തൃശൂര്‍: ആ നാടോടികളുടെ ജീവനെടുത്ത ലോറി അപകട ശേഷവും മുമ്പോട്ട് കുതിച്ചു. സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു ഡൈവറുടേയും ക്ലീനറുടേയും ലക്ഷ്യം. രണ്ടു പേരും മദ്യലഹരിയില്‍ ആയിരുന്നു. നാട്ടുകാര്‍ക്ക് പിടി കൊടുക്കാതിരിക്കാന്‍ മുമ്പോട്ട് പോയവര്‍ക്ക് മുന്നില്‍ വീണ്ടും റോഡിലെ ബ്ലോക്ക് എത്തി. ഇതോടെ ലോറി മുമ്പോട്ട് പോകാത്ത അവസ്ഥ വന്നു. ഇതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. അതായത് അപകമുണ്ടാക്കിയിട്ടും അവരെ രക്ഷപ്പെടുത്താതെ സ്ഥലം കാലിയാക്കാനായിരുന്നു ബിഗ് ഷോ എന്ന ലോറിയുടെ ഡ്രൈവറും ക്ലീനറും ശ്രമിച്ചത്. തടി കയറ്റി വന്ന ലോറി അമിത വേഗതയിലായിരുന്നു. ബാരിക്കേഡിനെ ഇടിച്ചു തകര്‍ത്ത് മുമ്പോട്ടു വന്ന ലോറി അമ്പത് മീറ്റര്‍ അകലെ കിടന്നുറങ്ങിയ നാടോടികളുടെ ജീവനാണ് എടുത്തത്. സാധാരണ ഇവര്‍ റോഡിന് മറുഭാഗത്താണ് കിടന്നിരുന്നത്. എന്നാല്‍ തൃപ്രയാര്‍ ഏകാദശി കാരണം ആ ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയും മറ്റും ചെയ്യേണ്ടതുണ്ടായിരുന്നു. അതു കൊണ്ട് അവര്‍ രാത്രിയില്‍ വാഹനം വരില്ലെന്ന് ഉറപ്പമുള്ള മറ്റൊരിടം കണ്ടെത്തി. അവിടെ സുഖമായി കിടന്നുറങ്ങുമ്പോള്‍ മദ്യ ലഹരിയില്‍ ക്ലീനര്‍ ഓടിച്ച ആ ലോറി വില്ലാനായി എത്തുകയായിരുന്നു.

ഈ പ്രദേശത്ത് കാലാകാലങ്ങളായി കഴിയുന്നവരാണ് ഈ നാടോടികള്‍. മൂന്ന് മാസമായി ഇവിടെ ഇരുണ്ട്. സംഘത്തിലെ പുരുഷന്മാര്‍ നാട്ടു പണിക്ക് പോകും. അമ്മി പണിയും മറ്റും ചെയ്തായിരുന്നു ജീവിതം. നാട്ടുകാര്‍ക്കും ഇവരെ കുറിച്ച് പരാതികളൊന്നും ഉണ്ടായിരുന്നില്ല. മൂന്ന് മാസം തുടര്‍ച്ചയായി ഒരു മേഖലയില്‍ തമ്പടിച്ച് പണിയെടുക്കും. പാലക്കാട് അതിര്‍ത്തിയിലുള്ള ഗോവിന്ദാപുരത്തുകാര്‍ റോഡിന് സമീപമാണ് കിടന്നുറങ്ങറുള്ളത്. റോഡ് പണി തുടങ്ങിയിട്ട് കാലങ്ങളായി. കണ്ണൂരില്‍ നിന്നു കൊച്ചിയിലേക്കാണ് ആ ലോറി പോയത്. പതിനൊന്ന് പേരാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ അഞ്ചു പേര്‍ മരിച്ചു. ഗോവിന്ദാപുരം ചെമ്മണംതോട് കോളനി നിവാസികളാണ് അപകടത്തില്‍ പെട്ടത്. വണ്ടി ഓടിച്ചിരുന്നത് ലോറി ക്ലീനറായ അലക്‌സാണ്. ഇയാള്‍ക്ക് ലൈസന്‍സും ഇല്ല. നാട്ടുകാരാണ് ഇയാളെ തടഞ്ഞ് പോലീസിന് കൈമാറിയത്. ലോറി ഡ്രൈവര്‍ ജോസും പോലീസ് കസ്റ്റഡിയിലായി. ആറടി ഉയരമുള്ള ബാരിക്കേഡാണ് തകര്‍ത്ത് ലോറി അപകടമുണ്ടാക്കിയത്.

