ന്യൂഡൽഹി: പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്‌കാരം വെറ്ററൻ ടേബിൾ ടെന്നീസ് താരം അചാന്ത ശരത് കമലിന്. രണ്ട് മലയാളി താരങ്ങൾ അർജുന പുരസ്‌കാരത്തിനും അർഹരായി. നവംബർ 30ന് കായികതാരങ്ങൾക്ക് രാഷ്ട്രപതി പുരസ്‌കാരങ്ങൾ സമ്മാനിക്കും.

ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ്, അത്‌ലറ്റ് എൽദോസ് പോൾ എന്നിവരാണ് അർജുന നേടിയ മലയാളി താരങ്ങൾ. ഖേൽരത്ന, ദ്രോണാചാര്യ, അർജ്ജുന ബഹുമതികളാണ് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം പ്രഖ്യാപിച്ചത്. മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം നാല് പേർക്കാണ്

ബിർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് സ്വർണ്ണമുൾപ്പടെ നാല് മെഡലുകൾ നേടി ശരത് കമൽ ഉജ്ജ്വല പ്രകടനം പുറത്തെടുത്തിരുന്നു. ഈ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ സ്വർണം സ്വന്തമാക്കിയ ലക്ഷ്യ സെന്നും അർജുനയ്ക്ക് അർഹനായി. ലോക ചാമ്പ്യൻ മാഗ്‌നസ് കാൾസനടക്കമുള്ള വമ്പന്മാരെ അട്ടിമറിച്ച് ചരിത്രമെഴുതിയ കൗമാര ചെസ് താരം പ്രഗ്‌നാനന്ദ സീമ പുനിയ, നിഖാത് സരിൻ എന്നിവരടക്കം 25 താരങ്ങളെ അർജുന പുരസ്‌കാരം നൽകി രാജ്യം ആദരിക്കും.

കായിക രംഗത്തെ സ്ഥിരതയ്യാർന്ന പ്രകടനമാണ് മലയാളി താരങ്ങളായ എൽദോസ് പോളിനും എച്ച്.എസ്.പ്രണോയിക്കും അർജ്ജുന പുരസ്‌കാരത്തിലെത്തിച്ചത്.

അത്ലറ്റിക്സ്- സീമ പൂനിയ, എൽദോസ് പോൾ, അവിനാശ് മുകുന്ദ് സാബ്ലെ, ബാഡ്മിന്റൺ- പ്രണോയ്ക്കൊപ്പം ലക്ഷ്യ സെൻ, ബോക്സിങ്- അമിത്, നിഖാത് സറീൻ, ചെസ്സ്- ഭക്തി പ്രദീപ് കുൽക്കർണി, ആർ.പ്രജ്ഞാനനന്ദ, ഹോക്കി-ദീപ് ഗ്രേസ് ഇക്ക, ജൂഡോ- സുശീല ദേവി, കബഡി- സാക്ഷി കുമാരി, ലോൺ ബോൾ- നയൻ മോനി സൈകിയ, മാൽഖബ്- സാഗർ കൈലാസ് ഓവ്ഹാൾക്കാർ, ഷൂട്ടിങ്- ഇളവേണിൽ വാളറിവാൻ, ഓം പ്രകാശ് മിതാർവാൽ, ടേബിൾ ടെന്നീസ്- ശ്രീജ ആകുല, ഭാരോദ്വഹനം- വികാസ് ഠാക്കുർ, ഗുസ്തി- ആൻഷു, സരിത, വുഷു- പ്രവീൺ, പാരാ ബാഡ്മിന്റൺ- മാനസി ഗിരീഷ് ചന്ദ് ജോഷി, തരുൺ ധില്ലൻ, പാരാ സ്വിമ്മിങ്- സ്വപ്നിൽ സഞ്ജയ് പാട്ടീൽ, ഡെഫ് ബാഡ്മിന്റൺ- ജെർലിൻ അനിക എന്നിവർക്കാണ് അർജ്ജുന ബഹുമതി നൽകുന്നത്.

ദ്രോണാചാര്യ ബഹുമതി

അമ്പെയ്ത്- ജിവാൻജ്യോത് സിങ് തേജ, ബോക്സിങ്- മുഹമ്മദ് അലി ഖ്വമാർ, പാരാ ഷൂട്ടിങ്- സുമ സിദ്ധാർത്ഥ് ഷിരൂർ, ഗുസ്തി- സുജീത് മാൻ എന്നിവർക്കാണ് നൽകുന്നത്. ഇതിനൊപ്പം ആജീവനാന്ത കായിക സംഭാവനയ്ക്കായി പരിശീലകരായ ദിനേശ് ജവഹർ ലാഡ്(ക്രിക്കറ്റ്), ബിമൽ പ്രഫുല്ല ഘോഷ്( ഫുട്ബോൾ), രാജ് സിങ്( ഗുസ്തി) എന്നിവർക്കും ദ്രോണാചാര്യ ലഭിക്കും.

ധ്യാൻചന്ദ് പുരസ്‌കാരം-(ആജീവനാന്ത സംഭാവന) നാല് പേർക്ക്. അശ്വിനി അക്കുഞ്ഞി-അത്ലറ്റിക്സ്, ധരംവീർ സിങ്- ഹോക്കി, ബി.സി.സുരേഷ്-കബഡി, നിർ ബഹാദൂർ ഗുരൂംഗ് -പാരാ അത്ലറ്റിക്സ്.