- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് തേനിയിൽ നിന്നും കൊണ്ടു വന്ന പച്ചക്കറി വള്ളിക്കോട് ജങ്ഷനിൽ തുച്ഛവിലയ്ക്ക് കൊടുത്തത് ചാക്കു കണക്കിന്; എസ്എഫ്ഐയിലൂടെ പാർട്ടിക്കാരുടെ കണ്ണിലുണ്ണി: അഖിൽ സജീവ് അറസ്റ്റിലാകുമ്പോൾ ഭൂതകാലം ഓർത്ത് നാട്ടുകാർ
പത്തനംതിട്ട: വള്ളിക്കോട്ടുകാരൻ അഖിൽ സജീവ് ഇത്ര വലിയ തട്ടിപ്പുകൾ നടത്തിയെന്ന വാർത്തകൾ കേട്ട് സ്വന്തം നാട്ടുകാർ മൂക്കത്തു വിരൽ വയ്ക്കുന്നു. അല്ലറ ചില്ലറ ഉഡായിപ്പുകൾ അഖിലിനുണ്ടെന്ന് നാട്ടുകാർക്ക് അറിയാം. പക്ഷേ, അതിന്റെ വ്യാപ്തി കേരളവും കടന്നു പോയെന്ന് അറിയുന്നത് ഇപ്പോൾ മാത്രം.
വള്ളിക്കോട് വായനശാലാ ജങ്ഷനിൽ നിന്നും കൈപ്പട്ടൂരിലേക്ക് പോകുന്ന വഴിയിൽ കഷ്ടിച്ച് 50 മീറ്റർ സഞ്ചരിച്ചാൽ അഖിലിന്റെ വീടായി. ഇതിപ്പോൾ പൂട്ടിക്കിടക്കുന്നു. നിരവധി കേസുകളിൽ പ്രതി ആയതിനാൽ സമൻസുകൾ നിരവധി വീടിന്റെ കതകിൽ കാണാം. അച്ഛനുമമ്മയും മരിച്ചു പോയതിനാൽ അമ്മാവന്മാരുടെ സംരക്ഷണയിലായിരുന്നു വിദ്യാഭ്യാസവും മറ്റും. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിൽ വന്നു. പഠനം കഴിഞ്ഞ വിദേശത്ത് ജോലിക്ക് പോയെങ്കിലും മടങ്ങി വന്നു. വീണ്ടും രാഷ്ട്രീയത്തിലേക്ക്. ഇതോടെ സിപിഎം നേതാക്കളുടെ കണ്ണിലുണ്ണിയും സന്തത സഹചാരിയുമായി. സ്വന്തം നാട്ടുകാരനായ സിഐടിയു മുൻജില്ലാ സെക്രട്ടറി പിജെ അജയകുമാർ അഖിലിനെ സിഐടിയു ഓഫീസ് സെക്രട്ടറിയായി. അന്നു തന്നെ അല്ലറ ചില്ലറ ഉഡായിപ്പുകൾ തുടങ്ങി.
മകനെ ഗൾഫിൽ വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടുകാരന്റെ അമ്മയുടെ സ്വർണമാല വാങ്ങി പണയം വച്ചു. പിന്നീട് അത് തിരിച്ചു കിട്ടിയില്ല. രണ്ടു തവണ മകനെ ഗൾഫിലേക്ക് അയയ്ക്കാൻ വീട്ടമ്മ അഖിലിന്റെ വാക്കു കേട്ട് സാധനങ്ങൾ പായ്ക്ക് ചെയ്തു. പിന്നീട് വിവരമൊന്നുമില്ല. ഇതിനിടെ താഴൂർക്കടവ് മുക്കിന് സമീപത്ത് കടലമ്മ എന്ന പേരിൽ മത്സ്യക്കച്ചവടം തുടങ്ങി. കുറഞ്ഞ വിലയിൽ പിടയ്ക്കണ മീൻ കൊടുത്തതോടെ കടയുടെ മുന്നിൽ തിരക്കേറി. അഖിൽ പലപ്പോഴും കാണാമറയത്ത്. സുഹൃത്തുക്കളായ പാർട്ടിക്കാർ കടയുടെ നിയന്ത്രണം ഏറ്റെടുത്തു. ഒടുവിൽ വിലക്കുറവിന്റെ കടലമ്മയുമായി അഖിലും കൂട്ടരും മുങ്ങി. ആ വകയിൽ വലിയ സാമ്പത്തിക നഷ്ടം തുടർന്നു.
സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കേ നിരവധി സാമ്പത്തിക തട്ടിപ്പുകൾ ഇയാൾ നടത്തിയെന്ന് പരാതി ഉയർന്നു. ഒക്കെയും പാർട്ടി സ്വാധീനത്താൽ പൂഴ്‌ത്തി വച്ചു. ഇതിനിടെയാണ് കോവിഡ് വരുന്നത്. ആ കാലഘട്ടത്തിൽ തേനിയിൽ നിന്ന് നേരിട്ട് പാണ്ടി ലോറിയിൽ പച്ചക്കറി ഇറക്കി കച്ചവടം തുടങ്ങി. മത്സ്യകടയിലേത് പോലെ ചുരുങ്ങിയ വിലക്ക് ചാക്കു കണക്കിന് പച്ചക്കറി വാരി വിതറി. നാട്ടുകാർ പച്ചക്കറിക്കായി വരി നിന്നു. ഒടുവിൽ അതും നഷ്ടക്കണക്കിൽ അവസാനിച്ചു. സിഐടിയു ജില്ലാ സെക്രട്ടറിയുടെ സാരഥിയായിട്ടാണ് പിന്നീട് അഖിലിനെ പലരും കണ്ടത്. ഇതിനിടെ ഈ നാട്ടിലും ജില്ലയ്ക്ക് വെളിയിലുമായി നിരവധി പേരിൽ നിന്നും അഖിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി. ഇവരിൽ ചിലർ പിന്നീട് അഖിലിന്റെ വീട് അടിച്ചു തകർത്തു. ഉള്ളിലുണ്ടായിരുന്ന സാധനങ്ങൾ എടുത്തു കൊണ്ടു പോവുകയും ചെയ്തു. വിവാഹിതനായ അഖിലിന് ഒരു കുട്ടിയുമുണ്ട്.
കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ അഖിൽ ബന്ധങ്ങളുണ്ടാക്കി. വാക്ചാതുരിയിൽ ആരെയും വീഴ്‌ത്താൻ മിടുക്കനാണ്. അതാണ് കേരളത്തിലങ്ങോളമിങ്ങോളം ബന്ധങ്ങൾ ഉണ്ടാക്കാൻ അഖിലിനെ സഹായിച്ചത്. ഇപ്പോഴും നാട്ടുകാർ ചോദിക്കുന്നു. ഇവൻ തട്ടിയെടുത്തത് കോടികളാണെന്ന് പറയുന്നു. എന്നിട്ട് ആ പണം എവിടെ? ആരു കൊണ്ടു പോയി? എന്തു കൊണ്ട് തട്ടിപ്പ് നടത്തിയ പണം കൊണ്ട് എന്തേ കടം വീട്ടിയില്ല? നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടും അഖിലിനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നും തടയിട്ട ഉന്നതർ ആരൊക്കെയോ ഉണ്ട്. അവരെ കണ്ടെത്തണമെന്നും നാട്ടുകാർ പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്