യായത്തിൽ വ്യക്തമാക്കുന്നു.

'ജനാധിപത്യ റിപ്പബ്ലിക്കിന്റെ കരുത്തുറ്റ പ്രവർത്തനത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അനുപേക്ഷ്യമാണ്. ജനാധിപത്യ സമൂഹത്തിൽ അതിന്റെ പങ്ക് അതിനിർണായകമാണ്. ഭരണകൂടം എങ്ങനെ പ്രവർത്തിക്കണമെന്നതിന് വെളിച്ചം പകരുന്നവരാണവർ. സത്യം തുറന്നുപറയുകയെന്ന ഉത്തരവാദിത്വം മാധ്യമങ്ങൾക്കുണ്ട്. പൗരന്മാർക്ക് കടുത്ത യാഥാർഥ്യങ്ങൾ എത്തിച്ചുനൽകാനാകണം. അതുവഴി ശരിയായ തീരുമാനമെടുക്കാനും ജനാധിപത്യത്തെ നേർവഴി നടത്താനും പൗരന്മാർക്കാകും. എന്നാൽ, മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ഏകശിലാത്മകമായി മാത്രം ചിന്തിക്കാൻ പൗരന്മാരെ നിർബന്ധിക്കലാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സാമൂഹിക- സാമ്പത്തിക നയങ്ങൾ മുതൽ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ വരെ വിഷയങ്ങളിൽ ഭിന്നാഭിപ്രായം പാടില്ലെന്ന വീക്ഷണം ജനാധിപത്യത്തിന് കടുത്ത ഭീഷണി ഉയർത്തും. വാർത്താചാനലെന്ന നിലക്ക് ഭരണഘടനാപരമായി അവകാശമുള്ള അഭിപ്രായങ്ങൾ പറഞ്ഞതിന് ആഭ്യന്തര മന്ത്രാലയം സുരക്ഷാ ക്ലിയറൻസ് നിഷേധിച്ച നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്, വിശിഷ്യാ മാധ്യമ സ്വാതന്ത്ര്യത്തിന് കടുത്ത ആഘാതമുണ്ടാക്കുന്നതാണ്''- വിധിയിൽ വ്യക്തമാക്കി.

2022 ജനുവരി 31നാണ് മീഡിയ വൺ സംപ്രേഷണത്തിന് കേന്ദ്ര സർക്കാർ വിലക്ക് പ്രഖ്യാപിച്ചത്. ചാനൽ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രവർത്തനം നിർത്തിവെക്കാനായിരുന്നു നിർദ്ദേശം. പരമോന്നത കോടതിയെ സമീപിച്ചതോടെ അന്തിമ വിധി വരുംവരെ ചാനൽ പ്രവർത്തനം തുടരാൻ 2022 മാർച്ച് 15ന് ഇടക്കാല ഉത്തരവിൽ അനുമതി നൽകി. അത് സാധൂകരിച്ചാണ് അന്തിമ വിധി.