ശിവാലയ കണ്‍സ്ട്രക്ഷന്‍സാണ് ഈ മേഖലയില്‍ റോഡ് പണി നടക്കുന്നത്. മിക്കവാറും ദിവസം പണി പൂര്‍ത്തിയാക്കുന്നത് അനുസരിച്ച് ഗതാഗത നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തും. ശബരിമല സീസണായതു കൊണ്ട് തന്നെ റോഡിലെ പണി തിരിച്ചറിയാന്‍ ബാരിക്കേഡുകളും ഉണ്ടായിരുന്നു. പലപ്പോഴും ശ്രദ്ധ തെറ്റിയാല്‍ ഇരുട്ടായതിനാല്‍ ഇത് കണ്ണില്‍ പെടാതെ പോകും. ആറടി ഉയരുമുള്ള ബാരിക്കേഡുകളാണ് അപകടമുണ്ടായ സ്ഥലത്ത് സ്ഥാപിച്ചിരുന്നത്. ഈ ബാരിക്കേഡാണ് ലോറി ഇടിച്ചു തകര്‍ത്തത്. രാത്രിയായതിനാല്‍ സാധാരണ ഈ റോഡിലെ വാഹനങ്ങള്‍ക്ക് അമിത വേഗത പതിവാണ്. ഇതിനൊപ്പം ക്ലീനറുടെ മദ്യ ലഹരിയും ലോറിയെ ബാരിക്കേഡില്‍ ഇടിച്ചിട്ടും നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് എത്തിച്ചു. മരിച്ചവരില്‍ കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (4) എന്നിവരെ തിരിച്ചറിഞ്ഞു. ഹൈവേയില്‍ ടെന്റു കെട്ടി താമസിച്ചവരാണ് അപകടത്തില്‍പ്പെട്ടതെന്നു പൊലീസ് പറഞ്ഞു. മദ്യലഹരിയില്‍ ഡൈവേര്‍ഷന്‍ ബോര്‍ഡ് ഡ്രൈവര്‍ കാണാതിരുന്നതാണ് അപകടകാരണം.

വാഹനത്തിന്റെ ക്ലീനര്‍ ആയ കണ്ണൂര്‍ ആലങ്കോട് സ്വദേശി അലക്‌സിനെയും ഡ്രൈവര്‍ ജോസിനെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. അലക്‌സ് മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ചൊവ്വാഴ്ചയായിരുന്നു. അതുകൊണ്ട് തന്നെ ക്ഷേത്രത്തിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കാതിരിക്കാന്‍ വേണ്ടിയാണ് പണി നടക്കുന്ന വാഹനങ്ങള്‍ കടന്നു വാരന്‍ സാധ്യതയില്ലാത്ത റോഡില്‍ നാടോടികള്‍ കിടന്നുറങ്ങിയത്. ഉത്സവ ദിവസമായതു കൊണ്ട് തന്നെ പ്രദേശത്ത് ആളുകളും പോലീസും എല്ലാം ഉണ്ടായിരുന്നു. അതിനാല്‍ അതിവേഗ രക്ഷാ പ്രവര്‍ത്തനവും സാധ്യമായി. എന്നാല്‍ ലോറി കയറി ഇറങ്ങിയവരെല്ലാം തല്‍ക്ഷണം മരിച്ചു. എല്ലാവരേയും അവിടെ നിന്നും മാറ്റിയ ശേഷം സ്ഥലം മറയ്ക്കുകയും ചെയ്തു.

തൃശൂര്‍ നാട്ടികയില്‍ പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. തടി കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് ഉറങ്ങിക്കിടന്നവരുടെ ഇടയിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. നാടോടി സംഘത്തിലുള്ളവരാണ് മരിച്ചത്.നാട്ടിക ജെ കെ തിയേറ്ററിനടുത്ത് ദേശീയ പാതയില്‍ മേല്‍പ്പാലത്തിലാണ് അപകടമുണ്ടായത്. മേല്‍പ്പാലത്തിന്റെ പണി നടക്കുന്നതിനാല്‍ ബാരിക്കേഡുകൊണ്ട് കെട്ടിമറച്ചിട്ടുണ്ടായിരുന്നു. ഇവിടേയ്ക്കാണ് കണ്ണൂരില്‍ നിന്ന് കൊച്ചി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന തടിലോറി ഉറങ്ങിക്കിടക്കുകയായിരുന്ന പതിനൊന്നുപേരുടെ മുകളിലേയ്ക്ക് പാഞ്ഞുകയറിയത്.

അഞ്ചുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു. ആറുപേരെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവര്‍ വര്‍ഷങ്ങളായി പ്രദേശത്ത് ജോലി ചെയ്ത് കഴിഞ്ഞുവന്നവരായിരുന്നു. മദ്യലഹരിയിലായിരുന്ന ക്‌ളീനറാണ് ലോറി ഓടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ ജോസും ക്‌ളീനര്‍ കണ്ണൂര്‍ ആലങ്കോട് സ്വദേശി അലക്സും (33)അറസ്റ്റിലായി. അപകടം നടന്നയിടത്ത് സൂചനാബോര്‍ഡുകളും ഉണ്ടായിരുന്നു.